31 ഡിസംബർ 2010

ഫോളോ ചെയ്തു വന്നവര്‍

പുലര്‍ച്ചെ വീട്ടില്‍ നിന്ന് ബാഗും തൂക്കി ഇറങ്ങി, പുലരി ആര്‍ട്ട്സ് ക്ലബ്ബും കഴിഞ്ഞ് വളവിനടുത്ത് എത്തിയപ്പോഴാണ്‌ രണ്ടാള്‍ക്കാരെ ഞാന്‍ ശ്രദ്ധിയ്ക്കുന്നത്.. രണ്ടു പേരും എന്നെ ഫോളോ ചെയ്യുകയല്ലേ എന്നൊരു സംശയം! ചെവിയില്‍ കുത്തിത്തിരുകിയിരുന്ന ഹെഡ്ഫോണ്‍ ഊരി കീശയിലിട്ടു.. നടത്തം ഇത്തിരി വേഗത്തിലാക്കി..

ഇടയ്ക്ക്‌ ഒളികണ്ണിട്ടു നോക്കിയപ്പോള്‍, ദേ ആ രണ്ട് പേര്‍ - അവര്‍ വിടാതെ കൂടിയിരിയ്ക്കുക തന്നെയാണ്‌.. എന്റെ നടത്തത്തിനൊപ്പം തന്നെ ഉണ്ട്‌..

എന്തിനാണാവോ ഈശ്വരാ ഈ പുലരാന്‍ നേരത്ത് ഇവര്‍ എന്റെ പുറകെ വെച്ചു പിടിയ്ക്കുന്നത്? ഒരു പിടീം  കിട്ടുന്നില്ല..

ഞാന്‍ സംശയത്തോടെ ഒന്നു നിന്നു. പതുക്കെ അവര്‍ നടക്കുന്ന ഭാഗത്തേയ്ക്കു നോക്കി.. ദാ അവരും നടത്തം നിര്‍ത്തിയിരിയ്ക്കുന്നു.. ആശ്വാസത്തോടെ ഞാന്‍ വീണ്ടും നടന്നു.. ദേ വീണ്ടും അവര്‍ ഫോളോ ചെയ്യുന്നു..

NH നോട് ചേര്‍ന്ന് പുതുതായി പണിയുന്ന ഫ്ലാറ്റിനടുത്തെത്തിയപ്പോഴേയ്ക്കും എന്റെ കഷമ നശിച്ചു. രണ്ടിലൊന്ന് അറിഞ്ഞിട്ടു തന്നെ കാര്യം.. ഞാന്‍ പെട്ടെന്ന് സഡന്‍ ബ്രെയ്ക് ഇട്ടതു പോലെ നിന്നു, എന്നിട്ട് അവരുടെ നേരെ നോക്കി. എനിക്ക് കലിയാണ്‌ വന്നത്‌ - ഞാന്‍ നിന്നപ്പോള്‍ അതേ പോലെ സഡന്‍ ബ്രെയ്ക്ക്‌ ഇട്ടതു പോലെ അവരും നിന്നിരിയ്ക്കുന്നു..

designed by Jolly
ഞാന്‍ ചോദിച്ചു, "രാവിലെ തന്നെ മനുഷ്യനെ ഒരു മാതിരി ആക്കാന്‍ ഇറങ്ങിയതാണോ?"

രണ്ടു പേരും ഒരേ സ്വരത്തില്‍ പറഞ്ഞു, "അതെ".

"എന്തിനാ എന്നെ ഫോളോ ചെയ്യുന്നത്? ഞാന്‍ നടക്കുമ്പോള്‍ അതേ പോലെ നടക്കുന്നത്? എന്നെ ഇമിറ്റേറ്റ് ചെയ്ത് വടിയാക്കുന്നത്?", ചറപറാ ഞാന്‍ ചോദ്യങ്ങള്‍ ചോദിച്ചു.

"ഞങ്ങള്‍ ആരെ ഫോളോ ചെയ്തെന്നാ?", പുച്ഛം കലര്‍ന്ന സ്വരത്തില്‍ അവര്‍ ഒരുമിച്ചു ചോദിച്ചു.

"എന്നെത്തന്നെ.. ആളെ ഒരു മാതിരി സോമനാക്കല്ലേ.. ഞാന്‍ എറങ്ങിയപ്പോ തൊട്ടു കാണ്വാണ്‌ നിങ്ങളുടെ ഈ കോപ്രായം.."

"ഞങ്ങളിവടെ ആരേം ഫോളോ ചെയ്തില്ല..", ആത്മവിശ്വാസത്തോടെ അവരുടെ മറുപടി.

"ആഹാ! ഞാന്‍ നടക്കുമ്പോ അതേ പോലെ നടക്കുക,ഞാന്‍ നടക്കുന്ന അതേ സ്പീഡില്‍ കൂടെ നടക്കുക.. പിന്നെ ഞാന്‍ നടത്തം നിര്‍ത്തുമ്പോള്‍ നിങ്ങളും നടത്തം നിര്‍ത്തുക.. ഇതു ഫോളോ ചെയ്യലല്ലേ..!"

അവര്‍(മന്ദഹാസം)

"വല്ലാതെ ചിരിയ്ക്കല്ലേ... എനിക്ക് ഇത്‌ തമാശയായി തോന്നുന്നില്ല.. ഇന്നലെ രാത്രി 1 മണി കഴിഞ്ഞു കിടക്കുമ്പോള്‍, ഇന്ന് പുലര്‍ച്ചെ 5 മണിക്കെഴുന്നേറ്റ് ജോലിക്ക് പോവുകയാണ്‌.. അപ്പഴാ ഈ ഏടപാട്.. പോയിട്ട് പണി ഉണ്ട്.. Actually നിങ്ങള്‍ക്ക് എന്താ വേണ്ടത്‌? ഈ നേരം വെളുക്കാന്‍ നേരത്ത്‌ എന്തിനാ എന്റെ പുറകെ കൂടിയിരിയ്ക്കുന്നത്?"

"ഞങ്ങക്കൊന്നും വേണ്ടേ..! ഞങ്ങളെ കണ്ടപ്പോള്‍, "എന്തെങ്കിലും വേണം" - അങ്ങനെ തോന്നിയോ? (വീണ്ടും മന്ദഹാസം)

"എന്നാ ഒരു കാര്യം ചെയ്യ്.. നിങ്ങള്‍ ഫോളോ ചെയ്യുകയല്ല എന്നല്ലേ പറഞ്ഞത്.. നിങ്ങളങ്ങോട്ട് നടക്ക്.. നിങ്ങള്‍ പോയിട്ടേ ഞാനിനി പോകുന്നുള്ളൂ.."

"അത്രയ്ക്ക് കടുത്ത തീരുമാനം ഒക്കെ എടുക്കണോ?" (വീണ്ടും പുച്ഛം കലര്‍ന്ന ചോദ്യം)

അവിടെ കാത്തു നിന്നു ഇത്തിരി നേരം. രണ്ട് പേര്‍ക്കും ഒരനക്കവും ഇല്ല.. ഞാന്‍ ദയനീയമായി അവരുടെ മുഖത്തേയ്ക്കു നോക്കി..ഒരു രക്ഷേം ഇല്ല.. ഇപ്പോഴൊന്നും അവര്‍ അനങ്ങുന്ന മട്ടില്ല!

ഒരു ഭാവവ്യത്യാസവും കാണാതായപ്പോള്‍ ഞാന്‍ മൗനം ഭഞ്ജിച്ചു..

"ശരി.. അപ്പഴേ, എനിക്ക് നിങ്ങളുടെ ഈ കോപ്രായത്തിനനുസരിച്ച് തുള്ളാന്‍ ഇപ്പോ സമയമില്ല.. ജോലിയ്ക്ക് പോണം..നിങ്ങള്‍ രണ്ട് പേരും എങ്ങോട്ടാ? എന്താ പരിപാടി?"

"ഞങ്ങള്‍ ഇങ്ങനെ കറങ്ങിക്കൊണ്ടിരിക്ക്യാ.."

"അതു മനസ്സിലായി.. വേറെ ഒരു പണീം ഇല്ലല്ലേ...?"

"ഏയ്.. ഇല്ല.." (വീണ്ടും മന്ദഹാസം)

"ഇപ്പോ എങ്ങോട്ടാ?"

"പറഞ്ഞില്ലേ കറക്കം തന്നെയാണ്‌ പണി എന്ന്‌.."

"ങാ.. കറങ്ങുന്നതൊക്കെ കൊള്ളാം.. വെറുതെ ഒപ്പത്തിനൊപ്പം നടന്ന് ആള്‍ക്കാരെ വടിയാക്കരുത്.."

"ഓ.." (വീണ്ടും മന്ദഹാസം)

"ഉം.. അപ്പോ വേണ്ട പോലെ പറഞ്ഞാല്‍ ഇവന്മാര്‍ കേള്‍ക്കും.. ച്ഛെ.. ആദ്യമേ കലിപ്പിയ്ക്കണ്ടായിരുന്നു.. ഈ ബുദ്ധി നേരത്തേ പോയില്ലല്ലോ.." (ആത്മഗതം)

"എന്നാ പിന്നെ ഞാനങ്ങോട്ട് നടക്കട്ടെ.. പോയിട്ട് പണിണ്ട്.. നിങ്ങള്‍ സാവകാശം പോലെ കറങ്ങിക്കോ.. ഞാന്‍ ആദ്യം ഇത്തിരി ചൂടായിപ്പോയി.. ഒന്നും മനസ്സില്‍ വെക്കണ്ട! നമ്മള്‍ ചെയ്യുന്ന പോലെ ഒക്കെ ആരെങ്കിലും ചെയ്താല്‍ ദേഷ്യം വരില്ലേ.. വൈകിയാണെങ്കിലും ഇപ്പോ കാര്യം മനസ്സിലായല്ലോ... സമാധാനം!"

"ഓ..", രണ്ട് പേരും ഒരേ സ്വരത്തില്‍ പുഞ്ചിരിയോടെ..

ഞാന്‍ ആശ്വാസത്തോടെ അല്പം വേഗത്തില്‍ നടന്നു.. തിരിഞ്ഞു നോക്കിയപ്പോള്‍ ദേ അവര്‍! വീണ്ടും എന്റെയൊപ്പം തന്നെ.. ഇത്രെം പറഞ്ഞിട്ടും ഒരു മാറ്റവും ഇല്ല.. ഇവര്‍ക്ക് എങ്ങനെ ഇങ്ങനെ പെരുമാറാന്‍ പറ്റുന്നു! ഒരു വിലയും ഇല്ല, ഇത്രയും നേരം കണ്ഠക്ഷോപം ചെയ്തതിനൊന്നും..


പിന്നെ ഞാന്‍ ഒന്നും നോക്കിയില്ല.. അവിടെ നിന്നും ഓടാന്‍ തുടങ്ങി.. കയറ്റമുള്ള ഇടവഴി കടന്ന് ഓഫീസിന്റെ ഗെയ്റ്റിനടുത്തെത്തി.

അവര്‍ വിടാതെ എന്റെ പുറകെ ഓടുകയാണ്‌.. എനിക്ക് ആകെ ഭ്രാന്ത് പിടിച്ച് തുടങ്ങി.. ഇടയ്ക്ക് ഓട്ടം നിര്‍ത്തി അവരോട് അലറിവിളിച്ചു പറഞ്ഞാലോ എന്നും തോന്നി.. പക്ഷേ ഞാന്‍ ഓടി ഓഫീസിന്റെ ഗെയ്റ്റ് കടന്ന് അകത്ത് കയറി..

ഓടിക്കിതച്ച് വരുന്നത് കണ്ട് സെക്യൂരിറ്റി ചേട്ടന്‍ ചോദിച്ചു, "എന്തേ..? എന്തു പറ്റി? late ആയോ?"
"ഏയ്.. ഒന്നുല്ല. രണ്ട് പേര്‍ ഫോളോ ചെയ്തു.. ചുമ്മാ.. ആളെ വടിയാക്കാന്‍..", ഞാന്‍ കിതച്ചു കൊണ്ട് പറഞ്ഞു..
ഞാന്‍ പുറത്തേയ്ക്കു നോക്കിയപ്പോള്‍ അവരെ കാണാനില്ല..
"ഉം.. ഓഫീസിനകത്ത് അവര്‍ക്ക് എന്നെ എന്തായാലും ഫോളോ ചെയ്യാന്‍ പറ്റില്ല..!", അതോര്‍ത്തപ്പോള്‍ ആശ്വാസം തോന്നി.

ലോഗിന്‍ ചെയ്ത് കോണിപ്പടി കയറിക്കയറി ഞാന്‍ രണ്ടാമത്തെ നിലയിലെത്തി. ഇടനാഴിയിലൂടെ നടന്നു അകത്തേയ്ക്ക് കയറുന്നതിനു മുമ്പ് ജനാലയിലൂടെ അവസാനമായി ഒന്നു കൂടി പുറത്തേയ്ക്കു നോക്കി..
രണ്ടു പേരും പുറത്തുതന്നെയുണ്ട്.

ഞാന്‍ ഭീഷണിയോടെ നോക്കി. "നേരം വെളുക്കട്ടെ കാണിച്ചു തരാം. എന്നെയല്ലേ പേടിയില്ലാത്തേ! വേറേ ആളെ എറക്കും, കണ്ടോ.."

നേരം വെളുത്തപ്പോ നമ്മടെ ആളെത്തി.. അല്ലാ.. ആളെത്തിയപ്പോഴാണ്‌ നേരം വെളുത്തത്‌..
ഞാന്‍ ആ കാഴ്ച കാണാന്‍ ജനാലയുടെ അടുത്തേയ്ക്ക് ഓടി.. ആ ചന്ദ്രനും നക്ഷത്രവും എന്നെ ഫോളോ ചെയ്യാന്‍ പറ്റാതെ നിന്നു പരുങ്ങുന്നതു കാണാന്‍..

26 ഡിസംബർ 2010

ഒക്‍റ്റോപസ്സ്

പാലം പകുതി കടന്നപ്പോള്‍ അപ്പു തല പുറത്തേയ്ക്കിട്ട് ചീറി..
അച്ഛാ വെള്ളം! വെള്ളം! ദാ.. താഴെ തോനെ വെള്ളം...!
അത് പുഴയാണ്‌ മോനേ പുഴ... റിവര്‍.. കേട്ടിട്ടില്ലേ..
ഹായ്.. റിവര്‍.. റിവര്‍ റീച്ചസ് ദി സീ.. എവടെ സീ..?
സീ ഇത്തിരി ദൂരെയാണ്‌ ..
സീ യില്‌ അപ്പോ ഇതിലും തോനെ വെള്ളണ്ടാവില്ലേ..
ഉം.. ഉണ്ടാവും..
നമ്മക്ക് സീയില്‌ പൂവാം അച്ഛാ..
പിന്നൊരീസം പോവാം.. ഇപ്പൊ നമ്മക്ക് അമ്മമ്മേനെ ഹോസ്പിറ്റലില്‍ കൊണ്ടോവണ്ടേ...
അപ്പു ഒരു നിമിഷം പുറകോട്ട് തിരിഞ്ഞു നോക്കി.. പുറകിലത്തെ സീറ്റില്‍ അമ്മമ്മ ശ്വാസം മുട്ടി വലിക്കുന്നു.. ഇത്തിരി നേരം നോക്കിയ ശേഷം അവന്‍ തല വീണ്ടും പുറത്തേയ്ക്കിട്ടു..
അച്ഛാ ഇതില്‌ ക്രോക്കോഡൈല്‍ ഉണ്ടാവ്വോ..?
ഏയ് ഇല്ലടാ.. ക്രോക്കൊഡൈല്‍ ഒന്നും ഉണ്ടാവില്ല..

