28 ഡിസംബർ 2009

കിടിലന്‍ യാത്ര

"ഡാ ഈ കൊട എടുത്തോ, മഴ ഇനീം പെയ്യും", അച്ഛന്‍ കുട എന്നെ പിടിപ്പിച്ചു.

"ഈ നരച്ച ടീഷര്‍ട്ട്‌ ഇട്ടിട്ടാണോ പൊണേ, നൊക്ക്യേടി അവന്റെ ഒരു പാട്‌", അടുത്ത കമന്റ്‌ ഉടന്‍ തന്നെ വന്നു.

ഞാന്‍ നിറം മങ്ങിയ ആ പഴയ കണ്ണാടിയുടെ അടുത്തു ചെന്നു നിന്നു.
"ങേ, അങ്ങനെയുണ്ടോ? ഹേയ്, കൊഴപ്പൊന്നുല്ല.. എന്നാലും എന്തോ ഒരു ചെറിയ പന്തികേട്‌..", കണ്ണാടി പറഞ്ഞു.
പുതിയ ഒരു ഷര്‍ട്ടെടുത്തിട്ടു ഞാന്‍ പ്രശ്നം പരിഹരിച്ചു.
വലിയ ബാഗ് തോളിലിട്ടിറങ്ങിയപ്പോള്‍ ചേച്ചി,
"ഡാ, ഇതെന്റെ ചേട്ടന്‍ വാങ്ങി തന്ന ബാഗ് അല്ലെ..?"
 "ഉം.. അതെ."
ചേച്ചിയുടെ മുഖത്ത്‌ ഒരു സംതൃപ്തി മിന്നി മാഞ്ഞു.

സമയം വെളുപ്പിന്‌ 5.00 മണി. സുഹൃത്തിന്റെ വിവാഹനിശ്ചയം 11.30 നാണ്‌. അങ്ങു മേപ്പാടിയിലെത്തണം. വ്യക്തമായ ഒരു പ്ലാന്‍ മനസ്സിലുണ്ടായിരുന്നു - പോകേണ്ട വഴി - എത്തേണ്ട സമയം - എന്നിങ്ങനെ.

കൊടുങ്ങല്ലൂര്‍-ബത്തേരി ബസ്സില്‍ കയറുന്നു, ബസ് കോഴിക്കോടെത്തുന്നു, ഒരു സുഹൃത്ത് അവിടെ നിന്നും അനുഗമിയ്ക്കുന്നു, ചൂണ്ടേല്‍ ഇറങ്ങുന്നു, മേപ്പാടിയ്ക്കു പോകുന്നു, പിന്നെ എരുമക്കൊല്ലി.

ഒരു യാത്ര ചെയ്യാനുള്ള ഉത്സാഹത്തോടെ ഞാന്‍ ബസ്‌സ്റ്റോപ്പിലെത്തി. ഇനിയും 20 മിനിട്ട്‌ കഴിയണം ആ ആര്‍ഭാടക്കാരന്‍ എ.സി ബത്തേരി ബസ് വരാന്‍.
"ഹാവൂ, എന്തായാലും സുഖമായി ഇരുന്നു പോകാം" (ആത്മഗതം)

അല്പം കഴിഞപ്പോള്‍ സ്ഥിരം സഹയാത്രികരായ രണ്ട്‌ വൃദ്ധന്മാര്‍ എത്തി. ഒരാള്‍ മിതഭാഷിയാണ്‌. എനിക്ക്‌ കൂടുതല്‍ അടുപ്പമുള്ളയാള്‍ സംസാരപ്രിയനാണ്‌. എന്നു വച്ചാല്‍ നല്ല ഒന്നാന്തരം കത്തി. പുലര്‍ന്നു വരുന്ന സമയം ആയതുകൊണ്ട്‌ ഞാന്‍ കത്തിയുടെ മൂര്‍ച്ച പരിശോധിയ്ക്കാറില്ല. എല്ലാം മൂളിക്കേള്‍ക്കാറേ ഉള്ളൂ.

"ബത്തേരി ബസ് ഇവട്യൊന്നും നിര്‍ത്തില്ല", അയാള്‍.

"ങാ.. പിന്നേ.. ഞാന്‍ ഇവടന്നു എത്ര തവണ കേറീട്ടുള്ളതാ, നിര്‍ത്തൂലാന്നു പറയാന്‍ ഇങ്ങളാണോ ഇതിന്റെ ഡ്രൈവര്‍" (ആത്മഗതം)

ഒരു പുന്ചിരി ഞാന്‍ ഉള്ളില്‍ സൂക്ഷിച്ചു, പാവം പ്രായമായിട്ടുള്ള ആളുകള്‍ പറയുമ്പോള്‍ തര്‍ക്കിക്കാന്‍ പോകേണ്ട കാര്യമുണ്ടോ. മിണ്ടാതിരിയ്ക്കാം, എന്നിട്ട്‌ ഗുരുവായൂര്‍ ബസില്‍ കയറാതെ, ബത്തേരി ബസ്സിന്‌ കാത്തു നില്ക്കാം.

കൃത്യം 5.30 ന്‌ സ്റ്റോപ്പിനു എതിര്‍വശത്തുള്ള ക്ഷേത്രത്തിന്റെ നട തുറന്നു.
"പഞ്ചമുഖ ഗണപതീ..", സ്ഥിരം ഭക്തിഗാനം ഒഴുകി വന്നു.

ഗുരുവായൂര്‍ ബസ്സ് പ്രതീക്ഷയോടെ എന്റെ മുന്നില്‍ വന്നു നിന്നു.
"എന്താ കേറുന്നില്ലെ?", ബസ്സ് ചോദിച്ചു.
"ഇല്ല, ഞാന്‍ ആ ബത്തേരി ബസ്സില്.."
"ഉം.", ബസ് വിദൂരതയില്‍ അപ്രത്യക്ഷമായി.

ഞാന്‍ പ്രതീക്ഷയോടെ വീണ്ടും കാത്തു നിന്നു. അല്പം കഴിഞ്ഞപ്പോള്‍ ആര്‍ഭാടക്കാരന്റെ LED സ്ഥല സൂചിക കണ്ടു തുടങ്ങി. ഞാന്‍ തയ്യാറെടുപ്പോടു കൂടി റോഡിനോടു ചേര്‍ന്നു നിന്നു.

കൈ കാണിയ്ക്കാന്‍ പാകത്തിനെത്തിയപ്പോള്‍ എന്റെ വലിയ ബാഗ് കാണുന്ന വിധത്തില്‍ റോഡിലേയ്ക്കിറങ്ങി നിന്നു കൈ 360 ഡിഗ്രി കറക്കി, ഒരു ചെറുപുന്ചിരിയോടെ.
ഇത്തിരി ഓടാനുള്ള തയ്യാറെടുപ്പും നടത്തിയിരുന്നു..

ഒരു കാറ്റടിച്ചതേ ഓര്‍മ്മയുള്ളൂ. കണ്ട ഭാവം നടിയ്ക്കാതെ ആ അഹങ്കാരി കടന്നു കളഞ്ഞു.

"ഹെന്ത്!", അതു സംഭവിച്ചിരിയ്ക്കുന്നു.
"അയ്യോ.. ന്റെ ഗുരുവായുരു ബസ്സും പോയി, ബത്തേരി ബസ്സും പോയി" (ഗദ്ഗദം)

"ഇപ്പോ എന്തായി?", ആ വൃദ്ധന്‍ ഇതു പറയാനായി മാത്രം മനസ്സിലേയ്ക്കോടി വന്നു. എന്നിട്ടു പെട്ടെന്ന്‌ അപ്രത്യക്ഷ്‌നായി.

