30 സെപ്റ്റംബർ 2009

ആദ്യത്തെ ഗൂഢാലോചന

ആറാം ക്ലാസ്സില്‍ ക്ലാസ്‌ തുടങ്ങിയ സമയം.. സോഷ്യല്‍ സയന്‍സ് എന്റെ ഒരു പേടിസ്വപ്നമായിരുന്നു. ടീച്ചര്‍ ആണെങ്കില്‍ ഞെട്ടിക്കലാണ് .. ഇടക്കിടക്കു പറയും  ഒരു Surprise test നടത്തുമെന്ന്. പക്ഷെ, അങ്ങോട്ട്‌ "നടത്തി" കളയുമെന്ന് ഞാന്‍ തീരെ വിചാരിച്ചില്ല. ഒരു ദിവസം അത് സംഭവിച്ചു. ക്ലാസ്സ്‌ പരീക്ഷയല്ലേ.. അത്രയ്ക്ക് ശ്രദ്ധയൊന്നും ഞാന്‍ കൊടുത്തില്ല. ഒഴപ്പി.. സോഷ്യല്‍ സയന്‍സ് ബുക്ക്‌ കാണുമ്പോള്‍ തന്നെ മടി വരും!

കുട്ടികളെ കൊണ്ട് തന്നെ അന്യോന്യം ടീച്ചര്‍ ഉത്തരക്കടലാസ് നോക്കിച്ചു. പെട്ടെന്നായിരുന്നു ടീച്ചര്‍ ഒരു ഞെട്ടിപ്പിക്കുന്ന പ്രസ്താവന ഇറക്കിയത്...
  മാര്‍ക്ക്‌ കുറഞ്ഞവരൊക്കെ അച്ഛനേയോ അമ്മയേയോ കൊണ്ട് വരണം.

അയ്യോ.. ഈശ്വരാ.. കുടുങ്ങിയോ.. എനിക്കത് ആലോചിക്കാന്‍ കൂടി വയ്യ.. ഇതാദ്യമായാണ്, ഇതിനു മുമ്പ് ഇങ്ങനെ ഉണ്ടായിട്ടേ ഇല്ല..പേടിപ്പെടുത്തുന്ന ഒരു കുറ്റബോധം എന്നെ അടിമുടി വിറപ്പിച്ചു..

ഒരാഴ്ച കഴിഞ്ഞു.. കുറെ പേര്‍ അച്ഛനേയും അമ്മയേയും ഒക്കെ കൊണ്ട് വന്നു..
ഇനിയും ഉണ്ട് കുറച്ചു പേര്‍ ബാക്കി. അതില്‍ ഞാനും ഉണ്ട്..
ടീച്ചര്‍ വീണ്ടും ക്ലാസ്സില്‍ വന്നു.

ഇനി അച്ഛനേയോ അമ്മയേയോ കൊണ്ട് വരാനുള്ളവരൊക്കെ എഴുന്നേറ്റു നില്‍ക്കൂ..

സകല ധൈര്യവും മനസ്സില്‍ സംഭരിച്ചു ശ്വാസം പോലും വിടാതെ ഞാന്‍ അവിടെ തന്നെ ഇരുന്നു..

കുറെ നിഷ്ക്കളങ്കന്‍മാര്‍ എഴുന്നേറ്റു നിന്നു. അവര്‍ക്കൊക്കെ പിടിപ്പതു കേട്ടു. ഞാന്‍ ശ്വാസം പിടിച്ചു കൊണ്ട് അവിടെ തന്നെ ഇരുന്നു.

ഭാഗ്യത്തിന് ടീച്ചര്‍ മാര്‍ക്ക്‌ കുറഞ്ഞവരുടെ ലിസ്റ്റ് എടുത്തിരുന്നില്ല. അന്ന് ഒന്നും സംഭവിച്ചില്ല. അങ്ങനെ, തലനാരിഴയ്ക്ക്, ഞാന്‍ ലിസ്റ്റില്‍ നിന്നു ആരും അറിയാതെ പുറത്തായി.

പക്ഷെ തീര്‍ന്നില്ല. ഇനിയും ഉണ്ട് കാര്യങ്ങള്‍.
ആ ഉത്തരക്കടലാസ്..
അതെങ്ങാന്‍ വീട്ടില്‍ ആരെങ്കിലും കണ്ടാലോ.. ഞാന്‍ ഒഴപ്പുകയാണെന്നു അറിയില്ലേ.. പിന്നെ, ഇരുന്നു പഠിക്കേണ്ടി വരും.

പെട്ടെന്നാണ്‌ കണ്ടു മറന്ന ഏതോ സിനിമയിലെ രംഗം ഓര്‍മ്മ വന്നത്..
തെളിവ് നശിപ്പിയ്ക്കല്‍...