അപ്പോ ഒക്‍റ്റോപസ്സോ..?
ഉം.. ഒക്‍റ്റോപസ്സ് ഉണ്ടാവും..
അപ്പു വെള്ളത്തിലേക്ക് തുറിച്ചു നോക്കിക്കൊണ്ടിരുന്നു..
ഒക്‍റ്റോപസ്സ് എന്താ വരാത്തേ..?
ഒക്‍റ്റോപസ്സ് അങ്ങ് വെള്ളത്തിന്റെ അടീലാ.. അതാ വരാത്തേ..
നമ്മക്കും വെള്ളത്തിന്റെ അടീലേക്ക് പൂവാം..?
വെള്ളത്തിന്റെ അടീല്‌ പോയാല്‍ ശ്വാസം കിട്ടില്ല മോനേ..
അപ്പോ ഒക്‍റ്റോപസ്സിന്‌ ശ്വാസം കിട്ട്വോ..?
ഉം..
ശ്വാസം കിട്ട്വോ..?
ഉം.. കിട്ടും..
അപ്പു അല്പ സമയം ചിന്തയിലാണ്ടു..
അമ്മാമ്മ ഒക്‍റ്റോപസ്സിന്റെ അടുത്ത് പോയതോണ്ടാണോ ശ്വാസം കിട്ടാത്തേ...?
അല്ലടാ.. അമ്മാമ്മയ്ക്ക്‌ സുഖല്ല അതാ..

അപ്പു കൈകള്‍ പുറത്തേയ്ക്കിട്ട് കാറ്റിന്റെ ആക്കം അറിഞ്ഞു.. ഹായ് നല്ല സുഖം എന്തൊരു കാറ്റാ.. എന്തൊരൊച്ചയാ കാറ്റിന്‌..
പാലം കഴിഞ്ഞപ്പോള്‍ കാറ്റിന്റെ ആക്കം കുറഞ്ഞു..
ശോ.. പോയി.. റിവറിന്റെ അവടെ മാത്രേ കാറ്റുള്ളൂ അച്ഛാ..... അപ്പു ചുണ്ടുകള്‍ കൂര്‍പ്പിച്ചു സീറ്റിലേക്ക് തലചായ്ച്ചു കിടന്നു ഗ്ലാസ്സിലൂടെ ആകാശത്തേയ്ക്കു നോക്കി..

ഇനിയും ആറ് കിലോമീറ്റര്‍ കൂടി ഡ്രൈവ്‌ ഉണ്ട്‌. രവി ആക്സിലറേറ്ററില്‍ പതുക്കെ അമര്‍ത്തി വേഗം കൂട്ടി..
പച്ചപ്പും, തെങ്ങിന്‍ കൂട്ടവും വിട്ട് വണ്ടി ഷോപ്പിംഗ് മാളും, ഫ്ലാറ്റുകളും ഭരിയ്ക്കുന്ന റോഡിലൂടെ മുന്‍പോട്ട് നീങ്ങി..
ഇത്തിരി ദൂരെ ഉള്ള ജങ്ക്ഷനില്‍ സിഗ്നല്‍ ചുവപ്പു കത്തി.. വാഹനങ്ങളുടെ നീണ്ട നിര.. ഇനി ഈ ട്രാഫിക്കില്‍ നിന്നും ഒന്നു രക്ഷപ്പെട്ടിട്ട് വേണം ഹോസ്പിറ്റലില്‍ എത്താന്‍.. മൂര്‍ത്തി ഡോക്ടറോട് വിളിച്ചു പറഞ്ഞിട്ടുണ്ട്, പക്ഷെ കണ്‍സള്‍ട് ചെയ്ത് കഴിഞ്ഞ് എത്ര മണിയാവും വീട്ടില്‍ തിരിച്ചെത്താന്‍.. ഇനി ഹോസ്പിറ്റലൈസ് ചെയ്യേണ്ടി വന്നാല്‍... രമയുണ്ടായിരുന്നെങ്കില്‍ എന്നോര്‍ത്തപ്പോള്‍ നെഞ്ചിനകത്ത് ഒരു ഘനം.. ഒരു വിങ്ങല്‍.. അപ്പുവിന്റെ ഈ മാസത്തെ ക്ലാസ് ഇതു മൂന്നാമത്തെ ദിവസമാണ്‌ മുടങ്ങുന്നത്‌..
ഇത്തിരി കൂടി വലുതായാല്‍ എല്ലാം ശരിയാവും, അങ്ങനെ സ്വയം ആശ്വസിച്ച് രവി കൈ വിരല്‍ കൊണ്ട് സ്റ്റിയറിംഗില്‍ പതുക്കെ തട്ടിക്കൊണ്ടിരുന്നു.. പണ്ട് രമയോടൊത്ത് ഡ്രൈവ് ചെയ്തിരുന്ന ഏതോ ഒരു യാത്രയില്‍ കേട്ട പാട്ടിന്റെ താളം..

പുറകിലുള്ള ബസ് ഡ്രൈവര്‍ ഹോണ്‍ മുഴക്കുന്നുണ്ടായിരുന്നു.. വണ്ടി ഒതുക്കാനാണ്‌.. സിഗ്നല്‍ വരാതെ അനങ്ങാന്‍ കഴിയില്ല... അയാള്‍ കൈ കൊണ്ട് ആംഗ്യം കാണിയ്ക്കുന്നതും എന്തൊക്കെയോ വിളിച്ചു പുലമ്പുന്നതും രവി പുറത്ത് കണ്ണാടിയില്‍ കണ്ടു.. രവി മുഖം തിരിച്ച് സിഗ്നല്‍ പച്ചയാവുന്നതും പ്രതീക്ഷിച്ച് കാത്തിരുന്നു..

അപ്പു ഇടയ്ക്കിടയ്ക്ക്‌ എന്തൊക്കെയോ ചോദിയ്ക്കുന്നുണ്ട്‌.. ചോദ്യങ്ങള്‍ക്കെല്ലാം രവി ഉത്തരം മൂളലിലൊതുക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു..
ചോദ്യങ്ങള്‍ കൂടുമ്പോള്‍ രവി ചെറുതായി ശാസിയ്ക്കും.. അല്പ സമയത്തേയ്ക്ക് ആ ശാസന അപ്പുവിനെ നിശബ്ദനാക്കും.. കുറച്ചു കഴിയുമ്പോള്‍ ശാസിച്ച കാര്യം രവിയും അപ്പുവും മറക്കും.. വീണ്ടും ചോദ്യോത്തരങ്ങള്‍..

ആകസ്മികമായാണ്‌ പുറത്ത് ഫുട്പാത്തില്‍ ഒരാളെ അപ്പു ശ്രദ്ധിച്ചത്.. അയാള്‍ നിലത്തിരുന്ന് കൈ രണ്ടും നീട്ടി ആ വഴി നടക്കുന്നവരോടൊക്കെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു..
അവന്‍ തല പുറത്തേയ്ക്കിട്ടപ്പോള്‍ രവി ശാസിച്ചു - അപ്പൂ.. തല പുറത്തിടല്ലേ..
അവന്റെ ശ്രദ്ധ മുഴുവനും അയാളിലായിരുന്നു.
സ്റ്റിയറിങ്ങില്‍ വിശ്രമിച്ചിരുന്ന ഇടതു കൈകൊണ്ട് രവി അപ്പുവിന്റെ തുടയില്‍ പതുക്കെ തട്ടി..
അപ്പൂ... നിന്നോടാ ഞാന്‍ പറഞ്ഞേ, രവി സ്വരത്തിന്‌ ഘനം അല്പം കൂട്ടി.
അപ്പു പെട്ടെന്ന് തല അകത്തേയ്ക്ക് വലിച്ചു, പക്ഷെ അവന്റെ നോട്ടം ഇപ്പോഴും പുറത്തിരിയ്ക്കുന്ന ആളില്‍ തന്നെ ആയിരുന്നു..

ഫുട്പാത്തിലൂടെ പതുക്കെ നടന്നടുത്ത ഒരാള്‍, കീശ തപ്പിയെടുത്ത ഒരു നാണയത്തുട്ട് താഴേയ്ക്കു എറിഞ്ഞു കൊടുത്തു.. മിക്കവരും അങ്ങനെ ഒരാളെ കാണാത്ത പോലെയാണ്‌ ആ വഴി നടന്നത്.. ചിലരൊക്കെ ചില്ലറയില്ലാത്ത കീശയില്‍ പരതിക്കൊണ്ടും, സംശയിച്ചു കൊണ്ടും, ആ വിവരം ഒരു നോട്ടം കൊണ്ട് അയാളെ അറിയിച്ച ശേഷം പതുക്കെ കടന്നു പോയി.. അയാളുടെ കൂടെ ഏതാണ്ട് അപ്പുവിന്റെ അത്ര പ്രായം വരുന്ന ഒരു കുട്ടിയും ഉണ്ട്‌.. അപ്പുവിനെ പോലെ തുടുത്ത മുഖവും ചിരിയും ഒന്നും ഇല്ലായിരുന്നു അവന്‌.. കണ്ണുകള്‍ കുഴിഞ്ഞ് അകത്തേയ്ക്ക് പോയെങ്കിലും കണ്ണുകളിലെ സ്വപ്നവും നിഷ്കളങ്കതയും വറ്റാതെ നിറഞ്ഞു നിന്നിരുന്നു.. അഴുക്ക് പിടിച്ച ഒരു നിക്കര്‍ മാത്രമായിരുന്നു അവന്റെ വേഷം.. ഏച്ചു കെട്ടിയ നിക്കറിന്റെ കുടുക്കുകള്‍ക്കിടയില്‍ നിന്ന് ഒരു കുഞ്ഞു വയറ് തള്ളിപ്പുറത്തേയ്ക്ക് നിന്നിരുന്നു.. ശ്വാസം എടുക്കുമ്പോള്‍ ആ വയര്‍ പൊന്തുകയും താഴുകയും ചെയ്യുന്നത് അപ്പു കൗതുകത്തോടെ കണ്ടു.. അപ്പു അവന്‍ ഇട്ടിരുന്ന ഷര്‍ട്ട് നിക്കറിനിടയില്‍ നിന്നും വലിച്ച് മാറ്റി സ്വന്തം വയറിലേക്ക് നോക്കി.. അപ്പുവിന്റെ വയറും ഇളകുന്നുണ്ട്.. പക്ഷേ അവന്റെ അത്രേം ഇല്ല..
അപ്പു കൗതുകത്തോടെ പുറത്തേക്കു വീണ്ടും നോക്കി..

അവന്റെ കണ്ണിനു താഴെ വിയര്‍പ്പും, പൊടിയും കണ്ണീരും ഒരുമിച്ചു ചേര്‍ന്ന് ഉണങ്ങിയ കറുപ്പ് കലര്‍ന്ന പാടുകള്‍.. അവനും ആകാശത്തേയ്ക്കു തന്നെ ആയിരുന്നു നോക്കിക്കൊണ്ടിരുന്നത്‌.. കാലുകള്‍ റോഡില്‍ ഇറക്കി വെച്ച് ഉരച്ചുകൊണ്ടിരിയ്ക്കുകയാണവന്‍..

തു ക്യാ കര്‍ രഹേ ഹോ വഹാ പേ... റോഡ് ഹേ.. ഗാഡി ഭീ ഹേ.. ഹിമ്മത് ദേഖ്.. ഏസാ മത് കരോ..
അയാള്‍ അവനെ ശാസിക്കുകയാണെന്ന് അപ്പുവിന്‌ മനസ്സിലായി.. പക്ഷെ അവന്‍ ഒരു കൂസലും ഇല്ലാതെ കാലുകള്‍ റോഡില്‍ വെച്ച് ഉരച്ച് കൊണ്ടിരുന്നു.. അവന്റെ കാലിനോട് ചേര്‍ത്ത് നിര്‍ത്തിയിട്ടിരുന്ന മോട്ടോര്‍സൈക്കിളിലേക്കാണ്‌ ഇപ്പോള്‍ അവന്റെ നോട്ടം. അവന്റെ കൈയെത്തും ദൂരത്താണ്‌ മോട്ടോര്‍സൈക്കിള്‍.. അവന്‍ കൈ കൊണ്ട് അതിന്റെ ചക്രങ്ങളില്‍ പതുക്കെ തൊടാന്‍ ശ്രമിച്ചപ്പോള്‍ ഹെല്‍മറ്റിട്ടയാള്‍ ഒച്ച വെച്ച് സ്റ്റീറിംഗ് ഇളക്കി.. പ്രതീക്ഷിക്കാതെ പെട്ടെന്ന് ചക്രം ഇളകിയപ്പോള്‍ അവന്‍ കൈ പേടിച്ച് വലിച്ചു..
അവന്റെ മൂക്കില്‍ നിന്നും ഉത്ഭവിച്ചു തുടങ്ങിയ രണ്ട് തീര്‍ത്ഥ നദികള്‍ ചുണ്ടിന്റെ വശങ്ങളിലൂടെ താഴോട്ട് പ്രവഹിച്ചു തുടങ്ങിയിരിയ്ക്കുന്നു.. അവന്‍ അകത്തേയ്ക്ക് ഒന്നു വലിച്ചപ്പോള്‍ പാമ്പ് മാളത്തിലേയ്ക്ക് കേറി പോകുന്ന ചടുലതയോടെ നദികള്‍ രണ്ടും മൂക്കിനകത്തേയ്ക്കു കയറിപ്പോയി.

അച്ഛാ.. അപ്പു സംശയത്തോടെ രവിയെ വിളിച്ചു
ഉം.. രവി മൂളി
പുറത്തിരിയ്ക്കുന്ന അങ്കിളിനെ കണ്ടോ?
രവി തല ഇടത്തോട്ട് തിരിച്ച് നിസ്സംഗതയോടെ നോക്കി.. ഒരു ഹിന്ദിക്കാരന്‍.
അച്ഛാ.. ആ അങ്കിളെന്തിനാ പൈസ ചോദിയ്ക്കുന്നേ..?
ആ അങ്കിളിന്‌ പൈസ ഇല്ലാത്തതു കൊണ്ട്‌..
നമ്മക്ക് പൈസ കൊടുക്കാം..
ഇപ്പോ എങ്ങനെയാ കൊടുക്ക്വാ.. ഇപ്പോ നമ്മള്‍ വണ്ടിയ്ക്കകത്തല്ലേ... പിന്നെ കൊടുക്കാം..
നമ്മളിതിലെ ഇനി നടന്നു വര്വോ..?
ഉം.. ഒരീസം വരാം..
അച്ഛാ, ദേ അവനെക്കണ്ടോ.. എന്റത്രേം ണ്ട്‌.. അവനേത് ഉസ്കൂളിലാ?
അറഞ്ഞൂടാ..
മോര്‍ണിങ് ആയിട്ടും എന്താ ഉസ്കൂളില്‍ പോവാത്തേ..?
അറഞ്ഞൂടാ..
അതെന്താ അവനെക്കാണാന്‍ നല്ല ചന്തം ഇല്ലാത്തേ..?
അത്‌.. രവി ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതെ വലഞ്ഞു.. അത് അവന്‌ സുഖല്ലാത്തതോണ്ടാവും..
ശ്വാസം കിട്ടാണ്ടാണോ..? വല്യോര്‌ക്കല്ലേ സൂക്കേട് വര്വാ..?
ഹേയ്.. അതൊന്നുല്ലടാ.. രവി വിഷയം മാറ്റാന്‍ ശ്രമിച്ചു.
അപ്പോ ഹോസ്പിറ്റലില്‍ കൊണ്ടോവണ്ടേ..? നമ്മക്ക് അവനെ ഹോസ്പിറ്റലില്‍ കൊണ്ടോവാം?
അതിന്‌ അവന്‌ ഹോസ്പിറ്റലില്‍ കൊണ്ടോവണ്ട സൂക്കേടൊന്നും ഇല്ല മോനേ..
അപ്പോ ഈ സൂക്കേട് എങ്ങനെയാ മാറ്വാ...?
അത്..
സിഗ്നല്‍ പച്ച കത്തി ബ്ലോക്കൊഴിഞ്ഞിരിയ്ക്കുന്നു.. രവി വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് മുന്‍പിലുള്ള കാറിന്റെ കൂടെ പതുക്കെ നീക്കി...
പുറത്ത് ഇതു വരെ വീക്ഷിച്ചു കൊണ്ടിരുന്ന ഒരു ലോകം പെട്ടെന്ന് പിറകിലേക്ക് വലിഞ്ഞില്ലാതാവുന്നത് അപ്പു വിസ്മയത്തോടെ നോക്കി നിന്നു..