ഒച്ചിനെപ്പോലും ലജ്ജിപ്പിയ്ക്കുന്ന വിധത്തിലായിരുന്നു അടുത്ത ബസ്സിന്റെ രംഗപ്രവേശം.
"ഒന്നു വേഗം പൊക്കൂടേ?", ഞാന്‍ ചോദിച്ചു.
"വയ്യ, രാവിലെ തന്നെ.. എനിക്കിങ്ങനെ ഒക്കെയെ പൊകാന്‍ കഴിയൂ..", ബസ്സ് പറഞു.
ഞാന്‍ നിരാശയോടെ പുറത്തേയ്ക്കു നോക്കിയിരുന്നു.

6.35 നാണ്‌ ഗുരുവായൂരു നിന്നുള്ള അടുത്ത കോഴിക്കോട് ബസ്സ്. ചെറിയ ഒരിടവേളയില്‍ ഞാന്‍ ഒരുള്ളിവടയും ചായയും കഴിച്ചു. പത്ത് രൂപ കടക്കാരന്റെ കയ്യില്‍ കൊടുത്തിട്ട്‌ പ്രതീക്ഷയോടെ ഞാന്‍ അയാളുടെ മുഖത്തേയ്ക്കു നോക്കി.

ചായയ്ക്ക് നാലു രൂപ, ഉള്ളിവടയ്ക്കു കൂടിപ്പോയാല്‍ നാലു രൂപ, അതാണല്ലോ പെട്ടിക്കടകളിലുള്ള സാധാരണ ഏര്‍പ്പാട്‌.

"ചായയ്ക്കഞ്ചു, വടയ്ക്കഞ്ചു, അഞ്ചുവഞ്ചും പത്ത്‌", തൃശൂര്‍ ശൈലിയില്‍ മറുപടി കിട്ടിയപ്പോള്‍ ഞാന്‍ സംതൃപ്തനായി ബസ്സിനടുത്തേയ്ക്കു നീങ്ങി.

ചന്ദനത്തിരിയുടെ രൂക്ഷമായ ഗന്ധം എന്റെ നാസികയിലേയ്ക്കിരച്ചു കയറി.

"ഹയ്യോ..! ഈ നശിച്ച ചന്ദനത്തിരി" (ആത്മഗതം)

ഞന്‍ ഇരിയ്ക്കാറുള്ള ഇടതു വശത്തെ ഇരട്ട സീറ്റ് എന്നെ മാടി വിളിച്ചു.
ബാഗ് എടുക്കാനുള്ള reminder വച്ച ശേഷം ഞാന്‍ സീറ്റില്‍ ഒതുങ്ങിക്കൂടി.

9 മണിയ്ക്കു വരാന്‍ പറഞ്ഞ സുഹൃത്തിന്‌ ഞാന്‍ sms അയച്ചു, "eda enikkoru pottatharam patti.. batheri bus miss aayi.. nee 9.30 nu vannaal mathi. ksrtc bus standil.."

ഉടന്‍ തന്നെ മറുപടി വന്നു, "Sari pottaa."

ബസ്സിനകത്ത് "ഭക്തിസാന്ദ്രമായ" അന്തരീക്ഷമായിരുന്നു. ബസ്സ് ജീവനക്കാരുടെ പ്രിയപ്പെട്ട വീഡിയോ ഭക്തിഗാനങ്ങള്‍ നിര്‍ലോഭം ഒഴുകി വന്നു.
ഇടയ്ക്കൊരു പാട്ടിനു നല്ല കേട്ടു മറന്ന ഈണം.

"കറുപ്പാരെ കയ്യാലെ എന്നെ പുടിച്ചാ..
കാതല്‍ ഏന്‍ കാതില്‍.."

അതെ അതു തന്നെ.. ഞാന്‍ ചിരിയമര്‍ത്തി കണ്ണുമടച്ചു കിടന്നു.

സിനിമയും പാട്ടുമൊക്കെയായി കോഴിക്കോടെത്തിയപ്പോള്‍ സമയം 9.30 ആയി.

സുഹൃത്തിനോടൊപ്പം K.S.R.T.C ബസ്സിനടുത്തെത്തി ഞങ്ങള്‍ സമയവിവരങ്ങള്‍ ആരാഞ്ഞു.

"ചൊരത്തിന്റവടെ ബ്ലോക്കില്ലെങ്കി ചൂണ്ടേല്‍ ഒരൊന്നര മണിക്കൂറോണ്ടെത്തും. ബ്ലോക്കില്ലെങ്കി മാത്രം, ബ്ലോക്കുണ്ടെങ്കി പിന്നെ ഒന്നും പറയാന്‍ പറ്റില്ല", ആ നല്ല ഡ്രൈവര്‍ പറഞ്ഞു
.
"ചോറ്  തീരുന്നതിനു മുമ്പെങ്കിലും എത്ത്വോ", ഞങ്ങല്‍ പരസ്പരം ആശങ്കകള്‍ കൈമാറി മുന്‍വശത്തുള്ള സീറ്റില്‍ ഇരിപ്പുറപ്പിച്ചു.

"Basically Rich" ആയ എന്റെ സുഹൃത്ത് ടിക്കറ്റെടുത്തു.

അടിവാരം എത്തിയപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ കുട്ടിയെയും എടുത്തു കൊണ്ടു വന്നു.
"ഞാന്‍ ഇവിടെ ഇരിക്കും.." എന്ന ഭാവത്തോടെ.
ഞാന്‍ ഗോഷ്ടികള്‍ കാണിച്ചു കൊണ്ടു പറയാന്‍ ശ്രമിച്ചു, "എണീയ്ക്കെണ്ടടാ അഡ്ജസ്റ്റ്‌ ചെയ്താല്‍ മതി.."
പക്ഷെ അപ്പോഴേയ്ക്കും അവന്‍ എഴുന്നേറ്റു കഴിഞ്ഞിരുന്നു. ഞാന്‍ അടുത്തിരുന്ന ആളെ അവജ്ഞയോടെ നോക്കി, എന്റെ അതൃപ്തി കാണിയ്ക്കുവാന്‍ വേണ്ട മുഖഭാവങ്ങളൊക്കെ യഥാസമയം മിന്നിമാഞ്ഞു.

"എവിടെയാ ഇറങ്ങുന്നത്‌?", അയാള്‍ ചോദിച്ചു.
"അതറിഞ്ഞിട്ടു തനിക്കെന്താടോ?"(ആത്മഗതം)
"ചൂണ്ടേല്‍", ഞാന്‍ പറഞു.

അപ്പോഴാണ്‌ അയാളുടെ കൂടെ ഭാര്യയും വേറെ ഒരു കുഞ്ഞും കൂടിയുണ്ടെന്നു ഞാന്‍ മനസ്സിലാക്കിയത്‌. ഞാനും സുഹൃത്തിന്റെ പാത പിന്തുടര്‍ന്നു.
"അവരിവടെ ഇരുന്നോട്ടെ", ഞാന്‍ വാതിലിനടുത്തേയ്ക്കു പോയി, അവന്‍ അവിടെ നില്‍ക്കുകയായിരുന്നു.

"ദേ.. താമരശ്ശേരി ചൊരം!"
പെട്ടെന്നായിരുന്നു പുതിയ ഒരു പ്രതീക്ഷ മനസ്സില്‍ വന്നത്‌. ചുരത്തിന്റെ ഭംഗി മുഴുവന്‍ വാതില്‍പടിയില്‍  നിന്ന്‌ ആസ്വദിയ്ക്കുക.