എന്നിലെ കുറ്റവാളി ഉണര്‍ന്നു. അടുക്കളയില്‍ പോയി ആരും അറിയാതെ തീപ്പെട്ടി കൈക്കലാക്കി. പാന്റിന്റെ ഇടതു പോക്കറ്റില്‍ തീപ്പെട്ടി തിരുകി. വീടിനു പുറത്തുള്ള കക്കൂസിനെ ലക്ഷ്യമാക്കി നടന്നു. വലതു പോക്കറ്റില്‍ പരീക്ഷ പേപ്പര്‍. ഞാന്‍ അകത്തു കയറി. പൈപ്പ് തുറന്നിട്ടു. വെള്ളം വീഴുന്ന ശബ്ദം ഇപ്പോള്‍ നന്നായി കേള്‍ക്കാം. പതുക്കെ ഉത്തരക്കടലാസ് പുറത്തെടുത്തു, തീപ്പെട്ടി പുറത്തെടുത്തു. മെല്ലെ തീ കൊടുത്തു. അത് കത്തുമ്പോള്‍ നെഞ്ച് പട പട അടിക്കുകയായിരുന്നു. പെട്ടെന്നൊരു വിളി..

എടാ.. നീ എവിടെയാ, ഇങ്ങോട്ടൊന്നു വന്നേ..

നല്ല ജീവന്‍ പോയി... എന്തിനാവും വിളിക്കുന്നത്‌ ?
വല്ല ക്ലൂവും കിട്ടി കാണുമോ?
വിറച്ചു കൊണ്ട് ഞാന്‍ പറഞ്ഞു - "ഞാന്‍ ദേ ഇവടെ കക്കൂസിലാണ്.."

കടലാസ് കടത്തിയ ചാരമൊക്കെ ഞാന്‍ വെള്ളമൊഴിച്ചു കളഞ്ഞു. ഒരു പൊടി പോലും ബാക്കിയില്ലെന്നു ഉറപ്പു വരുത്തിയ ശേഷം‍ പുറത്തിറങ്ങി..

ഒരു നൂറു ആശങ്കകളോടെ അടുക്കളയിലേക്കു കയറി. ഒരു കുറ്റവാളിയുടെ കുറ്റബോധത്തോടെ ഞാന്‍ ചോദിച്ചു..
എന്താ.. എന്തിനാ.. എന്നെ... വിളിച്ചത്..?

എന്തിനായിരുന്നു അന്ന് വിളിച്ചതെന്ന്‌ എനിക്കോര്‍മ്മയില്ല. ഞാന്‍ പേടിച്ചതിനായിരുന്നില്ല എന്ന് മാത്രം ഓര്‍മയുണ്ട് ..

ആ സംഭവം പിന്നീട് കുറെ കാലം എന്നെ വേട്ടയാടി - അതിലും വലിയൊരു ഗൂഢാലോചന നടത്തുന്നത്  വരെ! ഇന്നതോര്‍ക്കുമ്പോഴും പറയുമ്പോഴും ഞാന്‍ ചിരിക്കും.. പക്ഷെ ഉള്ളിലെവിടെയോ, അന്ന് ഞാന്‍ പേടിച്ച ആ പേടിയുടെ ഒരണു വന്നു എന്നോട് ചോദിക്കും - "ഉള്ളിന്റെ ഉള്ളില്‍ നീ ശരിക്കും ചിരിക്കുന്നുണ്ടോ..?" എന്ന്..
എനിക്കറിയില്ല, പക്ഷെ ഒന്നറിയാം.. പതിനാലാണ്ട് കഴിഞ്ഞിട്ടും, എനിക്കറിയാന്‍ കഴിയുന്നുണ്ട് ആ ഭയം, ഇന്നലെ കഴിഞ്ഞത് പോലെ..

17 സെപ്റ്റംബർ 2009

കോഴിയുടെ വിലാപം

അന്ന്‌ ഞാന്‍ നാലാം ക്ലാസ്സില്‍ ആയിരുന്നിരിയ്ക്കും
ബന്ധനസ്ഥനായ ഒരു കോഴിയെ
ഞങ്ങളുടെ (ഞാനും ചേച്ചിയും സമപ്രായക്കാരും) കയ്യില്‍ ഏല്‍പ്പിച്ചിട്ട്‌
അമ്മായി പറഞ്ഞു -
"ആ വേലായുധേട്ടന്റെ അടുത്ത്‌ ചെന്ന്‌
ഇതിനെ ഒന്നു ശരിയാക്കി കൊണ്ടു വാ മക്കളേ.."

കോഴിയെ കഴുത്തു ഞെരിച്ചാണ്‌ കൊല്ലുന്നതെന്നു കേട്ടിട്ടുണ്ട്‌..
ഇനി ഇപ്പോ എന്തിനാ വേലായുധേട്ടന്‍?
ഒന്നു പരീക്ഷിച്ചു നോക്കിയിട്ടു തന്നെ കാര്യം..