അപ്പോ ഈ സൂക്കേട് എങ്ങനെയാ മാറ്വാ...?
ങേ? മറന്ന് പോയ ചോദ്യം വീണ്ടും കേട്ടപ്പോള്‍ ഒരു നിമിഷം രവി ആശയക്കുഴപ്പത്തിലായി..
ഈ സൂക്കേട്...
അപ്പു രവിയുടെ വാക്കുകള്‍ക്ക് വേണ്ടി ചെവിയോര്‍ത്തു..
ഈ സൂക്കേട്.. ഇത് തന്നെ മാറുന്ന സൂക്കേടാ..
അപ്പുവിന്റെ കണ്ണുകള്‍ വീണ്ടും പുറം കാഴ്ചകളെ തിരഞ്ഞു..
അച്ഛാ.. അപ്പോ.. കുട്ട്യോള്‍ക്ക് വരുന്ന സൂക്കേടാണോ അച്ഛാ തന്നെ മാറ്വാ..?
ഉം.. ചെലപ്പോ.. അങ്ങനെയാ..

പിന്നീട് അപ്പുവിന്റെ ചിന്തകള്‍ അറിയാതെ ഒക്‍റ്റോപസ്സിന്റെ അടുത്തേയ്ക്ക് പോയി.. റീത്തട്ടീച്ചറാണ്‌ ഒക്‍റ്റോപസ്സിന്റെ കാര്യം പറഞ്ഞു തന്നത്.. ദേഹം നിറയെ കൈകള്‍.. ഹോ.. ആ റിവറിന്റെ അകത്ത് എത്ര ഒക്‍റ്റോപസ്സ് ഉണ്ടാവും.. അവന്‍ അതിശയത്തോടെ ഓര്‍ത്തു..

അച്ഛാ..
അപ്പു അടുത്ത ചോദ്യത്തിനുള്ള പുറപ്പാടിലാണെന്ന് രവിയ്ക്കു തോന്നി.. പുറത്തു കണ്ട കുട്ടിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ രവി വളരെ പ്രയാസപ്പെട്ടിരുന്നു.. ഉത്തരങ്ങള്‍ തെറ്റിച്ച് പറഞ്ഞതില്‍ തെല്ലൊരു മനപ്രയാസവും ഇല്ലാതില്ല..

കുപ്പീലിട്ട ഒക്‍റ്റോപസ്സിനെ കാണാന്‍ പറ്റുംന്നു റീത്ത ടീച്ചര്‍ പറഞ്ഞല്ലോ..
രവി ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു..

21 ഡിസംബർ 2010

സ്വപ്നത്തിലൊരു ട്രെയിന്‍ യാത്ര

ഞാനും അമ്മയും പേരറിയാത്ത ഏതോ ഒരു സ്ഥലത്തേയ്ക്കാണ്‌ ട്രെയിന്‍ ടിക്കറ്റ്‌ എടുത്തത്‌.. ട്രെയിനിനു പുറത്ത്‌ ജനാലയോട്‌ ചേര്‍ത്തു വച്ചു കെട്ടിയ രണ്ടു സീറ്റുകളില്‍ ഇരുന്നാണ്‌ യാത്ര. മുകളിലായി സ്ഥാപിച്ച സീറ്റില്‍ ഞാനും, എനിക്ക്‌ അല്‍പം മുന്‍പിലായി അമ്മയും. അകത്ത്‌ നല്ല തിരക്കാണ്‌. അതായിരിയ്ക്കാം പുറത്തുള്ള സീറ്റ്‌ തിരഞ്ഞെടുത്തത്‌. പക്ഷെ യഥാര്‍ത്ഥത്തില്‍ ട്രെയിനിനു പുറത്തെ സീറ്റ്‌ തിരഞ്ഞെടുത്തതാണോ, അതോ ഞങ്ങള്‍ക്കായി ഒഴിച്ചു വെച്ചതാണോ എന്ന്‌ നിശ്ചയമില്ല.. എന്തായാലും പുറത്തെ സീറ്റിന്‌ വേണ്ടി ഒരു തിക്കും തിരക്കും ഇല്ല. ചിലപ്പോള്‍ ഞാനും അമ്മയും മാത്രമേ ഇങ്ങനെ പുറത്ത് ഇരിയ്ക്കുന്നുണ്ടാവുകയുള്ളൂ.. എല്ലാം സ്വാഭാവികമായത് കൊണ്ട് ഒന്നും പ്രത്യേകിച്ച് ശ്രദ്ധിക്കാന്‍ പോയില്ല.

ട്രെയിന്‍ നീങ്ങി തുടങ്ങിയപ്പോള്‍ സ്വാഭാവികമായും നല്ല കാറ്റും, പിന്നെ ഒരു ചെറിയ അരക്ഷിതത്വവും തോന്നി.. യന്ത്രഊഞ്ഞാലിന്റെ മുകളിലെത്തി പെട്ടെന്ന്‌ താഴേക്കു വരുന്ന നിമിഷത്തില്‍ തോന്നുന്ന ഒരു അനുഭൂതി, ഇടയ്ക്കെപ്പഴോ ട്രെയിനിന്റെ ഗതി മാറിയപ്പോള്‍ അത് അനുഭവപ്പെട്ടു...  പക്ഷെ എനിക്കത് തികച്ചും സ്വാഭാവികമായ യാത്ര തന്നെ ആയിരുന്നു..

പെട്ടെന്ന്‌ നല്ല മഴ പെയ്തു. വെള്ളത്തുള്ളികള്‍ ശക്തിയായി മുഖത്തടിച്ചു എന്നെ   വേദനിപ്പിച്ചു... മഴവെള്ളം അകത്തേയ്ക്ക് അടിച്ചു കയറുന്നുണ്ടായിരുന്നു. പൊളിഞ്ഞു തുടങ്ങിയ ഷട്ടര്‍ അകത്തിരുന്നിരുന്ന ഒരാള്‍  താഴ്ത്താന്‍ ശ്രമിച്ചപ്പോള്‍ എന്റെ ദേഹത്ത് കൊണ്ടു..
"ഞാന്‍ ഇവിടെ മഴ കൊണ്ട്‌ പുറത്തിരിയ്ക്കുക, അകത്തിരിയ്ക്കുന്ന ആള്‍ ഷട്ടര്‍ താഴ്ത്താന്‍ ശ്രമിയ്ക്കുക.. ഇതെവിടുത്തെ ഏര്‍പ്പാടാണ്‌", എന്ന്‍ മനസ്സില്‍ ഓര്‍ത്തു. ശല്യമായപ്പോള്‍ പുറത്തു നിന്നും ജനാലയില്‍ തട്ടി ശബ്ദം ഉണ്ടാക്കിക്കൊണ്ട് ഞാന്‍ അയാളോടു പറഞ്ഞു - "നോക്ക്‌, ഇതാകെ പൊളിഞ്ഞു കിടക്കുകയാണ്‌.. ഇതിനി അടയ്ക്കാന്‍ പറ്റില്ല.. ദേഹത്ത്‌ തട്ടുന്നുണ്ട്‌, ഇങ്ങനെ ചെയ്യുമ്പോള്‍.. ഇവിടെ ഇരിക്കുന്നത് കാണുന്നില്ലേ.."
അത്രയും പറഞ്ഞപ്പോള്‍ അകത്തിരുന്ന ആള്‍ ആ ശ്രമം ഉപേക്ഷിച്ചു...

പെട്ടെന്നാണ്‌ ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചത്‌... അമ്മയതാ ഒരു പച്ചപ്പുല്‍ച്ചാടിയായി മാറിയിരിക്കുന്നു..! മഴയത്ത്‌ ഒരു കുഴപ്പവും ഇല്ലാതെ സുഖമായിരിയ്ക്കുകയാണ്‌.. ഇത് നല്ല കാര്യം തന്നെ..

ഇടയ്ക്ക് ഏതോ ഒരു സ്റ്റേഷനിലെത്തിയപ്പോള്‍ അമ്മ പതുക്കെ പ്ളാറ്റ്ഫോമിനോട്‌ ചേര്‍ന്നു നിന്നിരുന്ന ചെടികളുടെ അടുത്തേയ്ക്ക്‌ പറന്നു‌.. ഞാനും സീറ്റില്‍ നിന്നു പതുക്കെ ഇറങ്ങി പ്ളാറ്റ്ഫോമിലൂടെ ആ ചെടികളെ ലക്ഷ്യമാക്കി നടന്നു...

അപ്പോഴേക്കും മഴ എകദേശം തോര്‍ന്നു തുടങ്ങിയിരുന്നു.. ഞാന്‍ അടുത്തെത്തിയപ്പോള്‍ അമ്മ  പതുക്കെ പ്ളാറ്റ്ഫോമിന്റെ ഓരം ചേര്‍ന്ന്‌ പോയിരുന്ന ചെമ്മണ്ണിട്ട നാട്ടു വഴിയിലേക്ക് പറന്നു പോയി.. വഴിയ്ക്കരികില്‍ നിന്നിരുന്ന ചെടികളില്‍ പറന്നിരുന്ന ശേഷം, ഞാന്‍ അടുത്തെത്താനായി അവിടെ കാത്തിരുന്നു.. ഞാന്‍ പതുക്കെ പിന്‍തുടര്‍ന്ന് അടുത്തെത്തിയപ്പോള്‍ ‍വീണ്ടും അടുത്ത ചെടിയിലേക്ക് പറന്നു.. അങ്ങനെ കുറച്ചു ദൂരം പോയി..

തണുത്ത  മഴത്തുള്ളികള്‍ ഓരോന്നു മാത്രം ഇടയ്ക്കൊക്കെ ദേഹത്തു വീഴുന്നുണ്ടായിരുന്നു അപ്പോഴും..

തെല്ലൊന്നു അടുത്തെത്തിയപ്പോള്‍ ഞാന്‍ കിതച്ചു കൊണ്ടു കൌതുകത്തോടെ ചോദിച്ചു, "നില്‍ക്കമ്മേ, ഇനി മതി പറന്നത്‌.. ഇതു പറ... മഴപെയ്തപ്പോ മഴത്തുള്ളിയുടെ അടുത്തിരുന്നില്ലേ; അപ്പോ എന്തു പോലെയാ തോന്നിയത്‌.. ?"

അമ്മ ചിരിച്ചു കൊണ്ടു പറഞ്ഞു, "ഉം.. അതോ.. മഴത്തുള്ളിയുടെ അടുത്തിരിയ്ക്കുമ്പോ... കണ്ണിമാങ്ങ കയ്യില്‍ തൊട്ടിരിയ്ക്കുന്ന പോലെ.. "

"കണ്ണിമാങ്ങ പോലെയോ!", ഞാന്‍ അത്ഭുതത്തോടെ നോക്കി. വിചിത്രം തന്നെ.

"അതെ", അമ്മ വീണ്ടും ചിരിച്ചു.. എന്നിട്ട്‌ എന്നോടിങ്ങനെ പറഞ്ഞു, "വാ ഇനി നമുക്കു ബസ്സിനു പോകാം.. "

"അയ്യോ.. അപ്പോ ആ ട്രെയിന്‍..? വാ വേഗം പോയാ ട്രെയിന്‍ കിട്ടും..", ഞാന്‍ അമ്മയോട്‌ പറഞ്ഞു..

സംസാരിച്ചു കൊണ്ടിരിയ്ക്കുന്നതിനിടയ്ക്ക്‌ എപ്പോഴോ അമ്മ ആ പഴയ അമ്മ തന്നെ ആയി മാറിയിരുന്നു.. തികച്ചും സ്വാഭാവികമായിരുന്നു. ആ രൂപമാറ്റം.

ഞാന്‍ അമ്മയുടെ കൈ പിടിച്ചു കൊണ്ട്‌ ട്രെയിനിനെ ലക്ഷ്യമാക്കി ഓടി.. പക്ഷെ ട്രെയിന്‍ പതുക്കെ നീങ്ങി തുടങ്ങിയിരുന്നു. അത് ഞങ്ങള്‍ ദൂരെ നിന്നും‍ കണ്ടു.. അല്‍പ ദൂരം കൂടി ഓടിയപ്പോഴേയ്ക്കും, ട്രെയിന്‍ ഞങ്ങള്‍ക്ക് ഓടിയെത്താന്‍ കഴിയാത്ത അത്രയും വേഗം പ്രാപിച്ചു കഴിഞ്ഞിരുന്നു. എന്റെ ഓട്ടത്തിന്റെ വേഗം കുറഞ്ഞു.

ഞാന്‍ നിരാശയോടെ അമ്മയോട്‌  "അതു പോയല്ലോ.. ഇനി എന്തു ചെയ്യും.. "
 എന്ന് പറഞ്ഞു മുഴുമിച്ചില്ല... അതിനു  മുമ്പ്‌ ഒരു സ്ഫോടന ശബ്ദത്തോടെ ട്രെയിനിന്റെ ബോഗികള്‍ ഓരോന്നായി പൊട്ടിത്തെറിച്ചു... പൊട്ടിത്തെറിയുടെ ഭീകര ശബ്ദവും, പടര്‍ന്നു പിടിയ്ക്കുന്ന തീയും, അന്തരീക്ഷമാകെ വിഴുങ്ങിക്കൊണ്ട് കറുത്ത പുകയും..  മരവിച്ചു പോയി, ആ കാഴ്ച കണ്ട്.. ടിവിയില്‍ മാത്രമേ ഇങ്ങനെയൊക്കെ കണ്ടിട്ടുള്ളൂ. നേരിട്ട് അനുഭവിയ്ക്കുമ്പോള്‍ എത്ര ഭീകരം..

ഞാന്‍ അമ്മയെ കെട്ടിപ്പിടിച്ചു കൊണ്ട് ചുമലില്‍ മുഖമമര്‍ത്തി വിതുമ്പി, വാക്കുകള്‍ പുറത്തു വരാന്‍ ബുദ്ധിമുട്ടുന്നത് പോലെ തോന്നി.