ഇടയ്ക്കിടയ്ക്കു നല്ല ഭംഗിയുള്ള ചെമന്ന മുഖമുള്ള കുരങ്ങന്മാര്‍, അവരുടെ നിഷ്കളങ്കമായ ചേഷ്ടകള്‍. അമ്മയുടെ മാറത്ത് ഒട്ടിപ്പിടിച്ചിരിയ്ക്കുന്ന കുട്ടിക്കുരങ്ങ്‌, കൂറ്റന്‍ മലകള്‍, ഭയപ്പെടുത്തുന്ന ആഴങ്ങള്‍, അത്ഭുതപ്പെടുത്തുന്ന ഉയരങ്ങള്‍.. എല്ലാം.. എല്ലാം.. ഹായ്... സീറ്റിലിരിക്കാന്‍ കഴിയാത്തതിന്റെ ഒരു വിഷമവും പിന്നീടുണ്ടായില്ല..

എന്റെ സുഹൃത്ത്‌ തികച്ചും സ്വാഭാവികമായി ക്ലീനറുടെ ജോലി ഇടയ്ക്കിടയ്ക്കു ഏറ്റെടുത്തു പോന്നു.

അങ്ങനെ ചൂണ്ടേല്‍ എത്തി. മേപ്പാടിയ്ക്കുള്ള ബസ് ഞങ്ങളെ കാത്തവിടെ തന്നെ കിടക്കുന്നുണ്ടായിരുന്നു. സാമാന്യം നല്ല തിരക്ക്‌.

"അന്ചു രൂപാ ടിക്കറ്റാ", വിവാഹനിശ്ചയമുള്ള സുഹൃത്തിന്റെ മൊഴി മനസ്സില്‍ മുഴങ്ങി. അധികം ചിന്തിച്ചു നില്ക്കാതെ ഓടിക്കയറി ബസ്സില്‍.

ചില്ലിനടുത്തിരുന്നിരുന്ന സ്ത്രീ ഡ്രൈവറോട്‌ നല്ല ചിരിയും സംസാരവും.

"ങാ.. സൊന്തക്കാരാവും" (ആത്മഗതം)

കുറച്ചു കഴിഞ്ഞപ്പോള്‍ അതാ എന്റെ സുഹൃത്ത്‌ വീണ്ടും സജീവമായിരിയ്ക്കുന്നു. വാതില്‍ തുറക്കുന്നു, അവന്‍ ഇറങ്ങുന്നു, സ്ത്രീകളെ കയറ്റുന്നു, വാതില്‍ അടയ്ക്കുന്നു. സ്വാഭാവികമായ അവന്റെ ഈ പ്രവൃത്തി ഞാന്‍ കൌതുകത്തോടെ നോക്കി നിന്നു.

"എങ്ങോട്ടാ പോകേണ്ടത്‌?", കണ്ടക്ടര്‍ ഞങ്ങളോട് ചോദിച്ചു.

"മേപ്പാടി ലാസ്റ്റ് സ്റ്റോപ്പാണെന്നു പറഞ്ഞതാണല്ലോ..! പിന്നെ എന്തിനാ ഇപ്പൊ ഇങനെ ഒരു ചോദ്യം? ഇതൊക്കെ അറിഞ്ഞിട്ട്‌ ഇപ്പൊ ഇയാക്കെന്താ കാര്യം?" (ആത്മഗതം)

"ഉം.. ഉം.. എരുമക്കൊല്ലി", ഞാന്‍ ഓര്‍ത്തെടുത്തു കൊണ്ടു പറഞ്ഞു.

"അതെയോ, ഇന്നാ ഇവടെ എറങ്ങിക്കൊ.. ഓട്ടോ കിട്ടും", അയാള്‍ പറഞ്ഞു.

ഇറങിക്കഴിഞതിനു ശേഷമാണ്‌ സുഹൃത്തിനോട്‌ അയാള്‍ക്കുണ്ടായിരുന്ന കൃതജ്ഞതയെക്കുറിച്ച്‌ എനിക്കു ബോധം വന്നത്‌. എനിയ്ക്കവനോട്‌ ബഹുമാനം തോന്നി.

ഓട്ടോയില്‍ കയറിയിട്ട്‌ സ്വന്തം നാട്ടില്‍ വന്നതു പോലെ പറഞ്ഞു, "ചേട്ടാ, ആ എരുമക്കൊല്ലി ഫേക്റ്ററീടെ അടുത്ത്‌".

ആ "ആ" മനപൂര്‍വം ഉപയോഗിച്ചതായിരുന്നു.

ഇരു വശത്തും നല്ല കാപ്പിത്തോട്ടങ്ങള്‍.. നല്ല തണുപ്പും. പെട്ടെന്നയാള്‍ ബ്രേക്കിട്ടു, "ദാ അതാ വീട്‌".

"ചേട്ടാ ഫേക്ടറി?"

ഞങ്ങള്‍ കൌതുകത്തോടെ ചോദിച്ചു. അയാള്‍ ഒരു വീട്‌ ചൂണ്ടിക്കാണിച്ചു.

ഞങ്ങളുടെ സംഭാഷണത്തില്‍ നിന്നും അയാള്‍ മനസ്സിലാക്കിയിരിയ്ക്കണം.

വീട്ടില്‍ കയറി, ചായ കുടിച്ചു. ഭാഗ്യം! പ്രതിശ്രുത വരന്റെ ആളുകള്‍ വന്നിട്ടില്ല.

അന്നവിടെ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ടു മഴ പെയ്തു. നല്ല മഴ.

പഴയ ഒരു സുഹൃത്ത് പറഞ്ഞു, "ഇവള്‍ തേങ കട്ടു തിന്നിട്ടൂണ്ടാവും അതാ മഴ.."
ഞാന്‍ അവനെ തിരുത്തി, "ഇതു വിവാഹനിശ്ചയമല്ലേ.. തേങ്ങയാവില്ല, കരിക്കാവും തിന്നിട്ടുണ്ടാവുക.."

ഒരു നല്ല "ചളി" പരസ്പരം പങ്കുവെച്ച ചാരിതാര്‍ത്ഥ്യത്തോടെ ഞങ്ങള്‍ ചിരിച്ചു.

ഞങ്ങള്‍ ഊണു കഴിഞ്‌ തിരിച്ചു നടക്കാന്‍ തീരുമാനിച്ചു. കാപ്പിത്തോട്ടങ്ങള്‍ക്കിടയിലൂടെ... മഴ പെയ്യുന്നുണ്ടായിരുന്നു. കുടയെടുത്തപ്പോള്‍ അച്ഛനെ ഓര്‍ത്തു.

സുഹൃത്ത്‌ ഒരു പാട്ടു പാടുന്നുണ്ടായിരുന്നു..
"വരന്റെ ചുണ്ടിലേതോ.."

എടാ.. "വരന്റെ" അല്ല "വരണ്ട", ഞാന്‍ തിരുത്തി.

"ങാ", അവന്‍ മൂളി.

കോഴിക്കോട്‌ ബസ്സിലൊക്കെ നല്ല തിരക്ക്‌. ഞങ്ങള്‍ വളരെ ബുദ്ധിപരമായി കല്‍പറ്റയ്ക്കു ബസ്സ് കയറി. കല്‍പറ്റ സ്റ്റാന്റിലാണ്‌ ഇറങ്ങിയത്‌. സമയം 4.00 മണി.

"ടൈം ഇഷ്ടം പോലെയുണ്ട്‌..", ഞങ്ങള്ക്കതു ബോധ്യമായി. ഒരു കടയില്‍ കയറി കോഴിക്കോടേയ്ക്കുള്ള ബസ്സിന്റെ സമയവിവരം അന്വേഷിച്ചു.

"എപ്പഴും ബസ്സല്ലേ..", കടക്കാരന്‍ പറഞ്ഞു.