ഞങ്ങളോരോരുത്തരായി അന്നതിന്റെ കഴുത്തു പിടിച്ചു ഞെരിച്ചു...
ഒരു കുറ്റബോധവും തോന്നിയില്ല അന്ന്‌..
പക്ഷെ കോഴി ചത്തില്ല (കോഴികള്‍ മരിച്ചാല്‍ ചത്തു എന്നു പറയണം)
പകുതി ചത്ത അതിനു മോക്ഷം കൊടുക്കാന്‍ ഒടുവില്‍
വേലായുധേട്ടന്‍ തന്നെ വേണ്ടി വന്നു..

ഇതു പണ്ടത്തെ കഥയാണ്‌..
കോഴിയെ കഴിക്കാന്‍ എനിക്കിഷ്ടമായിരുന്നെങ്കിലും
വാങ്ങാന്‍ പോകാന്‍ മടിയായിരുന്നു..
അച്ഛന്റെ കൂടെയേ പോകൂ..
കോഴിയെ ത്രാസിലിട്ടു തൂക്കും..
പിന്നെ കഴുത്തിനോട്‌ ചേര്‍ത്തു കത്തി കൊണ്ടു വെച്ചിട്ട്‌..
ഒറ്റ മുറി..
പ്ലാസ്റ്റിക്‌ പെട്ടിയിലേക്കു ഒരു ഏറ്..
അതിനകത്തു കിടന്ന്‌..

ഡബ്‌..പ്‌ടബ്‌.. ഡബ്‌.. ഡബ്...
ഡബ്‌..പ്‌ടബ്‌.. ഡബ്‌.. ഡബ്...

ഒച്ച മാത്രമേ കേള്‍ക്കൂ പിന്നീട്‌..
പിടച്ചിലായിരിയ്ക്കും, മരണവേദന..

കുറച്ചു സമയം കഴിഞ്ഞാല്‍ നല്ലൊരു
പ്ലാസ്റ്റിക്‌ കവറിനകത്താക്കി കൊണ്ടു വരും..
ചൂടുള്ള മാംസം..
അത്‌ ആ കോഴിയായിരുന്നെന്നു തോന്നുകയേ ഇല്ല..

പിന്നീട്‌ അതിനെ കറി വെച്ച്‌ കഴിയുമ്പോഴേയ്ക്കും
കോഴിയെ വാങ്ങാന്‍ പോയ സംഭവം തന്നെ മറന്നിരിയ്ക്കും..
നല്ല രുചിയുള്ള ഒരു ഭക്ഷണ പദാര്‍ത്ഥം..

ബ്രോയിലര്‍ കോഴികളെല്ലാം ഒരു പോലെ ആയതു കൊണ്ടാവും..
നൂറു കോഴികളെ പോലും ഒരു കോഴിയെ കൊല്ലുന്ന ലാഘവത്തോടെ
കൊല്ലാന്‍ കഴിയുന്നത്‌...

ഒരു കോഴിയുടെ നേര്‍ക്കു കത്തിയും കൊണ്ടു ചെല്ലുമ്പോള്‍
ചുറ്റുപാടും കൂടുകളില്‍ കിടക്കുന്ന
അസംഖ്യം കോഴികള്‍ പിടയ്ക്കുന്നുണ്ടാവും..
സ്വന്തം ഊഴം വരുന്നതു വരെ അങ്ങനെ എത്ര വട്ടം...?

ചില കാര്യങ്ങള്‍ക്ക്‌ വേണ്ടി മറ്റു ചില കാര്യങ്ങള്‍
കണ്ടില്ലെന്നു വിചാരിയ്ക്കണം..

ഇതു വരെ ഉള്ളില്‍ കൊണ്ടു നടന്ന ഈ കാര്യം ഞാന്‍
ഇപ്പോള്‍ പറഞ്ഞതെന്തുകൊണ്ടാണെന്നറിയുമോ?
ഞാന്‍ ഇപ്പൊള്‍ കോഴിയെ കഴിയ്ക്കാത്തതു കൊണ്ട്‌..
എന്നെങ്കിലും ഒരു ദിവസം ഈ ബ്ളോഗ്‌ പോസ്റ്റ് അപ്രത്യക്ഷമായാല്‍
അത്‌ഭുതപെടാനൊന്നുമില്ല കേട്ടോ!

പക്ഷെ, എനിക്കു വയ്യ..
വൃത്തിയും വെടിപ്പുമില്ലാതെ..
കൂട്ടില്‍ ശ്വാസം മുട്ടി..
ആഘോഷങ്ങള്‍ നടക്കുന്ന ദിവസവും കാത്തു പേടിച്ചു കഴിയാന്‍..
എനിക്കു വയ്യ.. ഭയമായി മാറി
കഴിയ്ക്കുന്ന ആളുകളില്‍ അറിയാതെ ആണെങ്കിലും
വിഷം നിറയ്ക്കാന്‍

കോഴിയില്‍ സ്വന്തം സ്വത്വത്തെ
ഒരിയ്ക്കലെങ്കിലും അറിയാന്‍ ശ്രമിച്ച
എല്ലാവര്‍ക്കും വേണ്ടി ഞാന്‍ ഇതു
സമര്‍പ്പിയ്ക്കുന്നു..