അമ്മ പറഞ്ഞു - "ഉം.. സാരല്ല.. ഞാന്‍ പറഞ്ഞില്ലേ, ബസ്സില്‍ പോവാന്ന്‌... "

വാക്കുകള്‍ തൊണ്ടയില്‍ നിന്നു പുറത്തു വരാനാകാതെ വിമ്മിഷ്ടപ്പെടുകയായിരുന്നു.
"അയ്യോ..." - ഒരു നിമിഷം ശബ്ദം പുറത്ത് വന്നു.. സ്വപ്നത്തിനും യാഥാര്ത്യത്തിനും ഇടയ്ക്കുള്ള അങ്കലാപ്പിന്റെ ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം ഞാന്‍ കണ്ണുകള്‍ തുറന്നു!

നുറുങ്ങ്‌ - ഇതാണ്‌ സ്വപ്നവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള ഒരേ ഒരു വ്യത്യാസം, യാഥാര്‍ത്ഥ്യം സംശയിയ്ക്കാന്‍ അനുവദിയ്ക്കുന്നു, പക്ഷെ സ്വപ്നം അതിനനുവദിയ്ക്കുന്നില്ല! (ഓഷോ)

17 ഡിസംബർ 2010

വൈകി വന്ന കൂട്ടുകാരന്‍

നാലു വര്‍ഷത്തെ ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷം, പതിനാറാം ക്ലാസ്സില്‍ നിന്ന്‌ പതിനേഴാം ക്ലാസ്സിലേക്ക് പോകുന്ന പ്രതീതിയോടെ ആയിരുന്നു ജോലിയില്‍ പ്രവേശിച്ചത്‌. ജോലി ചെയ്ത് അധ്വാനിച്ച് സമ്പാദിയ്ക്കണമെന്നോ, "സെറ്റില്‍" ആകണമെന്നോ ഉള്ള ഒരു കാഴ്ചപ്പാടേ ഉണ്ടായിരുന്നില്ല.. കൂടിപ്പോയാല്‍ ഒരു MP3 Player വാങ്ങണം, അല്ലെങ്കില്‍ നന്നായി വല്ല ഭക്ഷണവും വാങ്ങിച്ചു കഴിയ്ക്കണം, കുറേ വഴികള്‍ ഒറ്റയ്ക്കു നടക്കണം, പിന്നെ സ്വയം ചങ്ങലയ്ക്കിട്ടിരുന്ന ചിന്തകളില്‍ നിന്നും രക്ഷപ്പെടണം - അതൊക്കെയായിരുന്നു ഓരോ ദിവസവും തന്നിരുന്ന പ്രതീക്ഷകള്‍..

കോഴിക്കോടുള്ള ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ആയിരുന്നു ആദ്യത്തെ ജോലി. കോളേജ് കഴിഞ്ഞാല്‍ ഒരിയ്ക്കലും ഒരു സൗഹൃദവും, അങ്ങനെ ഒരു അന്തരീക്ഷവും, ഉണ്ടാവില്ല എന്നു കരുതിയതാണ്‌. പണ്ട്‌ സ്കൂളിലും, പ്ലസ് ടു വിലും അവസാനത്തെ ദിവസങ്ങളില്‍ തോന്നിയതും ഇതു തന്നെ.. അതു കൊണ്ട് ഏറെക്കുറെ ഒരു പിടിപാടുണ്ടായിരുന്നു, ഒന്നും ഒരിക്കലും അവസാനിയ്ക്കില്ലെന്നും; എല്ലാം അവസാനിയ്ക്കുന്ന പോലെ തോന്നുന്നതാണെന്നും!

കോഴിക്കോട് നിന്നും മിക്കവാറും എല്ലാ ശനിയാഴ്ചയും ഞാന്‍ ഗുരുവായൂരിനടുത്തുള്ള വീട്ടില്‍ പോകും. കുറ്റിപ്പുറത്തോ, എടപ്പാളിലോ എത്തുമ്പോള്‍ അച്ഛനോ ചേച്ചിയോ വിളിയ്ക്കും; "എന്താ വരുന്നില്ലേ.. എവിടെ എത്തി." എന്നൊക്കെ ചോദിച്ചു കൊണ്ട്‌. ഞാന്‍ 9 മണിയുടെ ശ്രീറാം ബസ്സില്‍ വന്നിറങ്ങുന്നത് കാത്തിരിയ്ക്കുകയായിരിയ്ക്കും അവര്‍. രാത്രിയിലെ ബസ്സ് യാത്ര എന്റെ ഇഷ്ടങ്ങളില്‍ ഒന്നാണ്‌.. ഒരു ധൃതിയും ഇല്ലാത്ത യാത്ര..

ഒരു ശനിയാഴ്ച ദിവസം; പതിവ് പോലെ ശ്രീറാം ബസ്സ് എന്നെ വീട് വരെ കൊണ്ട് ചെന്നാക്കി നേരെ ചേറ്റുവയിലേക്ക് പോയി. വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷം ഞാന്‍ മുറിയിലേക്ക് ഒതുങ്ങിക്കൂടി. അവിടെ ആണ്‌ ഓര്‍മ്മകളുടെ കൊട്ടാരങ്ങള്‍ ഞാന്‍ സൂക്ഷിച്ച് വെച്ചിരുന്നത്. മൃതിയടഞ്ഞ നിമിഷങ്ങളെ പുനര്‍ജ്ജനിപ്പിച്ച് അതിലൂടെ വീണ്ടും കടന്നു പോകുന്നത് ഒരു ലഹരിയായിരുന്ന് എനിക്ക്. ഓര്‍മ്മത്തുണ്ടുകള്‍ എന്തുമാകാം - സിനിമാടിക്കറ്റുകള്‍, കടല പൊതിഞ്ഞ കടലാസ്, അവസാന ദിവസം ബസ്സ് യാത്ര ചെയ്ത ടിക്കറ്റുകള്‍, ഓര്‍മ്മയില്‍ മാത്രം വല്ലപ്പോഴും ജീവിയ്ക്കുന്ന സുഹൃത്ത് പണ്ട് സമ്മാനിച്ച മിഠായിയുടെ കവര്‍, ബസ്സിന്റെ പാസുകള്‍, പഴയ ഉത്തരക്കടലാസുകള്‍.. അങ്ങനെ പല പല ഓര്‍മ്മകള്‍. ഓരോ കുഞ്ഞുതുണ്ടും, നഷ്ടപ്പെട്ട് പോയ സ്വപ്നഗോപുരത്തിന്റെ തന്മാത്രകളായിരുന്നു. ഓര്‍മ്മകളോരോന്നായി വന്നു കഥ പറയും, പണ്ടത്തെ കഥകള്‍. യൂണിഫോമും, ബ്ലാക്ക്ബോര്‍ഡും, ബെഞ്ചും ഡെസ്ക്കും എല്ലാം രംഗം നിറയ്ക്കും.. ചില കഥകള്‍ പെട്ടെന്ന് അവസാനിയ്ക്കും, വേറേ ചിലത് തുടര്‍ന്നുകൊണ്ടേയിരിക്കും, കഥകള്‍ക്കുള്ളില്‍ വേറേ കഥകള്‍..

പൊടി പിടിച്ച, നിറം മങ്ങിയ കറുത്ത ബാഗ്.. അതിലാണ്‌ ഭൂരിഭാഗം ഓര്‍മ്മകളെയും സംസ്കരിച്ചിരിയ്ക്കുന്നത്. പണ്ട് എഴുതിയ ഡയറിക്കുറിപ്പുകളും, പണ്ടത്തെ ആവലാതികളും താളുകള്‍ മറിച്ച് ഞാന്‍ ശ്വസിച്ചു. ഇടയ്ക്ക് ഒരു താളിലെത്തിയപ്പോള്‍ ശ്വാസം ഒന്നു നിലച്ചു. ഞാന്‍ കൗതുകത്തോടെ അതിലേക്ക് നോക്കി. നീല ഹീറോപ്പേന കൊണ്ടെഴുതിയ ആ എഴുത്തിനെ, നീണ്ട ആറ് വര്‍ഷങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

"ഇല പൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായി
മനമുരുകും വേദനയില്‍ ആണ്‍കിളിയാ കഥ പാടി
മറഞ്ഞു പോയീ ആ മന്ദഹാസം
ഓര്‍മ്മകള്‍ മാത്രം ഓര്‍മ്മകള്‍ മാത്രം"

നിനച്ചിരിയ്ക്കാതെ ഒരു ദിവസം സുഹൃത്ത് കോറിയിട്ടു തന്ന വരികള്‍. സ്കൂളിലെ വിരസമായ മധ്യാഹ്നങ്ങളായിരുന്നു അവനെ എനിക്കു പരിചയപ്പെടുത്തിയത്. അന്നൊക്കെ Mp3 player ഉം, പാട്ടുകളുടെ ശേഖരവും ഒന്നും ഇല്ലാത്ത കാലമായിരുന്നു. ആകെ ഉണ്ടായിരുന്നത് പണ്ട് മാമന്‍ ഗള്‍ഫില്‍ നിന്നു വന്നപ്പോള്‍ കൊണ്ടു വന്ന ഒരു cassette player; കൂടെ ഉണ്ടായിരുന്ന രണ്ടോ മൂന്നോ കാസറ്റുകളും.. ആകെ ജന്മത്തില്‍ കേട്ടിരുന്ന പാട്ടുകള്‍ അതു മാത്രമായിരുന്നു.. ബസ്സില്‍ വെച്ചാണ്‌ വല്ലപ്പോഴും വേറേ പാട്ടുകള്‍ കേട്ടിരുന്നത്‌. ഇമ്പമുള്ള പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ അപ്പോള്‍ തന്നെ കുറിച്ചിടും, മറന്നു പോകാതിരിയ്ക്കാന്‍, എന്നെങ്കിലും അവസരം കിട്ടുകയാണെങ്കില്‍ കേള്‍ക്കാനും.

പാട്ടുകളിലൂടെ ആയിരുന്നു അവനുമായുള്ള ചങ്ങാത്തം. ബസ്സിലും മറ്റും കേട്ട പാട്ടുകളുടെ ഇത്തിരി ഭാഗം ഞാന്‍ അവനു മൂളിക്കൊടുക്കും.
അവന്‍ ആ പാട്ട് കണ്ടു പിടിച്ചു പറഞ്ഞു തരും.. റേഡിയോ കേള്‍ക്കാറുണ്ടായിരുന്നത് കൊണ്ടാവും, അവനറിയാത്ത പാട്ടുകളില്ലായിരുന്നു. എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും മലയാളം പാട്ടുകളായിരുന്നു എന്റെ പ്രിയപ്പെട്ടവ.. അന്ന് പാട്ട് കേള്‍ക്കുമ്പോള്‍ സംഗീതം ആരാണെന്നോ, പാടിയത്‌ ആരാണെന്നോ ഒന്നും ഓര്‍ക്കാറേ ഇല്ല. പാട്ട് മാത്രം.. പാട്ട് മാത്രം മതിയായിരുന്നു, അത്രയ്ക്ക് ഭ്രാന്തായിരുന്നു!

ആറ് വര്‍ഷങ്ങള്‍ അവനെക്കുറിച്ച് ഓര്‍ക്കാതെയും അന്വേഷിയ്ക്കാതെയും കടന്നു പോയിരിക്കുന്നു..അവനെവിടെ ആയിരിക്കും? പഴയ കൂട്ടുകാരെ പലരെയും ഓര്‍ക്കുട്ടിലൂടെ വീണ്ടും കണ്ടു മുട്ടി; പക്ഷെ കാണുവാന്‍ കൊതിച്ച ഈ കൂട്ടുകാരന്‍ മാത്രം ഒരു സെര്‍ച്ച് റിസള്‍ടിലും വന്നില്ല.. ഒരു സുഹൃത്ത്, അവന്‍ ബിരുദപഠനത്തിനു ചേര്‍ന്നു എന്നും, വേറൊരു സുഹൃത്ത് അവനെ യൂണിവേഴ്സിറ്റിയില്‍ വെച്ച് കണ്ടെന്നും പറഞ്ഞതല്ലാതെ അവനെക്കുറിച്ച് ആര്‍ക്കും വേറേ ഒന്നും അറിയില്ലായിരുന്നു.. ഇന്ന്, പണ്ട് കേള്‍ക്കുവാന്‍ കൊതിച്ച പാട്ടുകളുടെ എല്ലാം മോശമില്ലാത്ത ഒരു ശേഖരം തന്നെ ഉണ്ട്‌ എന്റെ കയ്യില്‍.. പണ്ടത്തെ അതേ പാട്ടുകള്‍.. പക്ഷെ അവനെവിടെ? ഇന്ന് ആ പാട്ടുകള്‍ പല തവണ കേട്ട് തഴക്കം വന്നിരിയ്ക്കുന്നു.. നേര്‍ത്ത ഒരു തരം വിരസതയും..

വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സുഹൃത്തിനോടൊപ്പം ക്ലാസ്സ്മുറി സന്ദര്‍ശിച്ചപ്പോഴും, പരതിയത്, അവന്‍ പണ്ട് ചുവരില്‍ കോറിയിട്ട അവന്റെ അഡ്രസ്സായിരുന്നു, പുതുതായി അടിച്ച പെയിന്റിന്റെ പാളികള്‍ അതൊക്കെ തേച്ച് മായ്ച്ച് കളഞ്ഞിരുന്നു.. ഓര്‍മ്മയില്‍ അവ്യക്തമായി കിടക്കുന്നുണ്ട് അഡ്രസ്സ്, പക്ഷെ പൂര്‍ണ്ണമായും ശരിയാണോ എന്നറിയില്ല.. പെട്ടെന്നാണ്‌ ഡയറിയുടെ ആദ്യത്തെ താളുകളെ കുറിച്ച് ഓര്‍മ്മ വന്നത്, അന്ന് അടുത്തറിയാവുന്ന സുഹൃത്തുക്കളുടെ ഫോണ്‍നമ്പറുകള്‍ ഞാന്‍ എഴുതി വെച്ചിരുന്നു, ആദ്യത്തെ താളുകളില്‍..

"വളരെ അത്യാവശ്യം ഉള്ളപ്പോ മാത്രം വിളിച്ചാ മതി.. ഇത് വീട്ടിനടുത്തുള്ള നമ്പര്‍ ആണ്‌.. അയാള്‌ ചെലപ്പോ വിളിച്ച് തന്നൂന്നും വരില്ല.. ഒരു മാതിരി ആള്‍ക്കാരാണ്‌..", അവന്‍ പണ്ട് നമ്പര്‍ തന്നപ്പോള്‍ പറഞ്ഞ കാര്യം ഞാനോര്‍ത്തു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്കൂളില്‍ നിന്നും പോന്നതിനു ശേഷം, ഒരു ദിവസം അവനെ വിളിയ്ക്കുവാന്‍ ശ്രമിച്ചിരുന്നു.. അന്ന് ഫോണ്‍ എടുത്ത ആള്‍ ഒന്നും മനസ്സിലാകാത്തതു പോലെ എന്തൊക്കെയോ സംസാരിച്ചു.. അവന്റെ വീട്ട്പേര്‌ പറഞ്ഞിട്ടും അയാള്‍ക്ക് ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല.. അവസാനം ഞാന്‍ ഫോണ്‍ വെയ്ക്കുകയായിരുന്നു..