സിനിമ കാണാനുള്ള ആശയം അങ്ങനെയാണ്‌ വന്നത്‌. ഉടന്‍ തന്നെ തൊട്ടടുത്തുള്ള "മഹാവീര്‍" തീയേറ്ററിലേക്ക്‌ നടന്നു.

"ചേട്ടാ, ഇതു ബാല്‍ക്കണിയ്ക്കുള്ള ക്യൂ ആണോ", ക്യൂവിലുള്ള ഒരാളോടു ഞങ്ങള്‍ ആരാഞ്ഞു.
അയാള്‍ അടുത്ത ആളോട്‌ ഇതേ ചോദ്യം ആവര്‍ത്തിച്ചു..!

പിന്നീട്‌ ക്യൂവില്‍ നില്ക്കുമ്പോള്‍ ഒരാള്‍ സുഹൃത്തിന്റെ അടുത്തു വന്നു ചോദിച്ചു, "ഒരന്ചു രൂപ തരുമോ".

"ഹെന്ത്‌!!! അടിച്ചു പൂസായ മുഖം! പൈസ ചോദിയ്ക്കാന്‍ വന്നിരിയ്ക്കുന്നു!!" (ആത്മഗതം)

സുഹൃത്ത്‌ കീശയില്‍ തപ്പി, "അയ്യോ ചേട്ടാ ചില്ലറയില്ല, ശരിയ്ക്കും ചില്ലറയില്ല"

അയാള്‍ കേണു, "അങ്ങനെ പറയരുത്‌...", എന്നൊക്കെ.
അവസാനം ഗതികെട്ടപ്പോള്‍ അവന്‍ പത്തു രൂപയെടുത്ത്‌ അയാളുടെ കയ്യിലെ ഒരു അന്ചു രൂപ തുട്ടെടുത്തു. അതിനുള്ള സ്വാതന്ത്ര്യം തീര്‍ച്ചയായും അവനുണ്ട്‌.
ഞങ്ങള്‍ വിചാരിച്ചു, പാവം സിനിമ കാണാന്‍ പൈസയില്ലാതെ.. എന്തെങ്കിലുമാവട്ടെ..

ഞാന്‍ പറഞ്ഞു "ഇവടത്തെ ആള്‍ക്കാരൊക്കെ എന്തു നീറ്റാ.. ഒരു തിക്കും തിരക്കുമില്ല". അവന്‍ അതു സമ്മതിച്ചു.
പെട്ടെന്നൊരു ബഹളം - ബാല്‍ക്കണി ടിക്കറ്റ് കഴിഞ്ഞു. ഞങ്ങള്‍ ഫസ്റ്റ് ക്ളാസ്സിന്റെ കൌണ്ടറിലേയ്ക്കോടിയെത്തിയപ്പോഴേയ്ക്കും അവിടെ ഒരു കൂട്ടം ആളുകള്‍ ഒരു ചെറിയ പൊത്തിലൂടെ കൈ ഇടാന്‍ മത്സരിയ്ക്കുന്നു. ഹാ!! എല്ലാവരും പുറത്തേയ്ക്കിറങ്ങാനുള്ള വഴിയിലൂടെയാണു അകത്തു കയറിയതെന്നുള്ള വസ്തുത അപ്പോഴാഅണ്‌ ബോദ്ധ്യമായത്‌!!. ഒരു കണക്കിനു ടിക്കറ്റും, ഞാനും, ബാഗും, സുഹൃത്തും പുറത്തു കടന്നു.

സിനിമ കണ്ട്‌, ചായയും കുടിച്ചിറങ്ങിയപ്പോള്‍ നേരം 7.00 മണി.. അവന്‍ വീണ്ടും പാടി..
"വരന്റെ ചുണ്ടിലേതോ.."
"എടാ വരന്റെ അല്ല വരണ്ട", ഞാന്‍ ശാസിച്ചു.

ബസ്സിലുള്ള ആളുകളുടെ മുഖഭാവം കണ്ട്‌ ഞങ്ങള്‍ രണ്ടു പേരും ഞെട്ടി.. ഒരു രണ്ടു മണിക്കൂര്‍ യാത്ര ചെയ്യാനുള്ള ഒരു ദൃഢനിശ്ചയവും, ആത്മവിശ്വാസവും, എല്ലാവരുടെയും മുഖത്തുണ്ടായിരുന്നു. കഥകള്‍ പറഞ്ഞും, നില്ക്കുന്നതിന്റെ വേവലാതികള്‍ പങ്കുവെച്ചും കോഴിക്കോടെത്തി.

അവന്‌ ഇനിയും 30 കി.മി യാത്ര ചെയ്യണം വീട്ടിലെത്താന്‍.. അതും നിന്നു കൊണ്ട്‌.

ഞാന്‍ ഓട്ടോയില്‍ കയറിയപ്പോള്‍ sms വന്നു. അവനിരിയ്ക്കാന്‍ സീറ്റ് കിട്ടിയെന്ന്‌.

ഓട്ടോ ഇറങ്ങിയപ്പോള്‍ ഞാന്‍ അറിയാതെ മൂളി, "വരന്റെ ചുണ്ടിലേതോ..!!"

30 നവംബർ 2009

"നീല"ത്താമര കാണാന്‍ വന്നവര്‍

ഏറെ പ്രതീക്ഷയോടെ ആയിരുന്നു ഞാന്‍ നീലത്താമര കാണാന്‍ ഒരുങ്ങിയത്‌. കുറേ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ നിര്‍മ്മിച്ച ഒരു സിനിമ പുനര്‍നിര്‍മ്മിച്ചത്‌ കാണാനുള്ള ഒരു കൌതുകം ഉണ്ടായിരുന്നു മനസ്സില്‍..വര്‍ണ്ണപ്പൊലിമ ഇല്ലാതിരുന്ന അറുപതുകളിലും നിറം മങ്ങാത്ത പ്രണയം ഉണ്ടായിരുന്നിരിയ്ക്കണം മനസ്സില്‍.. ഇന്നും പുതുമയും ജീവനും ഉള്ള പഴയ സിനിമയിലെ ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ ഇതു സത്യമാണെന്നു സമ്മതിയ്ക്കാതെ വയ്യ.

എഴുതിയത്‌ എം.ടി. ആണെങ്കില്‍ കഥയ്ക്ക്‌ നട്ടെല്ലുണ്ടാകുമെന്ന്‌ ഒരു സഹപ്രവര്‍ത്തകന്‍ പറയുമായിരുന്നു. നല്ല പാട്ടുകള്‍ കൂടി കേട്ടപ്പോള്‍ കാണാനുള്ള ആഗ്രഹം ഇരട്ടിയായി..

ഒരു സിനിമ കാണാന്‍ ഒരുങ്ങുമ്പോള്‍, ചിത്രത്തിനേക്കാള്‍ ഉപരി മറ്റു ചില കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് കഴിഞ്ഞ ദിവസം ഉണ്ടായ അനുഭവം എന്നെ പഠിപ്പിച്ചു. തരം താണു പോയ ആസ്വാദകവൃന്ദം തന്നെ കാരണം... വീട്ടിലിരുന്നു വ്യാജ സി ഡി ഉപയോഗിച്ച് സിനിമ കാണാതെ, തീയേറ്ററില്‍ പോയി സിനിമ കാണുന്നത്, ആസ്വാദനത്തിന്റെ പൂര്‍ണതയ്ക്കു വേണ്ടിയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം കോഴിക്കോടുള്ള ഒരു തീയേറ്ററില്‍ വെച്ചുണ്ടായ ഈ അനുഭവം, സിനിമ ആസ്വാദനം എത്ര മാത്രം തരം താഴാം എന്നതിന്റെ ഒരു പ്രദര്‍ശനം ആയി തോന്നി!

ഇവിടെ നഷ്ടപ്പെടുന്നത് ആസ്വാദനമാണ്.. ഇന്ന് തീയേറ്ററുകള്‍ അടക്കി വാഴുന്നത്, ആസ്വാദകരുടെ ചോര കുടിയ്ക്കുന്ന ചില വിഷ ജന്തുക്കള്‍ ആണ്. ഇവരെ അരസികരെന്നോ, കാമഭ്രാന്തന്മാര്‍ എന്നോ, എന്താണ് വിളിക്കുക?

കൂവുക, തരം താണ അഭിപ്രായ പ്രകടനങ്ങള്‍ മുഴുനീളം നടത്തുക, അമ്മയെയും പെങ്ങളെയും വക വെയ്ക്കാതെ സ്ക്രീനില്‍ തെളിയുന്ന സ്ത്രീകളുടെ ശരീരത്തെക്കുറിച്ച് വികൃതമായ കാമ വിചാരങ്ങള്‍ ഉറക്കെ പുലമ്പുക തുടങ്ങിയവയാണ് ഇത്തരം ആളുകള്‍ ചെയ്തു പോരുന്ന ചര്യകള്‍.

കോഴിക്കോടുള്ള തീയേറ്ററുകളില്‍ മാത്രമാണോ ഈ പുതുമയുള്ള സമ്പ്രദായം എന്നെനിക്കറിയില്ല..
ഒന്നും സാമാന്യവല്‍ക്കരിയ്ക്കാന്‍ എന്റെ ഈ കുറിപ്പിന് ഉദ്ദേശ്യമില്ല.. ഉണ്ടായ അനുഭവങ്ങള്‍ എഴുതുന്നു.. അത്ര മാത്രം..

സിനിമ തുടങ്ങിയപ്പോള്‍ തന്നെ മനസ്സിലായി, ഒരു ശതമാനം പോലും ഈ സദസ്സില്‍ ആസ്വാദനം സാധ്യമല്ല എന്ന്.. ഉറക്കെ ഉള്ള അഭിപ്രായ പ്രകടനങ്ങളും, തമ്മിലുള്ള സംസാരവും, ജല്പനങ്ങളും കാരണം ഒന്നും കേള്‍ക്കാന്‍ തന്നെ വയ്യ.. അല്പം കഴിഞ്ഞപ്പോള്‍ മനസ്സിലായി കുറെ പേര്‍ വന്നിരിയ്ക്കുന്നത് നീലത്താമര കാണാന്‍ അല്ല "നീല"ത്താമാര കാണാന്‍ ആണ് എന്ന്!

രണ്ടര മണിക്കൂര്‍... നായികയുടെ ദുരവസ്ഥയോര്‍ത്തു സഹതപിയ്ക്കാനെ കഴിഞ്ഞുള്ളു.. മുണ്ടും ബ്ലൌസും ധരിച്ചെത്തിയ നായികയെ ഒന്ന് കുനിയാന്‍ പോലും, കാണികള്‍ സമ്മതിച്ചില്ല. നായിക ഈ സദസ്സില്‍ ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ തീയേറ്ററിനകത്തു നിന്നും ഇറങ്ങി ഓടിയേനെ..

നായകന്‍റെ അടുത്തേയ്ക്ക് നീങ്ങുന്ന നായികയ്ക്ക് ഫുട്ബോളില്‍ ഗോള്‍ അടിയ്ക്കാന്‍ പോകുന്ന ആവേശത്തോടെയുള്ള ആരവങ്ങളായിരുന്നു കാണികള്‍ സമ്മാനിച്ചത്.. കഥയുടെ സ്വാഭാവികമായ ഗതിയില്‍ നായികയോട് സംസാരിയ്ക്കുന്ന വൃദ്ധനായ ഒരാളുടെ സംഭാഷണം പോലും ഇവര്‍ നായികയെ ഇക്കിളിപ്പെടുത്തുന്ന അശ്ലീലം പുരട്ടി വ്യാഖ്യാനിച്ചു രസിയ്ക്കുകയായിരുന്നു.

നീലച്ചിത്രങ്ങളും, നീലപ്പുസ്തകങ്ങളും സസുലഭം വാഴുന്ന ഇക്കാലത്ത് ഇത്തരത്തില്‍ അപൂര്‍വമായി വിരിയുന്ന നീലത്താമരകളെ പിച്ചി ചീന്തുന്നതെന്തിനാണ്? എന്ത് അസഹിഷ്ണുതയാണ് ഇത്തരം ഒരു പ്രഹസനത്തിനു ഇവരെ പ്രേരിപ്പിയ്ക്കുന്നത്? ഇത്തരം ആളുകള്‍ സ്വന്തം വീട്ടിലിരുന്നും ഇതേ പോലെ സിനിമ ആസ്വദിക്കുന്നുണ്ടാവുമോ? ഈ ചോദ്യങ്ങള്‍ ഇനിയും ബാക്കി..

സകല ഞരമ്പുകളും മുറുക്കിപ്പിടിച്ചു ശ്വാസം വിടാതെ സിനിമ ആസ്വദിയ്ക്കണം എന്നുള്ള അഭിപ്രായം ഒന്നും എനിക്കില്ല. മറ്റുള്ളവരെ ദ്രോഹിക്കാത്ത രീതിയിലുള്ള എന്താസ്വാദനവും നല്ലത്..
ഹൌസ് ഫുള്‍ ആയി പ്രദര്‍ശിപ്പിച്ച ആ സിനിമ എത്ര പേര്‍ ആസ്വദിച്ചു കാണും? തീര്‍ച്ചയായും ഈ ആളുകള്‍ മാത്രം ആസ്വദിച്ചിട്ടുണ്ടാവും..

നീലത്താമര മനോഹരമായിരിയ്ക്കും എന്നേ എനിയ്ക്ക് പറയാന്‍ കഴിയൂ..!നിറങ്ങളില്ലാത്ത പഴയ ആ നീലത്താമാരയെ മനോഹരമാക്കിയെങ്കില്‍, എത്ര മനോഹരമായിരിയ്ക്കണം അന്നത്തെ ആസ്വാദകവൃന്ദം.. ഒരു കാര്യം മനസ്സിലായി.. നീലത്താമരകള്‍ക്ക് നിറങ്ങള്‍ കൊടുക്കുന്നതില്‍ ആസ്വാദകസമൂഹവും ഒരു വലിയ പങ്കു വഹിയ്ക്കുന്നു.. സിനിമയും, സംവിധായകനും, നടനും, നടിയും, കഥയും മാത്രം പോരാ, ഇന്നൊരു നല്ല സിനിമ ആസ്വദിയ്ക്കാന്‍.. യോഗം വേണം, നല്ല ആസ്വാദകരെ കിട്ടാന്‍!!

കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഒരുമിച്ചിരുന്നു ആസ്വദിയ്ക്കുന്ന ഒരു സദസ്സില്‍ എങ്ങനെ പെരുമാറണമെന്ന് മനസ്സിലാക്കാന്‍ സാമാന്യ ബോധത്തില്‍ കൂടുതലായി വേറെ എന്തെങ്കിലും വേണോ? ഇതായിരിയ്ക്കണം പഴമക്കാര്‍ പറയുന്ന "പുതിയ തലമുറയുടെ അധപ്പതനം". ഇവിടെ മൃദുല വികാരങ്ങളും, സ്നേഹവും, സഹവര്‍ത്തിത്വവും ഒന്നും ഇല്ല.. വിഷബീജങ്ങളാണിവിടെ സുലഭം.. വൈകൃതങ്ങളുടെ വിഷബീജങ്ങള്‍..