ഞാന്‍ അല്‍‌പ നേരം ഫോണ്‍ നമ്പര്‍ നിരീക്ഷിച്ചു - പണ്ടത്തെ ആറക്ക ഫോണ്‍ നമ്പര്‍, ഇന്നത് ഏഴക്കം ആയിട്ടുണ്ടാകും.. മാറിയിട്ടുണ്ടാകുമോ? അവന്റെ കയ്യില്‍ എന്റെ നമ്പറും ഉണ്ടായിരുന്നു. ഇന്ന് നാടും നമ്പറും മാറിയെങ്കിലും, പണ്ട് പഴയ നമ്പറിലേക്ക്‌ അവന്‍ ഒരു വട്ടം പോലും വിളിച്ചില്ലല്ലോ.. എന്തായാലും ഒന്നു വിളിച്ചു നോക്കുക തന്നെ.. അങ്ങനെ മനസ്സില്‍ കുറിച്ചിട്ട്, ഡയറിയും, ഓര്‍മ്മത്തുണ്ടുകളും ബാഗില്‍ ഭദ്രമായി വെച്ച ശേഷം ഞാന്‍ ഉറങ്ങാന്‍ കിടന്നു. ഉറങ്ങാന്‍ കിടന്നപ്പോഴും ചിന്ത പാട്ടുകള്‍ പങ്കു വെച്ച മധ്യാഹ്നങ്ങളെക്കുറിച്ചായിരുന്നു. എന്നെ അവന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ടാകുമോ? വിളിച്ച് കിട്ടിയാല്‍, വിരസമായ സുഖാന്വേഷണവും, "എന്നാല്‍ ശരി.. പിന്നെ കാണാം" എന്ന ഉത്തരവും ആയിരിയ്ക്കുമോ? അതിലും നല്ലത് വിളിയ്ക്കാതിരിയ്ക്കുന്നതാണ്‌. എന്തായാലും വിളിച്ച് നോക്കുക തന്നെ.. ഞാന്‍ ഉറപ്പിച്ചു.

പിറ്റേന്ന് രാവിലെ പത്ത് മണി ആയപ്പോള്‍ ഞാന്‍ ഡയറിയുമായി ഫോണിന്റെ അടുത്തേയ്ക്ക് നീങ്ങി. STD കോഡും 2ഉം ചേര്‍ത്ത ശേഷം ആറക്ക സംഖ്യ ഡയല്‍ ചെയ്തു, എന്താണ്‌ സംഭവിക്കുന്നതെന്നറിയാന്‍ കാതോര്‍ത്തു.. വിളിയ്ക്കാനൊരുങ്ങുമ്പോള്‍, "This number does not exist" എന്ന പ്രതികരണം ആയിരിയ്ക്കുമോ എന്ന് പലകുറി സംശയിച്ചിരുന്നു, അങ്ങനെ ആണെങ്കില്‍ ഇതിവിടെ അവസാനിച്ചു - പിന്നെ അവന്‍ താളുകളിലും ഓര്‍മ്മകളിലും മാത്രം. പക്ഷെ, ഫോണ്‍ റിങ് ചെയ്തു.. ഒരാളെടുത്തു.. ഇരുത്തം വന്ന സംസാരം. ഞാന്‍ തൃശൂരില്‍ നിന്നാണ്‌ വിളിയ്ക്കുന്നതെന്നും, പിന്നെ എല്ലാ കാര്യങ്ങളും അയാളോട് പറഞ്ഞു. ഓരോന്ന് പറയുമ്പോഴും ശങ്കയായിരുന്നു, അയാള്‍ അവിടെ എങ്ങനെ ആണ്‌ പ്രതികരിക്കുന്നതെന്ന്.. അയാള്‍ക്ക് ഇതിലെന്തെങ്കിലും താല്‍‌പര്യം ഉണ്ടാകുമോ എന്ന്‌.. എല്ലാം കേട്ട് നിന്ന ശേഷം, ഞാന്‍ വിളിച്ചത് റോങ്നമ്പര്‍ ആണെന്ന് അയാള്‍ പറഞ്ഞു.. എല്ലാ പ്രതീക്ഷയും അതോടെ നശിച്ചു. പക്ഷെ അയാള്‍ വീണ്ടും സംസാരിച്ചു.. മുമ്പ് താമസിച്ചിരുന്നവര്‍ സ്ഥലം മാറിപ്പോയെന്നും.. അവരിവിടെ കുറച്ച് കാലമായി താമസിയ്ക്കുകയാണെന്നും.. ഞാന്‍ പറഞ്ഞ കാര്യങ്ങളൊക്കെ വെച്ച് നോക്കുമ്പോള്‍, അതു പോലെ ഒരാള്‍ അടുത്തുണ്ടെന്നും പറഞ്ഞു.. എന്റെ mobile നമ്പര്‍ അയാള്‍ക്ക് കൊടുത്തു.. എന്തായി എന്നറിയാന്‍ വൈകീട്ട് വീണ്ടും വിളിയ്ക്കാം എന്ന് പറഞ്ഞു ഞാന്‍ ഫോണ്‍ വെച്ചു..

അവനൊരു അനിയന്‍ ഉണ്ടായിരുന്നു. പിന്നെ അച്ഛന്‍, അമ്മ.. വീട്ടില്‍ നിന്നും അങ്ങനെ കാര്യമായ നിര്‍ബന്ധമൊന്നും ഇല്ല; അവന്റെ പഠനത്തെ ചൊല്ലി.. ഞാന്‍ അത്ഭുതപ്പെടാറുണ്ടായിരുന്നു, അവനെങ്ങനെ ആണ്‌ പഠിയ്ക്കുവാന്‍ തോന്നുന്നതെന്ന്.. ആരും നിര്‍ബന്ധിയ്ക്കാതെ.. അവനൊക്കെ ഭാവിയെക്കുറിച്ച് ചിന്തിയ്ക്കുന്നുണ്ടാവും, അവന്റെ മനസ്സില്‍ ഒരു ചിത്രമുണ്ടാവും എന്നൊക്കെ ഞാന്‍ അനുമാനിയ്ക്കും.. അവന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞ്, എപ്പോഴും "കമ്പനി" അടിച്ച് നടന്ന് - അങ്ങനെ ഒരു സൗഹൃദമൊന്നും ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നില്ല.. ഇടയ്ക്കൊക്കെ ഉള്ള സംസാരം മാത്രം. പക്ഷെ, ചില സൗഹൃദങ്ങള്‍ അങ്ങനെ ആണ്‌, ഒരുമിച്ച് ഉണ്ടായിരുന്ന വര്‍ഷങ്ങളുടെ കഥകള്‍ പറയാനില്ലെങ്കിലും അതങ്ങനെ അവിടെ നില്‍ക്കും.. ആരും അറിയാതെ.. പിന്നെ ഏതെങ്കിലും ഒരു രാത്രി പൊടി പിടിച്ച പഴയ ഒരു പുസ്തകത്തിന്റെ ഏടില്‍ നിന്ന് ഒരു നൊമ്പരമായി പുറത്തു വരും..

അന്ന്‌ വൈകുന്നേരം ഞാന്‍ വീണ്ടും വിളിച്ചു, ആളതു തന്നെ ആണെന്നും കാണാന്‍ കഴിഞ്ഞില്ലെങ്കിലും നമ്പര്‍ ഏല്പിച്ചിട്ടുണ്ടെന്നും അയാള്‍ പറഞ്ഞു. ചെയ്ത ഉപകാരത്തിന്‌ നന്ദി പറഞ്ഞ ശേഷം ഞാന്‍ ഫോണ്‍ വെച്ചു. ഒരു പരീക്ഷണം പോലെ ചെയ്ത കാര്യം ഫലപ്രാപ്തിയോടടുക്കുന്നതു കണ്ട് ഉള്ളില്‍ ഒരു സന്തോഷം തോന്നി.

പിന്നെ രണ്ട് ദിവസങ്ങള്‍ കഴിഞ്ഞു പോയി.. ഞാന്‍ കോഴിക്കോട് തിരിച്ചെത്തി.. ഒരു സന്ധ്യയ്ക്ക് അറിയാത്ത ഒരു നമ്പറില്‍ നിന്നുള്ള ഫോണ്‍കോളായി അവന്‍ വന്നു.
"ഹലോ.. എടാ ഇത്‌ ഞാനാടാ"
ഒരു നിമിഷം, എനിക്ക് മനസ്സിലായി; ഇത് അവന്‍ തന്നെ...
"എവിടെ ആയിരുന്നു ഇത്രയും കാലം? ഒരു അഡ്രസ്സും ഇല്ലല്ലോ... മറ്റ് ആള്‍ക്കാരെ പറ്റിയൊക്കെ ഏകദേശം ഒരു ധാരണയുണ്ട്‌. പക്ഷെ നീ എവിടെ ആയിരുന്നു?"
"എടാ ഞാന്‍..", അവന്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടുന്നതു പോലെ തോന്നി. അവന്‍ തുടര്‍ന്നു, "ആരെം ഞാന്‍ വിളിച്ചില്ല, മനഃപൂര്‍‌വ്വമാണ്‌... ഒരു friend ഒരിക്കല്‍ കത്തയച്ചിരുന്നു, പക്ഷെ ഞാന്‍ മറുപടി അയച്ചില്ല.. ആരേം ഇനി ഒരിക്കലും കാണുമെന്ന് വിചാരിച്ചതല്ല.. അങ്ങനെ തോന്നി.. നീ വിളിച്ചല്ലോ.. ഞാന്‍ തീരെ വിചാരിച്ചില്ല ആരെങ്കിലും വിളിയ്ക്കുമെന്ന്.."
"ഞാനിപ്പോള്‍ കോഴിക്കോട് ആണ്‌.."
"നമുക്കൊരു ദിവസം കാണാം.."
"ഒരു ഞായറാഴ്ച.. ഞാന്‍ വിളിയ്ക്കാം..", ഞാന്‍ കൂട്ടിച്ചേര്‍ത്തു.
"ശരി.. കാണാം.. ഇതെന്റെ നമ്പര്‍ ആണ്‌.."
"ഞാന്‍ save ചെയ്തോളാം"

ആ വിളി അങ്ങനെ അവസാനിച്ചു. പിന്നീട് ഇടയ്ക്കിടയ്ക്ക് എനിക്ക് കിട്ടാറുണ്ടായിരുന്ന messages ഒക്കെ forward ചെയ്യുമായിരുന്നു. പക്ഷെ അവന്റെ ലോകത്തില്‍ messages ഉം കാര്യങ്ങളും ഒന്നും ഉണ്ടായിരുന്നില്ലെന്ന് എനിക്കു തോന്നി. ആഗസ്തിലെ ഒരു ഞായറാഴ്ച ഞാന്‍ അവനെ കാണുവാന്‍ തന്നെ തീരുമാനിച്ചു. അവനെ വിളിച്ചപ്പോള്‍ അവനന്ന് ക്ലാസ്സുണ്ടെന്ന് പറഞ്ഞു. പിന്നീട്‌ രണ്ട് പ്രാവശ്യം വിളിച്ചപ്പോഴും അവനെന്തൊക്കെയോ അസൗകര്യങ്ങള്‍ ആയിരുന്നു. പെട്ടെന്നൊരു ദിവസം, "This number is not currently in use", എന്ന പ്രതികരണമായിരുന്നു എനിക്കു കിട്ടിയത്‌. അത് കേട്ടപ്പോള്‍ വേദന തോന്നി; അവന്‍ അന്ന് വിളിച്ചപ്പോള്‍ പറഞ്ഞത് ഓര്‍മ്മ വന്നു.. മനഃപൂര്‍‌വ്വം ഇനി ആരുമായും ഒരു contact ഉം വേണ്ട എന്ന് വെച്ചത് കൊണ്ടാവാം.. വെറുതെ അവന്റെ ഏകാന്തതയില്‍ കടന്ന് ചെന്ന് ശല്യപ്പെടുത്തേണ്ടിയിരുന്നില്ല, എന്നും തോന്നി.. വേദനയും നിരാശയും, ഞാന്‍ അവന്റെ നമ്പര്‍ delete ചെയ്തു.. അതൊരു പൂര്‍ണ്ണവിരാമമാണെന്ന് എന്തു കൊണ്ടും എനിക്കു തോന്നി, പിന്നെ അവന്റെ ചിന്തകളോട് അല്‍‌പം സഹതാപവും..

ഓണത്തിന്റെ അന്ന്, ചില സുഹൃത്തുക്കളെ വിളിയ്ക്കുന്ന കൂട്ടത്തില്‍ അവനെ ഓര്‍ത്തു - ഒന്നു വിളിച്ചു കളയാം - അവസാനത്തെ വിളി, പക്ഷെ നമ്പര്‍ delete ചെയ്തു പോയല്ലോ.. അവന്റെ നമ്പര്‍ വേറെ ഒരു സുഹൃത്തിന്‌ ഞാന്‍ forward ചെയ്തു കൊടുത്തിരുന്നു. ആ വഴി വീണ്ടും ഒന്നു കൂടി ശ്രമിച്ചു നോക്കാം, തീര്‍ച്ചയായും അവസാനത്തെ ശ്രമം.. അങ്ങനെ നമ്പര്‍ സംഘടിപ്പിച്ച് ഞാന്‍ വീണ്ടും വിളിച്ചു - "Number not in use" എന്ന് പറയുന്നതും കാതോര്‍ത്ത് ഇരുന്നു.. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഫോണ്‍ റിങ് ചെയ്തു.. അവന്‍ പറശ്ശിനിക്കടവ് നിന്നും മടങ്ങുന്ന വഴി ആണെന്നൊക്കെ പറഞ്ഞു..

ഞാന്‍ വിചാരിച്ച പോലെ ഒന്നും അല്ല കാര്യങ്ങള്‍ എന്നറിഞ്ഞപ്പോള്‍ ആശ്വാസം തോന്നി.. അപ്പോള്‍ തന്നെ സൗഹൃദം പുതുക്കലിന്റെ തീയതി കുറിച്ചു. ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്കായിരുന്നു കാണാമെന്ന് ഏറ്റത്, K.S.R.T.C സ്റ്റാന്റില്‍ വെച്ച്.

ഞാന്‍ ഇത്തിരി നേരത്തേ തന്നെ അവിടെ എത്തി ഇരിപ്പുറപ്പിച്ചു, കയ്യില്‍ ഒരു മാസികയും ഉണ്ട്.
ആറ് വര്‍ഷത്തെ gap അവനില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടാകും.. എല്ലാവരും മാറുമ്പോഴും ഒരിക്കലും മാറാത്തത് ഞാന്‍ മാത്രം ആണെന്ന് എനിക്കെപ്പോഴും തോന്നിയിരുന്നു, ഉള്ളില്‍ എന്നും ഞാന്‍ ആ പഴയ "ഞാന്‍" തന്നെ.. 3 മണി കഴിഞ്ഞപ്പോള്‍ അല്പം താടിയൊക്കെ വളര്‍ത്തിയ ഒരു രൂപം നടന്ന് വന്നു, കൈകള്‍ പിടിച്ചു, ചിരിച്ചു കൊണ്ട് നോക്കി.. ഞാന്‍ കൗതുകത്തൊടെ വീക്ഷിയ്ക്കുകയായിരുന്നു - മാറ്റങ്ങള്‍..