ഒരു കാര്യം എന്തായാലും തീരുമാനിച്ചു..! ഇനി ഒരു നല്ല സിനിമ കാണാന്‍ മോണിംഗ് ഷോക്കെ പോകൂ..!! ഇരുട്ടിന്റെ മണമുള്ള ഇവര്‍ പകലൊക്കെ ഉറങ്ങുകയായിരിയ്ക്കും എന്നാ പ്രതീക്ഷയോടെ.. വിദ്വേഷം അല്ല ഇവരോട്.. സഹതാപം മാത്രം..

08 ഒക്‌ടോബർ 2009

ചേച്ചിയും കമ്മ്യൂണിസവും പരിപ്പുവടയും

ചീനിച്ചട്ടി ബുക്ക്ഡ്‌

ഇത് പറഞ്ഞത് ഒന്നുകില്‍ ഞാന്‍ അല്ലെങ്കില്‍ ചേച്ചി. ഇനി സന്ദര്‍ഭം - വീട്ടില്‍ വല്ല കടുക്കയോ അതോ ഫ്രൈ ചെയ്യുന്ന നല്ല മീനോ മറ്റോ വാങ്ങിക്കാണും.. അല്ലാതെന്താ!

അമ്മയ്ക്ക് എന്നോടുള്ള സോഫ്റ്റ്‌ കോര്‍ണര്‍ ‍(മൂടി വെച്ചത് ആണെങ്കിലും പലപ്പോഴും അതറിയാതെ പുറത്തു വരും) അറിയാമായിരുന്ന ചേച്ചി സ്വന്തം അവകാശങ്ങള്‍ നേടി എടുക്കുന്നതില്‍ പ്രത്യേക ശ്രദ്ധ കൊടുത്തിരുന്നു. അച്ഛന് ചേച്ചിയോടുള്ള  സോഫ്റ്റ്‌ കോര്‍ണര്‍ (മൂടി വെച്ചത് ആണെങ്കിലും പലപ്പോഴും അതും അറിയാതെ പുറത്തു വരും)അറിയാമായിരുന്ന ഞാനും അവകാശങ്ങള്‍ നേടി എടുക്കുന്നതില്‍ പ്രത്യേക ശ്രദ്ധ കൊടുത്തിരുന്നു..

അങ്ങനെ വീട്ടില്‍ കമ്മ്യൂണിസം വാണിരുന്ന കാലം.

മീന്‍ ഫ്രൈ ചെയ്ത ചീനിച്ചട്ടിയില്‍ ചോറ് പുരട്ടി കഴികുന്നത് ഒരു ത്രില്‍ ആയിരുന്നു. മസാല ഒക്കെ പിടിച്ചു നല്ല പരുവത്തിലായിരിയ്ക്കും മീന്‍ വറുത്ത ചീനിച്ചട്ടി..  ചീനിച്ചട്ടിക്കു അടിപിടി ആയി, പല കുറി യുദ്ധങ്ങള്‍ കഴിഞ്ഞു, അവസാനം ഞാനും ചേച്ചിയും ഒരു പരസ്പര ധാരണയില്‍ എത്തി. ചീനിച്ചട്ടി ബുക്ക്‌ ചെയ്യാം. ബുക്ക്‌ ചെയ്യേണ്ട സമയം, അച്ഛന്‍ മീന്‍ വാങ്ങി വരുന്നതിനും ഫ്രൈ ആക്കുന്നതിനും ഇടക്കുള്ള സമയം. അത് പ്രാവര്‍ത്തികമായി..

അങ്ങനെ ഇരിക്കെ ഒരു ദിവസം, പൊയില്‍ക്കാവിലെ ഫാസ്റ്റ് ഫുഡില്‍ നിന്നുള്ള പരിപ്പുവടയുടെ ഗന്ധം എന്നെയും ചേച്ചിയെയും ഒരു പോലെ ഹഠാതാകര്‍ഷിച്ചു. വീട്ടില്‍ നിന്നും ഫണ്ട്‌ പാസ്സായി. ഇരുപതു രൂപ. പത്ത് പരിപ്പുവട വാങ്ങാം. എനിക്കാണെങ്കില്‍ പരിപ്പ് വടയ്ക്ക് ഏറെ ആര്‍ത്തി ആണ് താനും.. വീട്ടിലെത്താന്‍ ഒന്നും ക്ഷമയില്ല. പരിപ്പ് വടയുടെ മണം എന്റെ മനം കവര്‍ന്നു. റോഡില്‍ കൂടി നടന്നു തിന്നാനും വയ്യ..
അവസാനം ഇടവഴി (ആരും അധികം വരാത്ത ഇടവഴി) തന്നെ പിടിച്ചു.. പതുക്കെ പൊതി അഴിച്ചു ഒരെണ്ണം തിന്നു തുടങ്ങി.. ഹായ്‌ നല്ല ടേസ്റ്റ്.. ഇടവഴി തീര്‍ന്നപ്പോഴേക്കും ഒരെണ്ണം തീര്‍ന്നു.. (സൈക്കിള്‍ സവാരി ആയതു കൊണ്ട് ഇടവഴിയില്‍ സൈക്കിള്‍ പതുക്കെ ഓടിച്ചു കൊണ്ടായിരുന്നു തിന്നത്‌‍..) അങ്ങനെ വളരെ സ്വാഭാവികമായി വീട്ടിലേക്കു തിരിച്ചെത്തി.

വീട്ടിലെത്തിയപ്പോള്‍ തന്നെ പൊതിയഴിച്ചു. ഞാന്‍ ഒരെണ്ണം തിന്ന കാര്യം പറയാന്‍ പോവുകയായിരുന്നു. പക്ഷെ അതിനു വളരെ മുന്‍പ് തന്നെ ചേച്ചിയിലെ കമ്മ്യൂണിസം ഉണര്‍ന്നിരുന്നു.
ആകെ ഒന്‍പതെണ്ണം. അഞ്ചെണ്ണം നീയും നാലെണ്ണം ഞാനും തിന്നുന്ന ഏര്‍പ്പടൊന്നും വേണ്ട.. നാലര എനിക്കും നാലര നിനക്കും. 

ങേ.. അങ്ങനെയെങ്കില്‍ അങ്ങനെ! (ആത്മഗതം)
ഓ.. അതിനെന്താ..

അന്ന്  വളരെ സമാധാനപരമായി പരിപ്പുവട തിന്നു തീര്‍ന്നു. ചേച്ചിയുടെ കമ്മ്യൂണിസ്റ്റ്‌ ചിന്താഗതി (അല്ലെങ്കില്‍ എന്റെ അത്യാര്‍ത്തി) കാരണം ഫലത്തില്‍ എനിക്ക്  അന്ന് അഞ്ചര പരിപ്പുവട കിട്ടി. പിന്നീടത്‌ കൂട്ടി ആറര വരെ എത്തിക്കാന്‍ എനിക്ക് കഴിഞ്ഞു..
യഥാര്‍ത്ഥ കമ്മ്യൂണിസത്തില്‍ പരിപ്പുവടയ്ക്കുള്ള - ഛെ..! തെറ്റി - പരിപ്പ്‌വടയുടെ കാര്യത്തില്‍ യഥാര്‍ത്ഥ കമ്മ്യൂണിസത്തിനുള്ള സ്ഥാനം അന്നെനിക്ക് ശരിക്കും ബോധ്യമായി..

30 സെപ്റ്റംബർ 2009

ആദ്യത്തെ ഗൂഢാലോചന

ആറാം ക്ലാസ്സില്‍ ക്ലാസ്‌ തുടങ്ങിയ സമയം.. സോഷ്യല്‍ സയന്‍സ് എന്റെ ഒരു പേടിസ്വപ്നമായിരുന്നു. ടീച്ചര്‍ ആണെങ്കില്‍ ഞെട്ടിക്കലാണ് .. ഇടക്കിടക്കു പറയും  ഒരു Surprise test നടത്തുമെന്ന്. പക്ഷെ, അങ്ങോട്ട്‌ "നടത്തി" കളയുമെന്ന് ഞാന്‍ തീരെ വിചാരിച്ചില്ല. ഒരു ദിവസം അത് സംഭവിച്ചു. ക്ലാസ്സ്‌ പരീക്ഷയല്ലേ.. അത്രയ്ക്ക് ശ്രദ്ധയൊന്നും ഞാന്‍ കൊടുത്തില്ല. ഒഴപ്പി.. സോഷ്യല്‍ സയന്‍സ് ബുക്ക്‌ കാണുമ്പോള്‍ തന്നെ മടി വരും!

കുട്ടികളെ കൊണ്ട് തന്നെ അന്യോന്യം ടീച്ചര്‍ ഉത്തരക്കടലാസ് നോക്കിച്ചു. പെട്ടെന്നായിരുന്നു ടീച്ചര്‍ ഒരു ഞെട്ടിപ്പിക്കുന്ന പ്രസ്താവന ഇറക്കിയത്...
  മാര്‍ക്ക്‌ കുറഞ്ഞവരൊക്കെ അച്ഛനേയോ അമ്മയേയോ കൊണ്ട് വരണം.

അയ്യോ.. ഈശ്വരാ.. കുടുങ്ങിയോ.. എനിക്കത് ആലോചിക്കാന്‍ കൂടി വയ്യ.. ഇതാദ്യമായാണ്, ഇതിനു മുമ്പ് ഇങ്ങനെ ഉണ്ടായിട്ടേ ഇല്ല..പേടിപ്പെടുത്തുന്ന ഒരു കുറ്റബോധം എന്നെ അടിമുടി വിറപ്പിച്ചു..

ഒരാഴ്ച കഴിഞ്ഞു.. കുറെ പേര്‍ അച്ഛനേയും അമ്മയേയും ഒക്കെ കൊണ്ട് വന്നു..
ഇനിയും ഉണ്ട് കുറച്ചു പേര്‍ ബാക്കി. അതില്‍ ഞാനും ഉണ്ട്..
ടീച്ചര്‍ വീണ്ടും ക്ലാസ്സില്‍ വന്നു.

ഇനി അച്ഛനേയോ അമ്മയേയോ കൊണ്ട് വരാനുള്ളവരൊക്കെ എഴുന്നേറ്റു നില്‍ക്കൂ..

സകല ധൈര്യവും മനസ്സില്‍ സംഭരിച്ചു ശ്വാസം പോലും വിടാതെ ഞാന്‍ അവിടെ തന്നെ ഇരുന്നു..

കുറെ നിഷ്ക്കളങ്കന്‍മാര്‍ എഴുന്നേറ്റു നിന്നു. അവര്‍ക്കൊക്കെ പിടിപ്പതു കേട്ടു. ഞാന്‍ ശ്വാസം പിടിച്ചു കൊണ്ട് അവിടെ തന്നെ ഇരുന്നു.

ഭാഗ്യത്തിന് ടീച്ചര്‍ മാര്‍ക്ക്‌ കുറഞ്ഞവരുടെ ലിസ്റ്റ് എടുത്തിരുന്നില്ല. അന്ന് ഒന്നും സംഭവിച്ചില്ല. അങ്ങനെ, തലനാരിഴയ്ക്ക്, ഞാന്‍ ലിസ്റ്റില്‍ നിന്നു ആരും അറിയാതെ പുറത്തായി.

പക്ഷെ തീര്‍ന്നില്ല. ഇനിയും ഉണ്ട് കാര്യങ്ങള്‍.
ആ ഉത്തരക്കടലാസ്..
അതെങ്ങാന്‍ വീട്ടില്‍ ആരെങ്കിലും കണ്ടാലോ.. ഞാന്‍ ഒഴപ്പുകയാണെന്നു അറിയില്ലേ.. പിന്നെ, ഇരുന്നു പഠിക്കേണ്ടി വരും.

പെട്ടെന്നാണ്‌ കണ്ടു മറന്ന ഏതോ സിനിമയിലെ രംഗം ഓര്‍മ്മ വന്നത്..
തെളിവ് നശിപ്പിയ്ക്കല്‍...

എന്നിലെ കുറ്റവാളി ഉണര്‍ന്നു. അടുക്കളയില്‍ പോയി ആരും അറിയാതെ തീപ്പെട്ടി കൈക്കലാക്കി. പാന്റിന്റെ ഇടതു പോക്കറ്റില്‍ തീപ്പെട്ടി തിരുകി. വീടിനു പുറത്തുള്ള കക്കൂസിനെ ലക്ഷ്യമാക്കി നടന്നു. വലതു പോക്കറ്റില്‍ പരീക്ഷ പേപ്പര്‍. ഞാന്‍ അകത്തു കയറി. പൈപ്പ് തുറന്നിട്ടു. വെള്ളം വീഴുന്ന ശബ്ദം ഇപ്പോള്‍ നന്നായി കേള്‍ക്കാം. പതുക്കെ ഉത്തരക്കടലാസ് പുറത്തെടുത്തു, തീപ്പെട്ടി പുറത്തെടുത്തു. മെല്ലെ തീ കൊടുത്തു. അത് കത്തുമ്പോള്‍ നെഞ്ച് പട പട അടിക്കുകയായിരുന്നു. പെട്ടെന്നൊരു വിളി..

എടാ.. നീ എവിടെയാ, ഇങ്ങോട്ടൊന്നു വന്നേ..

നല്ല ജീവന്‍ പോയി... എന്തിനാവും വിളിക്കുന്നത്‌ ?
വല്ല ക്ലൂവും കിട്ടി കാണുമോ?
വിറച്ചു കൊണ്ട് ഞാന്‍ പറഞ്ഞു - "ഞാന്‍ ദേ ഇവടെ കക്കൂസിലാണ്.."

കടലാസ് കടത്തിയ ചാരമൊക്കെ ഞാന്‍ വെള്ളമൊഴിച്ചു കളഞ്ഞു. ഒരു പൊടി പോലും ബാക്കിയില്ലെന്നു ഉറപ്പു വരുത്തിയ ശേഷം‍ പുറത്തിറങ്ങി..

ഒരു നൂറു ആശങ്കകളോടെ അടുക്കളയിലേക്കു കയറി. ഒരു കുറ്റവാളിയുടെ കുറ്റബോധത്തോടെ ഞാന്‍ ചോദിച്ചു..
എന്താ.. എന്തിനാ.. എന്നെ... വിളിച്ചത്..?

എന്തിനായിരുന്നു അന്ന് വിളിച്ചതെന്ന്‌ എനിക്കോര്‍മ്മയില്ല. ഞാന്‍ പേടിച്ചതിനായിരുന്നില്ല എന്ന് മാത്രം ഓര്‍മയുണ്ട് ..