പിന്നീട് കടപ്പുറത്ത് കുറേ സമയം അവനുമായി ചെലവഴിച്ചു. ഏറെ നേരവും വാചാലനായത് ഞാന്‍ തന്നെ ആയിരുന്നു. സംസാരം മുഴുവനും പണ്ട് കൂടെ പഠിച്ചിരുന്നവരുടെ വിശേഷങ്ങളായിരുന്നു.. അവനതൊക്കെ കൗതുകത്തോടെ കേട്ടിരുന്നു.. ഞാന്‍ എന്തൊക്കെ ചെയ്തെന്നും, ഇപ്പോള്‍ എന്താണ്‌ ചെയ്യുന്നതെന്നും ഒക്കെ അവനോട് പറഞ്ഞു.
അവനെക്കുറിച്ച് പറയാന്‍ ഞാന്‍ കുറേ നിര്‍ബന്ധിച്ചു.. അവന്റെ വാക്കുകള്‍ നിറയെ നിരാശയും, നിര്‍‌വികാരതയും നിറഞ്ഞു നിന്നിരുന്നു.. എന്നും ചുറുചുറുക്കോടെ സംസാരിയ്ക്കാറുണ്ടായിരുന്ന ആ പഴയ സുഹൃത്ത് തന്നെ ആണോ ഇത്‌ എന്ന് ഞാന്‍ അത്ഭുതപ്പെട്ടു.. സ്വയം ഇടിച്ച് നിരത്തിയുള്ള അവന്റെ സംസാരം സഹിക്കുവാന്‍ കഴിയുന്നതായിരുന്നില്ല... കുറേ സംസാരിച്ചു കഴിഞ്ഞപ്പോള്‍ അവന്‌ ഒരു സിഗരറ്റ് വലിയ്ക്കണമെന്ന് പറഞ്ഞു.. അത് വേണോ എന്നു ചോദിച്ചപ്പോള്‍, "ഇപ്പോള്‍ എന്തായാലും വലിച്ചേ പറ്റൂ" എന്ന് പറഞ്ഞു.. അവന്‍ പുക ഊതി വിടുന്നത് ഞാന്‍ കൗതുകത്തോടെ നോക്കി നിന്നു. നിശബ്ദതയുടെ കുറച്ച് നിമിഷങ്ങള്‍.

ഇഷ്ടമില്ലാത്ത കാര്യങ്ങളൊന്നും കുത്തിക്കുത്തി ചോദിയ്ക്കേണ്ടെന്ന് ഞാന്‍ കരുതി. ഒരു ബോട്ടില്‍ ബിയറുമായി ഞാന്‍ അവന്‌ കമ്പനി കൊടുത്തിരുന്നെങ്കില്‍ അവന്‍ അവന്റെ മനസ്സ് പൂര്‍ണ്ണമായും തുറക്കുമായിരുന്നോ..? അറിയില്ല... അവനെ തളര്‍ത്തിയ കാര്യങ്ങളൊന്നും പറയാന്‍ അവനും, കേള്‍ക്കാന്‍ എനിക്കും താല്‍‌പര്യമുണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം..

"കഴിഞ്ഞതെല്ലാം കഴിഞ്ഞു.. ഇപ്പോള്‍ ഞാന്‍ പഠിപ്പിയ്ക്കാന്‍ പോകുന്നുണ്ട്‌, രണ്ട് സ്ഥലങ്ങളില്‍... ട്യൂഷന്‍ പോലെ", അവന്‍ പറഞ്ഞു..
"90% മാര്‍ക്കുണ്ടായിട്ട് PG ക്കു പൊയ്ക്കൂടെ?"
"ഇനി അതിനു വയ്യ.. ടച്ചൊക്കെ വിട്ടു.. പിന്നെ ഒരു കൊല്ലം ഞാന്‍ വെറുതെ waste ആക്കി.."
"എന്നാലും?"
"ങാ.. ഇങ്ങനെ പോട്ടെ.. ബി എഡ് ചെയ്യണം, അതാണ്‌ അടുത്ത പരിപാടി.."

ബീച്ചില്‍ വര്‍ത്തമാനം പറഞ്ഞ് നടന്ന് സന്ധ്യയായത് അറിഞ്ഞില്ല. അവിടെ നിന്നും ബസ്‌സ്റ്റാന്റ് വരെ സംസാരിച്ചു കൊണ്ട് നടന്നു. പണ്ടത്തെ കാര്യങ്ങള്‍, ആള്‍ക്കാര്‍, ടീച്ചര്‍മാര്‍.. സംസാരിക്കുവാനായി ഒരു വിഷയം തേടുകയേ ചെയ്തില്ല. അത്രയ്ക്കുണ്ടായിരുന്നു പറയാന്‍... മഴ പെയ്യുന്നത്‌ പോലെ ഞാന്‍ പറഞ്ഞു തീര്‍ത്തു. അവനും. ഇടയ്ക്ക് നിശബ്ദതയുടെ സുഖകരമായ ഒരു ഇടവേള.. അപ്പോള്‍ നടത്തം മാത്രം.. പിന്നീട് ഇല പൊഴിയും ശിശിരത്തെക്കുറിച്ചും, ശരറാന്തല്‍ തിരി താണ മുകിലിന്റെ കുടിലിനെക്കുറിച്ചും വീണ്ടും വാചാലരായി.

ബസ്‌സ്റ്റാന്റിലെത്തിയപ്പോഴേയ്ക്കും നല്ല പോലെ ഇരുട്ടായി.. പോകാനുള്ള ബസ്സില്‍ കയറുന്നതിന്‌ മുന്‍പ്‌ ഒരു കാര്യം മാത്രം അവനെന്നോട്‌ ആവശ്യപ്പെട്ടു:

"ഡാ.. ആര്‍ക്കും എന്റെ നമ്പര്‍ കൊടുക്കണ്ട.. എന്നെ കണ്ട കാര്യം പറയുകയും വേണ്ട.."

തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോള്‍, മനസ്സ് ശൂന്യമായിരുന്നു. ശരിക്കും ഒരു നല്ല മഴ പെയ്ത്‌ തോര്‍ന്ന പോലെ.

അന്ന് രാത്രി ഒരു message വന്നു - "Looks like we were friends :) Love you!".

പുറത്തു വരാന്‍ എന്നും മടി കാണിയ്ക്കാറുണ്ടായിരുന്ന കണ്ണുനീര്‍ ഒരു വേദനയോടെ ചാലു കീറിയൊഴുകി..

11 ഡിസംബർ 2010

ന്റെ പരിപ്പുവട

സന്ധ്യയായിക്കഴിഞ്ഞാല്‍ ടെക്നോപോളിസിന്‌ മുന്‍പിലുള്ള എല്ലാ തട്ടുകടകളും സജീവമാകും. CSEZ ലും, ടെക്നോപോളിസിലും ജോലി ചെയ്യുന്ന എഞ്ചിനിയര്‍മാര്‍ ഒന്നു പുക വിടാനും (അകത്തേക്ക്‌ വലിച്ചെടുത്തിട്ട്‌) എന്തെങ്കിലുമൊക്കെ അകത്താക്കാനും ഇറങ്ങുന്ന സമയം. തട്ടുകട നടത്തുന്നവര്‍ക്ക് പെരുംകോളു തന്നെ. സന്ധ്യയായിക്കഴിഞ്ഞാല്‍ അകത്തിരുന്ന് കോട്ടുവായ ഇടുന്ന ഉദരപ്രിയരായ ജോലിക്കാരെ, ഭയങ്കര മന്ത്രങ്ങളൊക്കെ ജപിച്ച്, മായാഗന്ധം പരത്തി, തട്ടുകട നടത്തുന്ന നാണപ്പന്‍ചേട്ടന്‍ വശീകരിച്ച് പുറത്തു ചാടിയ്ക്കും.. കോഴി പൊരിച്ചതും, കാട മുട്ടയും തുടങ്ങി, ഒരു തരക്കേടില്ലാത്ത ഹോട്ടലില്‍ കിട്ടുന്ന സാമാനങ്ങളെല്ലാം കൊതിയൂറുന്ന പോസില്‍ ഇവിടെ പ്രദര്‍ശിപ്പിച്ചു വെച്ചിട്ടൂണ്ടാവും.
അതു കണ്ട് വായില്‍ വെള്ളമൂറി, മദോന്മത്തരായി, സകല കണ്ട്രോളും പോയി, ലോലഹൃദയരായ പാവം സോഫ്റ്റ്‌വെയര്‍ ജോലിക്കാര്‍ മന്ത്രത്തിന്‌ വിധേയരായി അടുത്തെത്തും.. എന്നിട്ട് കണ്ണില്‍ കണ്ട സാധനങ്ങളെല്ലാം വാരിവലിച്ച് അകത്താക്കും..

അടുത്തിടയ്ക്ക് ഇവിടെയുള്ള എല്ലാ തട്ടുകടകളും ഒഴിപ്പിയ്ക്കുകയൊക്കെ ചെയ്തു; എന്തിനാണെന്ന് അന്വേഷിച്ചില്ല, നമ്മളെന്തിനാ വെറുതെ വേണ്ടാത്ത കാര്യങ്ങളൊക്കെ അന്വേഷിയ്ക്കാന്‍ പോകുന്നത്‌? എന്തായാലും.. സന്ധ്യക്കു പട്രോളിങ്ങും ബഹളവുമായി കുറച്ചു കാലം നാണപ്പന്‍ ചേട്ടനെയും സുഹൃത്തുക്കളെയും അവരെല്ലവരും ചേര്‍ന്ന് തളച്ചിട്ടു. പക്ഷെ നാണപ്പന്‍ ചേട്ടന്‌ അതൊന്നും ഒരു വിഷയമേ അല്ലായിരുന്നു.. ഉഗ്രമൂര്‍ത്തികള്‍ ആണ്‌ നാണപ്പന്‍ ചേട്ടന്റെ സേവ.. അങ്ങനെ ആയിടയ്ക്ക് പുതിയ ഒരു സമ്പ്രദായം നിലവില്‍ വന്നു - മിനിലോറിയും, നായക്കുറുക്കന്‍ ഓട്ടോറിക്ഷയും (ഓട്ടോറിക്ഷയ്ക്കു്‌ മിനിലോറിയില്‍ ഉണ്ടായ സന്താനം) തട്ടു കടകളായി രൂപാന്തരം പ്രാപിച്ചു. ലോറിയ്ക്കകത്ത് ഗ്യാസ്‌സ്റ്റൗവും, പെട്രോമാക്സും നിന്നു കത്തി. റോഡിലൂടെ ചീറിപ്പായുന്ന വാഹനങ്ങള്‍ കൊണ്ടു വന്ന തൃപ്പൂണിത്തുറയിലെ കാറ്റില്‍, തൂങ്ങിക്കിടന്ന് ഉറങ്ങിപ്പോയ മുളകുബജികള്‍ നൃത്തം വെച്ചു..

"എന്താടാ ഇതൊന്നും ഇവടെ പാടില്ലാന്നറിഞ്ഞൂടെ?" എന്നു ചോദിച്ച ഏമാനോട്‌..
"ഏമാനേ.. എഞ്ചിനിയറമ്മാരുടെ വണ്ടികളുടെ കൂടെ ഈ പാവത്തിന്റെ വണ്ടീം ഇവടെ കെടന്നോട്ടെ.. ഇതു ഭൂമീലല്ല ഏമാന്നേ.." എന്നു നാണപ്പന്‍ ചേട്ടന്‍ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു കാണണം..
"ങാ.. മര്യാദയ്ക്ക് അടങ്ങി ഒതുങ്ങി തട്ടുകട നടത്തിക്കോണം"
"ഓ.. പിന്നെന്താ ഏമാന്നേ..", എന്നും പറഞ്ഞ് ചിരിച്ച് നിന്നിട്ടുണ്ടാവും ആ ശുദ്ധന്‍.

കാലക്രമേണ ചക്രങ്ങളൂര്‍ന്ന് വീണ്‌ തട്ടുകട വീണ്ടും പഴയ തട്ടുകടയായി തന്നെ മാറുകയും ചെയ്തു.. ഇത് പഴംകഥ, യഥാര്‍ത്ഥത്തില്‍ എന്താണ്‌ സംഭവിച്ചതെന്നൊക്കെ ആര്‍ക്കറിയാം.. എന്തായാലും തട്ടുകടകള്‍ മുമ്പത്തതിലും കേമമായി തന്നെ മുന്നേറി..

ഇന്നലെ ഒരു വെള്ളിയാഴ്ച ആയിരുന്നു. ഓഫീസില്‍ നിന്ന് ഇറങ്ങിയപ്പോള്‍ സന്ധ്യയായി. ജയിലിനോട്‌ ചേര്‍ന്നുള്ള വഴിയിലൂടെ ഇറങ്ങിയാണ്‌ സാധാരണ ഞാന്‍ പോകാറ്.. ഇന്നലെ എന്തോ പെട്രോള്‍ പമ്പിന്റെ വശത്തു കൂടെ പോകാം എന്ന് തീവ്രമായ ആഗ്രഹം.. ആരോ ഉള്ളില്‍ നിന്നും വിളിച്ചു കൊണ്ടു പോകുന്നതു പോലെ.. ആ വഴിയിലൂടെ ഞാന്‍ നടന്നു.. CSEZ നു മുന്‍പിലെത്തിയപ്പോഴാണ്‌ എനിക്ക്‌ കാര്യം പിടികിട്ടിയത്‌ - സംഗതി ഞാനിറങ്ങുന്നത്‌ നാണപ്പന്‍ചേട്ടന്‍ സിദ്ധി ഉപയോഗിച്ച് മണത്തറിഞ്ഞിരുന്നു. മന്ത്രം ജപിച്ച് എന്നെ ആ വഴി നടത്തിയ്ക്കുകയായിരുന്നു അയാള്‍..

പെട്രോള്‍ പമ്പിനടുത്തെത്തിയപ്പോള്‍ വല്ലാത്ത പരവേശം.. നാണപ്പന്‍ ചേട്ടന്റെ ഹോട്ട് പരിപ്പുവടകള്‍ റോഡിന്റെ മറുവശത്തു നിന്ന് എന്നെ മാടി മാടി വിളിയ്ക്കുന്നു.. എന്റെ കണ്ട്രോള്‍ മുഴുവനും പോയി.. എങ്ങനെയെങ്കിലും രണ്ട് പരിപ്പുവട ഇപ്പോള്‍ തന്നെ അകത്താക്കണം..
"പരിപ്പുവട.. പരിപ്പുവട.." എന്ന് എന്റെ ഹൃദയം മന്ത്രിച്ചു.. സ്വപ്നാടനത്തിലെന്ന പോലെ ഞാന്‍ റോഡ് മുറിച്ചു നാണപ്പന്‍ ചേട്ടന്റെ കടയെ ലക്ഷ്യമാക്കി നടന്നു.. മന്ത്രം ഫലിച്ച ചാരിതാര്‍ത്ഥ്യവുമായി നാണപ്പന്‍ ചേട്ടന്‍ അവിടെ തിളച്ചുമറിയുന്ന എണ്ണയുടെ മുന്‍പില്‍ ധ്യാനമഗ്നനായി.. പുറത്തിറങ്ങാന്‍ തയ്യാറെടുക്കുന്ന ജീവനക്കാരുടെ ചിത്രങ്ങള്‍ എണ്ണയില്‍ തെളിഞ്ഞു വന്നു.. മുളകും, ഉപ്പും മസാലയും ചേര്‍ത്തു വെച്ചിരുന്ന കോഴിക്കഷണങ്ങളെടുത്ത് മന്ത്രസിദ്ധിയില്‍ എണ്ണയില്‍ തെളിഞ്ഞു കണ്ട, കോഴി തിന്നുന്ന മുഖങ്ങള്‍ക്കു നേരെ വിതറി.. ഇത്തിരി ദൂരെ, അന്നത്തെ worklog എന്റര്‍ ചെയ്ത് വീട്ടിലേക്ക് മടങ്ങാന്‍ നിന്ന, കോഴി തിന്നുന്ന സോഫ്റ്റ്‌വെയര്‍ ജീവനക്കാരുടെ മനസ്സുകളില്‍ വറുത്തെടുത്ത കോഴിക്കഷണങ്ങളുടെ പല പല പോസുകള്‍ മിന്നിമാഞ്ഞു..