ആ സംഭവം പിന്നീട് കുറെ കാലം എന്നെ വേട്ടയാടി - അതിലും വലിയൊരു ഗൂഢാലോചന നടത്തുന്നത്  വരെ! ഇന്നതോര്‍ക്കുമ്പോഴും പറയുമ്പോഴും ഞാന്‍ ചിരിക്കും.. പക്ഷെ ഉള്ളിലെവിടെയോ, അന്ന് ഞാന്‍ പേടിച്ച ആ പേടിയുടെ ഒരണു വന്നു എന്നോട് ചോദിക്കും - "ഉള്ളിന്റെ ഉള്ളില്‍ നീ ശരിക്കും ചിരിക്കുന്നുണ്ടോ..?" എന്ന്..
എനിക്കറിയില്ല, പക്ഷെ ഒന്നറിയാം.. പതിനാലാണ്ട് കഴിഞ്ഞിട്ടും, എനിക്കറിയാന്‍ കഴിയുന്നുണ്ട് ആ ഭയം, ഇന്നലെ കഴിഞ്ഞത് പോലെ..

17 സെപ്റ്റംബർ 2009

കോഴിയുടെ വിലാപം

അന്ന്‌ ഞാന്‍ നാലാം ക്ലാസ്സില്‍ ആയിരുന്നിരിയ്ക്കും
ബന്ധനസ്ഥനായ ഒരു കോഴിയെ
ഞങ്ങളുടെ (ഞാനും ചേച്ചിയും സമപ്രായക്കാരും) കയ്യില്‍ ഏല്‍പ്പിച്ചിട്ട്‌
അമ്മായി പറഞ്ഞു -
"ആ വേലായുധേട്ടന്റെ അടുത്ത്‌ ചെന്ന്‌
ഇതിനെ ഒന്നു ശരിയാക്കി കൊണ്ടു വാ മക്കളേ.."

കോഴിയെ കഴുത്തു ഞെരിച്ചാണ്‌ കൊല്ലുന്നതെന്നു കേട്ടിട്ടുണ്ട്‌..
ഇനി ഇപ്പോ എന്തിനാ വേലായുധേട്ടന്‍?
ഒന്നു പരീക്ഷിച്ചു നോക്കിയിട്ടു തന്നെ കാര്യം..

ഞങ്ങളോരോരുത്തരായി അന്നതിന്റെ കഴുത്തു പിടിച്ചു ഞെരിച്ചു...
ഒരു കുറ്റബോധവും തോന്നിയില്ല അന്ന്‌..
പക്ഷെ കോഴി ചത്തില്ല (കോഴികള്‍ മരിച്ചാല്‍ ചത്തു എന്നു പറയണം)
പകുതി ചത്ത അതിനു മോക്ഷം കൊടുക്കാന്‍ ഒടുവില്‍
വേലായുധേട്ടന്‍ തന്നെ വേണ്ടി വന്നു..

ഇതു പണ്ടത്തെ കഥയാണ്‌..
കോഴിയെ കഴിക്കാന്‍ എനിക്കിഷ്ടമായിരുന്നെങ്കിലും
വാങ്ങാന്‍ പോകാന്‍ മടിയായിരുന്നു..
അച്ഛന്റെ കൂടെയേ പോകൂ..
കോഴിയെ ത്രാസിലിട്ടു തൂക്കും..
പിന്നെ കഴുത്തിനോട്‌ ചേര്‍ത്തു കത്തി കൊണ്ടു വെച്ചിട്ട്‌..
ഒറ്റ മുറി..
പ്ലാസ്റ്റിക്‌ പെട്ടിയിലേക്കു ഒരു ഏറ്..
അതിനകത്തു കിടന്ന്‌..

ഡബ്‌..പ്‌ടബ്‌.. ഡബ്‌.. ഡബ്...
ഡബ്‌..പ്‌ടബ്‌.. ഡബ്‌.. ഡബ്...

ഒച്ച മാത്രമേ കേള്‍ക്കൂ പിന്നീട്‌..
പിടച്ചിലായിരിയ്ക്കും, മരണവേദന..

കുറച്ചു സമയം കഴിഞ്ഞാല്‍ നല്ലൊരു
പ്ലാസ്റ്റിക്‌ കവറിനകത്താക്കി കൊണ്ടു വരും..
ചൂടുള്ള മാംസം..
അത്‌ ആ കോഴിയായിരുന്നെന്നു തോന്നുകയേ ഇല്ല..

പിന്നീട്‌ അതിനെ കറി വെച്ച്‌ കഴിയുമ്പോഴേയ്ക്കും
കോഴിയെ വാങ്ങാന്‍ പോയ സംഭവം തന്നെ മറന്നിരിയ്ക്കും..
നല്ല രുചിയുള്ള ഒരു ഭക്ഷണ പദാര്‍ത്ഥം..

ബ്രോയിലര്‍ കോഴികളെല്ലാം ഒരു പോലെ ആയതു കൊണ്ടാവും..
നൂറു കോഴികളെ പോലും ഒരു കോഴിയെ കൊല്ലുന്ന ലാഘവത്തോടെ
കൊല്ലാന്‍ കഴിയുന്നത്‌...

ഒരു കോഴിയുടെ നേര്‍ക്കു കത്തിയും കൊണ്ടു ചെല്ലുമ്പോള്‍
ചുറ്റുപാടും കൂടുകളില്‍ കിടക്കുന്ന
അസംഖ്യം കോഴികള്‍ പിടയ്ക്കുന്നുണ്ടാവും..
സ്വന്തം ഊഴം വരുന്നതു വരെ അങ്ങനെ എത്ര വട്ടം...?

ചില കാര്യങ്ങള്‍ക്ക്‌ വേണ്ടി മറ്റു ചില കാര്യങ്ങള്‍
കണ്ടില്ലെന്നു വിചാരിയ്ക്കണം..

ഇതു വരെ ഉള്ളില്‍ കൊണ്ടു നടന്ന ഈ കാര്യം ഞാന്‍
ഇപ്പോള്‍ പറഞ്ഞതെന്തുകൊണ്ടാണെന്നറിയുമോ?
ഞാന്‍ ഇപ്പൊള്‍ കോഴിയെ കഴിയ്ക്കാത്തതു കൊണ്ട്‌..
എന്നെങ്കിലും ഒരു ദിവസം ഈ ബ്ളോഗ്‌ പോസ്റ്റ് അപ്രത്യക്ഷമായാല്‍
അത്‌ഭുതപെടാനൊന്നുമില്ല കേട്ടോ!

പക്ഷെ, എനിക്കു വയ്യ..
വൃത്തിയും വെടിപ്പുമില്ലാതെ..
കൂട്ടില്‍ ശ്വാസം മുട്ടി..
ആഘോഷങ്ങള്‍ നടക്കുന്ന ദിവസവും കാത്തു പേടിച്ചു കഴിയാന്‍..
എനിക്കു വയ്യ.. ഭയമായി മാറി
കഴിയ്ക്കുന്ന ആളുകളില്‍ അറിയാതെ ആണെങ്കിലും
വിഷം നിറയ്ക്കാന്‍

കോഴിയില്‍ സ്വന്തം സ്വത്വത്തെ
ഒരിയ്ക്കലെങ്കിലും അറിയാന്‍ ശ്രമിച്ച
എല്ലാവര്‍ക്കും വേണ്ടി ഞാന്‍ ഇതു
സമര്‍പ്പിയ്ക്കുന്നു..

20 ഓഗസ്റ്റ് 2009

ഓര്‍ക്കാപ്പുറത്തൊരു മലയാളം ബ്ലോഗ്‌

മലയാളത്തില്‍ എഴുതുമ്പോള്‍ നല്ല സുഖമാണ്..
അമ്മയുടെ അടുത്ത് ഇരിക്കുന്നത് പോലെ.

പിന്നെ, എനിക്ക് തോന്നുന്നത് പോലെ ഒക്കെ ഞാന്‍ എഴുതും..
വാക്കുകള്‍ എന്നെ ശ്വാസം മുട്ടിച്ചു ഇല്ലാതാക്കുന്നത് വരെ..