ഞാന്‍ കടയുടെ അടുത്ത് ചെന്ന് നാണപ്പന്‍ ചേട്ടനോട്‌ പറഞ്ഞു..
"ചേട്ടാ രണ്ടു പരിപ്പുവട"
"ഡാ, രണ്ട് പരിപ്പുവടയെടുത്ത് കൊട്", കൂട്ടിനുണ്ടായിരുന്ന അപ്രന്റിസ് പയ്യനോട്‌ നാണപ്പന്‍ ചേട്ടന്‍ ആജ്ഞാപിച്ചു.
"വേഗം വേഗം.." എന്റെ മനസ്സ് തുടിച്ചു - ആ പയ്യനാണെങ്കില്‍ പൊതിയാന്‍ കടലാസൊക്കെ എടുത്ത് ഒടുക്കത്തെ സ്ലോമോഷന്‍..
"പൊതിയണംന്നില്ല..", ഞാന്‍ പറഞ്ഞു. അവനതു കേട്ടതായി ഭാവിച്ചില്ല..

ഞാന്‍ ചുറ്റുപാടും നിരീക്ഷിച്ചു. കഴുത്തില്‍ ടാഗ് കെട്ടിത്തൂക്കിയ അമ്പതോളം ആളുകള്‍ സിഗരറ്റെടുത്ത് ഒരു ദീര്‍ഘശ്വാസം വായിലൂടെ അകത്തേയ്ക്ക് എടുത്ത ശേഷം, ഒരു മിനുട്ട് ശ്വാസം പിടിച്ച് വെയ്ക്കുന്നു, ആത്മസാക്ഷാത്കാരം ലഭിച്ച പോലെ കണ്ണുകള്‍ അപ്പോള്‍ ആനന്ദനിര്‍‌വൃതിയില്‍ മേല്പോട്ട് പോകുന്നു.. ഓക്സിജന്‍ മുഴുവനും അകത്തു കിടന്ന് പുകഞ്ഞു തീര്‍ന്നവര്‍ ചുണ്ടുകള്‍ കൊണ്ട് ഒരു വൃത്തം ഉണ്ടാക്കിയ ശേഷം ശുദ്ധീകരിച്ച പുക പുറത്തേയ്ക്കു വിടുന്നു.. ഫസ്റ്റ് ട്രിപ്പിന്‌ എഞ്ചിന്‍ ചൂടാക്കുന്ന ksrtc ബസ്സിന്റെ പോലെ.. അങ്ങനെ കോര്‍പ്പറേഷന്‍‌കാര്‍ റോഡ് സൈഡില്‍ കത്തിച്ചുകൊണ്ടിരുന്ന വെയിസ്റ്റ് കൂമ്പാരത്തില്‍ നിന്നു വന്ന പുകയെ വെല്ലുവിളിച്ചുകൊണ്ട് സിഗരറ്റ് പുക ഓരോ തട്ടുകടയുടെ മുന്‍പില്‍ നിന്നും ആകാശത്തിലേക്കുയര്‍ന്നു..

നാണപ്പന്‍ ചേട്ടന്റെ കടയുടെ അടുത്തും ഉണ്ടായിരുന്നു; കോട്ടിട്ട്‌, കഴുത്തില്‍ ടാഗും തൂക്കി, ഇടതു കൈ പോക്കറ്റിലും ഇട്ട് വലതു കയ്യില്‍ സിസറും പുകച്ച്‌ നിന്നിരുന്ന ഒരു വരുത്തന്‍..

ഉപദ്രവമുണ്ടാക്കാതെ സിഗരറ്റ് വലിക്കുന്നവരോട് അതീവ ആരാധനയായിരുന്നു എനിക്ക്.. വല്ലോരും സൊന്തം കാശു കൊടുത്ത് സൊന്തം വീട്ടില്‍ പോയി മുറിയടച്ചിരുന്ന് വലിച്ചോട്ടെ.. ങാ.. വീട്ടീന്ന് അമ്മയും അച്ഛനും തല്ലാന്‍ വരുന്നുണ്ടെങ്കില്‍ ആളൊഴിഞ്ഞ ഒരു സ്ഥലത്തു ചെന്ന് ഇരുന്ന് പൊകച്ചോട്ടെ.. പക്ഷെ.. ഭക്ഷണം കഴിക്കുന്ന സ്ഥലത്തും തീയേറ്ററിനകത്തും ഇരുന്ന് മുഖത്തേയ്ക്ക്‌ പുക ഊതി വിടുന്നവരെ ഞാന്‍ കോളറിന്‌ പിടിച്ച് എരിയുന്ന സിഗരറ്റ് തട്ടിപ്പറച്ചെടുത്ത് താഴെയിട്ട ശേഷം, ഹവായിച്ചെരുപ്പ് കൊണ്ട്‌ ചവിട്ടി അരച്ച് പൊടി പറത്തി, "നിനക്കു ഇതു വലിക്കണോടാ പുന്നാര മോനേ" എന്ന് ഭീഷണിപ്പെടുത്തി വിടാറാണ്‌ പതിവ്..

കോട്ടിട്ടവന്റെ പൊകയ്ക്കല്‍ എനിക്കു തീരെ ഇഷ്ടപ്പെട്ടില്ല.. അതു മാത്രമല്ല, അവന്‍ പെറ്റ തള്ള പൊറുക്കാത്ത ജാഡയോടെ, വെണ്ണീറ്‌ വീഴുന്ന സിഗരറ്റ് സ്റ്റൈലില്‍ പിടിച്ചു കൊണ്ട് എന്തോ പൊതിക്കെട്ട് നാണപ്പന്‍ ചേട്ടന്റെ കയ്യില്‍ നിന്നും വാങ്ങുന്നു.. അവന്റെ ഇടതു കൈ പോക്കറ്റില്‍ അപ്പോഴും വിശ്രമിയ്ക്കുന്നു.. സിഗരറ്റില്‍ നിന്നും വെണ്ണീറ്‌ വീണ്‌ നിത്യ കന്യകമാരായിരുന്ന രണ്ടു പരിപ്പുവടകളുടെ ചാരിത്ര്യം നഷ്ടപ്പെട്ടത്‌ ഞാന്‍ ഞെട്ടലോടെ കണ്ടു.. എന്റെ രക്തം തിളച്ചു മറഞ്ഞു.. കാലുകളിലൂടെ എന്തോ വൈദ്യുതി ഇരച്ചു കയറുന്ന പോലെ തോന്നി..

"ഡാ.. പട്ടീ.. നീ എന്റെ പരിപ്പുവടയെ നശിപ്പിയ്ക്കും അല്ലേടാ...". ഞാനവന്റെ കോളറിനു കേറിപ്പിടിച്ചു കുലുക്കിക്കൊണ്ട് കുടഞ്ഞ്‌ അടുത്ത്‌ കിടന്നിരുന്ന BMW നോട്‌ ചേര്‍ത്ത് നിര്‍ത്തി മുട്ടുകാല്‌ പൊക്കി അടിവയറ്റിനിട്ട് ചവിട്ടാനോങ്ങി..
അവന്റെ കണ്ണട പറന്നു പോയി സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ വീണു.. ഒരു നിയോഗം എന്ന പോലെ അതു വഴി വന്ന ആലുവ ksrtc ബസ് കണ്ണട അരച്ചെടുത്ത്‌ കൊണ്ടു പോയി.. അവന്റെ കയ്യിലിരുന്ന സിഗരറ്റ് ആ വെപ്രാളത്തില്‍ താഴെ വീണു പോയിരുന്നു..

"നിനക്ക് സിഗരറ്റ് വലിക്കണോടാ...?", ഞാനവടെ നിന്ന് ഉറക്കെ അലറി
ചുറ്റുപാടുമുള്ളവര്‍ ചെവികള്‍ കൂര്‍പ്പിച്ചു.. എല്ലാവരും ഒരു നിമിഷം സ്തബ്ധരായി ഇങ്ങോട്ട് തിരിഞ്ഞു നോക്കി. മറ്റ് തട്ടുകടകളില്‍ ഉണ്ടായിരുന്ന കുറേ പേര്‍ സംഭവ സ്ഥലത്തേയ്ക്ക്‌ ഓടി വന്നു. ആളുകള്‍ കൂടുന്നത്‌ കണ്ട്‌ നാണപ്പന്‍ ചേട്ടന്റെ കണ്ണൂകള്‍ വിടര്‍ന്നു, കൂടുതല്‍ മൈദ ഇട്ട് ഒരു പിടി പിടിയ്ക്കാന്‍ പയ്യന്‌ സിഗ്നല്‍ കൊടുത്തു.

കോട്ടിട്ടവന്റെ കൈ പൊങ്ങിയില്ല.. ചുണ്ടുകള്‍ വിറച്ചു.. ഒരു നിമിഷം അവനൊന്നു പതറി.. എങ്ങനെയെങ്കിലും ഒന്ന് ഒഴിവാവണം എന്നു മാത്രമായിരുന്നിരിയ്ക്കണം അവന്റെ ചിന്ത..
"ഓ.. ശരി.. ശരി.. കമോണ്‍ ലീവ് മി നൗ.. സീ പീപ്പിള്‍ ആര്‍ വോച്ചിങ് .. ജസ്റ്റ് ലീവ് മി നൗ. ഫോര്‍ ഗോഡ്സ് സെയ്ക്.. ഡോണ്ട് ക്രിയേറ്റ് ഏ സീന്‍ ഹിയര്‍.. ഇനഫ് മേന്‍.. ലെറ്റ് മീ ലീവ് നൗ... പ്ലീസ്..", അവന്‍ അടക്കം പറയുന്നതു പോലെ എന്നോട് പറഞ്ഞു..
"ഛേ.. ഗെറ്റ് ലോസ്റ്റ് യൂ ...", ഞാന്‍ പല്ലുകളിറുമ്മിക്കൊണ്ട് അവന്റെ കോട്ടിന്റെ കോളറില്‍ നിന്നു പിടി വിട്ടു.

അടുത്ത് സിഗരറ്റ് പുകച്ചിരുന്ന രണ്ട് പേര്‍ ന്യൂട്രലായി അതു താഴെയിട്ട് ഷൂ കൊണ്ട് തീ കെടുത്തി മറ്റു കാണികളോടൊപ്പം ചേര്‍ന്നു..
കുറ്റവാളി ആള്‍ക്കൂട്ടത്തിനിടയിലൂടെ പോയി അവരിലൊരാളായി പതുക്കെ നടന്നകന്നു..

നായിക, തന്നോട്‌ മോശമായി പെരുമാറിയ വില്ലനെ, നായകന്‍ അടിച്ചൊതുക്കുമ്പോള്‍ പ്രോത്സാഹിപ്പിയ്ക്കുന്ന അതേ ആവേശത്തോടെ പരിപ്പുവടകള്‍ ഈ കാഴ്ചകള്‍ കണ്ട് പുളകം കൊണ്ടു.. അവസാനം വില്ലന്റെ പരാജയം കണ്ട്‌, "Darling.. you are mine" ഭാവത്തോടെ എന്നെ കണ്ണുകള്‍ കൊണ്ട്‌ ഉഴിഞ്ഞു..

നാണപ്പന്‍ ചേട്ടന്‍ അടുത്ത പരിപ്പുവട ഉരുട്ടിയെടുത്ത്, നടുവില്‍ പതുക്കെ വിരലുകള്‍ കൊണ്ടമര്‍ത്തി ഷെയ്പ് ആക്കി, ആരെയോ മനസ്സില്‍ ധ്യാനിച്ച് തിളച്ചു മറിയുന്ന എണ്ണയിലേയ്ക്കെറിഞ്ഞു..

"ദാ.. പരിപ്പു വട.."
"ങേ..", ഞാന്‍ കണ്ണുകള്‍ മിഴിച്ചു നോക്കി..
"രണ്ട് പരിപ്പുവട അല്ലേ പറഞ്ഞത്‌.. ഇതാ..", സ്ലോമോഷന്‍ പയ്യന്‍ വൃത്തിയായി പൊതിഞ്ഞ പരിപ്പുവട എന്റെ നേര്‍ക്കു നീട്ടിപ്പിടിച്ചു നില്‍ക്കുന്നു. കോട്ടിട്ടവന്‍ യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ അവിടെ നിന്ന് പുക ഊതി വിടുന്നു.. ഓടികൂടിയവരും, നിലത്തു വീണ്‌ പൊടിഞ്ഞ കണ്ണടയും എല്ലാം ഒരു ഞൊടിയിടയില്‍ അപ്രത്യക്ഷമായി..

പരിപ്പുവടകളുടെ കൂട്ടത്തില്‍ രണ്ടെണ്ണം അപമാനഭാരം താങ്ങാനാകാതെ കരഞ്ഞു:
"കണ്ടോ .. ഈ ദുഷ്ടന്‍.. വെണ്ണീറ്‌ വീഴ്ത്തി എന്നെ നശിപ്പിച്ചു.. ചെല്ല്‌.. പോയി ചോദിയ്ക്ക്‌.. അങ്ങോട്ട് ചെന്ന്‌ ചോദിയ്ക്ക്‌..", കരച്ചില്‍ ചെവിയില്‍ തുളച്ചു കയറി..
"എത്രയായി?", ഞാന്‍ ചോദിച്ചു..
"പത്തു രൂപ..", സ്ലോമോഷന്‍ പയ്യന്‍ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു..
ഞാന്‍ പത്തു രൂപ പോക്കറ്റില്‍ നിന്നും എടുത്തു കൊടുത്ത ശേഷം കോട്ടിട്ടവന്റെ നേരെ തിരിഞ്ഞു, അവനെ തുറിച്ചു നോക്കി.
കോട്ടിട്ടവന്‍ പുരികമുയര്‍ത്തി, "ഉം..? എന്താടാ പുല്ലേ.." എന്ന അര്‍ത്ഥത്തില്‍ ആംഗ്യം കാണിച്ചു..
"ഒന്നുല്ല", എന്ന അര്‍ത്ഥത്തില്‍ ഒരു സിഗ്നല്‍ അങ്ങോട്ടും തിരിച്ചു കൊടുത്ത്‌ ഞാന്‍ പതുക്കെ നടന്നകന്നു..

29 നവംബർ 2010

ഒടുക്കത്തെ ആള്‍മാറാട്ടം - ഒരു ഓണ്‍ലൈന്‍ വിലാപം

"എന്താടീ ഇങ്ങനെ ഒക്കെ ചോദിയ്ക്കുന്നേ? ഛേ.. യ്യേ.."
"ശോ.. എന്റമ്മോ.. നിനക്കെന്താ പറ്റ്യേ"
"ഛേ..!"

വളരെ വൈകിയാണ്‌ പലരും ആ സത്യം മനസ്സിലാക്കിയത്‌. "എടീ" അല്ല "എടാ"..
"എടാ" ആണ്‌ മറുവശത്ത്‌ chat ചെയ്തുകൊണ്ടിരിയ്ക്കുന്നത്‌ എന്ന സത്യം..

എന്റെ ഒരു സുഹൃത്തിന്റെ facebook, orkut, gmail എന്നു വേണ്ട സകലമാന അക്കൗണ്ടുകളും ഒരലവലാതി ഹാക്ക് ചെയ്തോണ്ട്‌ പോയി.. ഇപ്പോള്‍ അവളുടെ id ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്ത് friends list ല്‍ ഉള്ള തരുണീമണികളുമായി സൗഹൃദസംഭാഷണത്തില്‍ ഏര്‍പ്പെടുക എന്നതാണ്‌ ഈ കുതിരയുടെ പ്രധാന ഹോബി..

കാര്യമറിഞ്ഞ് പഠിച്ച പണി പതിനെട്ടും നോക്കിയത്രേ, എങ്ങനെയെങ്കിലും ഈ കുരുക്കീന്നു പുറത്തു വരാന്‍ - പാസ്‌വേഡ് മാറ്റല്‍, account inactivation, contact google അങ്ങനെ.. പക്ഷേ ഒരു രക്ഷേം നാളിതു വരെ ഇല്ല..

സോഷ്യല്‍ വിരക്തി അനുഭവപ്പെട്ട് ഒരു ദുര്‍ബല നിമിഷത്തില്‍ Facebook അക്കൗണ്ട് delete ചെയ്താലും, പശ്ചാത്താപം തോന്നി "ഇത്ര" ദിവസത്തിനുള്ളില്‍ ലോഗിന്‍ ചെയ്താല്‍ Facebook മാപ്പു നല്‍കി account പൂര്‍‌വസ്ഥിതിയിലാക്കി തരും. അങ്ങനെ പഴയ അക്കൗണ്ട് തിരിച്ചു കിട്ടി ആനന്ദക്കണ്ണീര്‍ പൊഴിച്ച അനേകം ആളുകളില്‍ ഒരാളാണ്‌ ഞാനും..
പക്ഷെ, ഇവിടെ ഈ "ഫീച്ചര്‍" നല്ല ഒന്നാന്തരം പാരയാവുകയാണ്‌ ചെയ്തത്‌. ഒരറ്റത്തു നിന്നും ലവള്‍ അക്കൗണ്ട് മരവിപ്പിക്കുമ്പോള്‍ ലവന്‍ കേറി ലോഗിന്‍ ചെയ്ത്‌ അത്‌ active ആക്കും. ഇതാണ്‌ അവസ്ഥ.

അറിയാതെ മെയില്‍ അയക്കുന്നവരോട്‌ ഇഷ്ടന്റെ reply ദേ ഇങ്ങനെ..

Hi dear,
Where are you? When will you come online. I want to chat with you..

സംഭവത്തിന്റെ seriousness അറിഞ്ഞപ്പോള്‍, അവളുടെ അച്ഛന്‍ പോലീസ് സ്റ്റേഷനില്‍ complaint കൊടുക്കാന്‍ പോയി..
എന്നിട്ടോ, "ഇനി ഒരു complaint ഉം കൊടുക്കേണ്ട ഗതികേട്‌ വരല്ലേ ഈശ്വരാ" എന്നു തോന്നിപ്പോയത്രേ - അത്ര കഠിനമായിരുന്നു തെളിവെടുപ്പും ചോദ്യം ചെയ്യലും.. ഒരച്ഛനും ഉത്തരം കൊടുക്കുന്നതിനെ കുറിച്ച് ചിന്തിക്കാനാകാത്ത ചോദ്യങ്ങളായിരുന്നത്രേ.!
വളരെ ശാന്തനായി പോലീസ് സ്റ്റേഷനിലേക്ക് പോയ അച്ഛന്‍ തിരിച്ചു വന്നപ്പോള്‍ അവളോട്‌ ദേ ഇങ്ങനെ പറഞ്ഞു:
"എടീ.. ഇന്നത്തോടെ നിര്‍ത്തിക്കോണം നിന്റെ ഇന്റര്‍നെറ്റ്.."

പോലീസുകാര്‍ എല്ലാ data യും കലക്ട് ചെയ്തതല്ലാതെ ഇതു വരെ ഒരു output ഉം ഇല്ല. സംഭവം cyber cell നു കൈമാറുമത്രേ..
ഈ വകുപ്പുകളെകുറിച്ച്‌ ഇത്തിരി പിടിപാടുള്ള ഒരു സുഹൃത്ത്‌ പറഞ്ഞത്‌ - "ഇങ്ങനത്തെ complaint ഒക്കെ കാര്യായിട്ട് അങ്ങോട്ട് പോകണമെങ്കില്‍ കാര്യായിട്ട് അങ്ങോട്ട് ചെല്ലണം" എന്നാണ്‌.

എന്തൊക്കെ പ്രത്യയശാസ്ത്രങ്ങള്‍ പറഞ്ഞാലും - അവസാനം സ്വന്തം അനുഭവമാണ്‌ നീതിയും, സുരക്ഷിതത്വവും എത്രത്തോളം ലഭിയ്ക്കും എന്ന ഒരു ബോധം എല്ലാവരിലും വളര്‍ത്തുന്നത്‌. സ്വന്തം അനുഭവം ഒരു പ്രതീക്ഷ കൂടി തരുന്നതല്ലെങ്കില്‍ തൊലിക്കു പുറത്തുള്ള ഏതെങ്കിലും പ്രസ്ഥാനത്തിനോ പ്രസംഗത്തിനോ അതിനു കഴിയുമോ..? ഉം.. (അമര്‍ഷം)

Facebook കാരോട്‌ താണു കേണു പറഞ്ഞപ്പോള്‍ വളരെ ആശ്വാസകരമായ - "തളരരുത്‌ മകളേ.. നിന്നോടൊപ്പം ഞാനുമുണ്ട്‌.." type മെയിലുകള്‍ ധാരാളം കിട്ടിയതല്ലാതെ. "അതങ്ങോട്ട് delete" ചെയ്യാനുള്ള ഒരു പരിപാടീം ഉണ്ടായില്ല..

എന്തായാലും ആ തോന്നിവാസി ഇപ്പോഴും ഓരോരോ ഇരകളെ കണ്ടു പിടിച്ചു chat ചെയ്തു കൊണ്ടിരിയ്ക്കുകയാണ്‌..
രസകരമായ മറ്റൊരു കാര്യമുണ്ട്‌. എത്ര മെയില്‍ അയച്ച് അറിയിച്ചാലും ആര്‍ക്കും പെട്ടെന്ന് ഇതിന്റെ seriousness മനസ്സിലാകുന്നില്ല എന്നതു തന്നെ.. സംഭാഷണം വഴിവിടുമ്പോഴാണ്‌ പലരും ഇതു ശ്രദ്ധിയ്ക്കുന്നതു തന്നെ.. അതു വരെ ചോദിയ്ക്കുന്ന പല പല കാര്യങ്ങള്‍ക്കുമുള്ള ഉത്തരം നല്ല മണി മണി പോലെ പറഞ്ഞു കൊടുക്കും. പിന്നെ വര്‍ത്തമാനം മാംസത്തോടടുക്കുമ്പോഴാണ്‌ എല്ലാവരും "ചതിച്ചോ എന്റെ ഭഗവതീ.." എന്നു പറഞ്ഞു പോവുക..

ഒരു സ്കൂളിലും, 2 കോളേജിലും പഠിച്ച ശേഷം ഒരു ആപ്പീസിലും കൂടി ജോലി ചെയ്ത ഒരാളുടെ ഓര്‍ക്കുട്ട് accountല്‍ ശരാശരി ഒരു 350 friends എങ്കിലും കാണും ഇന്ന്‌. ഇവരുടെ ഒക്കെ email id തപ്പി പിടിച്ച് (അതും ഇപ്പോള്‍ access ഇല്ലാത്ത accountല്‍ നിന്ന്) അവരെ ഒക്കെ വിവരം അറിയിക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. secondary email id അടക്കം സകലതും, കൊണ്ട് പോയവന്‍ കൂടെ വാരിക്കോണ്ട്‌ പോയി..

അണ്ണാന്‍ കുഞ്ഞും തന്നാലായത്‌ എന്ന പോലെ, മോളീന്നുള്ള അന്വേഷണത്തിനു സമാന്തരമായി ഇനി ചെയ്യാന്‍ പറ്റുന്ന കാര്യം ഒരു fake account ഉണ്ടാക്കി ഓര്‍ക്കൂട്ടിലെ friends list ല്‍ ഉള്ള എല്ലാവര്‍ക്കും scrap ചെയ്യുക എന്നതാണ്‌.. അതു ചെയ്യുവാന്‍ തുടങ്ങിയപ്പോഴാകട്ടെ പെണ്‍പിള്ളേര്‍ക്ക് മിക്കവര്‍ക്കും ഒടുക്കത്തെ security..
"Allow only my friends to send scraps to me" എന്നൊക്കെ.

അങ്ങനെ ഉള്ള ആഢ്യകള്‍ക്ക് friend request ന്റെ കൂടെ ഇങ്ങനെ അയച്ചു - "Dis is a fake acct. My acct is hacked. Remove me 4m friends list. Never ever turn on the web cam when asked".

മറ്റു ചിലരുടെ സെക്യൂരിറ്റി വച്ച് അവരോടൊക്കെ, വല്ലതും പറയാന്‍ പോയിട്ട്‌, വല്ല വിധേനെയും ഒന്ന് contact ചെയ്യാനുള്ള ഒരു പഴുത് പോലുമില്ല..
Only allow those who know my email id to send friend request - അങ്ങനെ അക്കൗണ്ട് മൂടിപ്പൊതച്ച് നടക്കുന്നവര്‍ക്ക്‌ - ഇങ്ങനെ ഒരു കാര്യം ഉണ്ടായിട്ട് അറിയാന്‍ വൈകി - എന്നതല്ലാതെ; വേറേ ഉപകാരം വല്ലതും ഉണ്ടായിട്ടുണ്ടോ ആവോ..
അങ്ങനത്തെ "കൂടിയ" സെക്യൂരിറ്റി ഉള്ള ആള്‍ക്കാരെ നേരിട്ട് വിളിച്ച് വിവരം അറിയിച്ചത്രെ..
ഓരോരോ സെക്യൂരിറ്റി കാരണം പെട്ടെന്നൊരു കാര്യം പറയാന്‍ പറ്റാത്ത അവസ്ഥേം ആയി..

സ്വയം ക്രൂശിയ്ക്കപ്പെടുന്നു എന്നതിലുപരി മറ്റുള്ളവരേയും കൂടി ബാധിയ്ക്കുന്നു എന്നതാണ്‌ ഗുരുതരമായ പ്രശ്നം. അറിയാതെ chat ചെയ്തു പോയവര്‍ക്കൊക്കെ ഒടുക്കത്തെ tension. അഡ്രസ്സ് പറഞ്ഞു കൊടുത്തവരും, പുത്തന്‍ ഫോട്ടോസ് അയച്ചു കൊടുത്തവരും ഒക്കെ ഉണ്ട് ഇരകളായവരുടെ കൂട്ടത്തില്‍.. അവരൊക്കെ ശത്രുസംഹാര പൂജയും, മറ്റു ചില ദോഷപരിഹാരവിധികളുമായി കഴിയുകയാണിപ്പോള്‍..

എന്തായാലും "ഒരീസം ഓനെ സൈബര്‍ സെല്‍ പൂട്ടും" എന്നാണ്‌ വിവരം അറിഞ്ഞ എല്ലാവരുടേം പ്രതീക്ഷ.. ഇപ്പോഴത്തെ പോക്കു കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലെങ്കിലും അങ്ങനെ ആശ്വസിച്ചല്ലേ പറ്റൂ..

ഭയങ്കര ടെന്‍ഷനും ഡെസ്പും മൂത്ത് അവള്‍ ഇടയ്ക്കു വിളിക്കുമ്പോള്‍ ഞാന്‍ ആശ്വസിപ്പിക്കും, "എല്ലാവര്‍ക്കും scrap അയച്ചു. ഇനി പ്രശ്നം ഉണ്ടാവില്ല.. ആരും chat ചെയ്യാന്‍ പോവില്ല.. പതുക്കെ, പുതിയ ഒരു account നിനക്കും create ചെയ്യാം.. പിന്നെ എല്ലാം സാധാരണത്തെ പോലെ"

അതിനവള്‍ പറഞ്ഞ മറുപടി : "എന്റെ പൊന്നോ.. ഇനി ഈ ജന്മത്തില്‌ ഇനിക്ക് ഒര്‌ account വേണ്ടേ... മനസ്സമാധാനം മാത്രം മതി.."

PS: ഈ പോസ്റ്റിടുമ്പോള്‍ ഇത്തിരി ചങ്കിടിപ്പുണ്ട്, ഇനി അവനെങ്ങാനും എന്റെ account ഉം കൊണ്ട് പോവോ...? ഞാന്‍ വല്ലാണ്ടങ്ങോട്ട്‌ famous ആയിട്ടില്ലാത്തതു കൊണ്ട്‌ മാത്രം സധൈര്യം പോസ്റ്റ് ചെയ്യുന്നു..

23 നവംബർ 2010

എന്റെ സങ്കല്പത്തിലെ യോയോ

സമകാലികമായ ശൈലികളില്‍ നിന്നും ഏറെ വ്യത്യസ്തമായ ഒരു തരം ശൈലിയാണ്‌ "യോയോ" ശൈലി. "യോയോ"വിനെ ഒരു പ്രസ്ഥാനം, ശൈലി, സമ്പ്രദായം, സംസ്കാരം, ചിന്താധാര - എങ്ങനെ വേണമെങ്കിലും വിശേഷിപ്പിയ്ക്കാം.

ഒരു ശരാശരി മനുഷ്യന്‌ "യോയോ" ആയി രൂപാന്തരം പ്രാപിയ്ക്കാന്‍ എത്രത്തോളം അധ്വാനം ആവശ്യമുണ്ട്, എന്നതിനെക്കുറിച്ച് നടത്തിയ പഠനത്തില്‍ നിന്നും ആവീര്‍ഭവിച്ച സാമാന്യമായ മാനദണ്ഡങ്ങള്‍ ആണ്‌ ഇവിടെ പ്രതിപാദിയ്ക്കുന്നത്‌. അത്ഭുതമെന്നു പറയട്ടെ! കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആര്‍ക്കു വേണെമെങ്കിലും യോയോ ആവാം.. "യോയോ" ധാര പിന്തുടരുന്ന ഒരാള്‍ക്ക് മസില്‍ കൊണ്ട്‌ ഒന്നും ചെയ്യാനില്ല എന്നതു വളരെ വ്യക്തമാണ്‌. അതു കൊണ്ടു മെലിഞ്ഞവര്‍ക്കും, ശോഷിച്ചവര്‍ക്കും രണ്ടാമതൊന്നാലോചിയ്ക്കാതെ കണ്ണുമടച്ച്‌ തിരഞ്ഞെടുക്കാവുന്ന സമ്പ്രദായം ആണ്‌ "യോയോ".

ഭൗതികവും പ്രത്യക്ഷവുമായ രൂപത്തില്‍ നിന്നും തുടങ്ങി "യോയോ" യുടെ സൂക്ഷ്മ തലങ്ങളെ തെല്ലൊന്ന്‌ വിശകലനം ചെയ്യാനുള്ള ശ്രമമാണിവിടെ. യോയോ ധാര പിന്‍‌തുടരുന്നവര്‍ക്ക്‌ ആത്മപരിശോധന നടത്തുവാനും, യോയോ ആവാന്‍ കൊതിയ്ക്കുന്നവര്‍ക്ക്‌ ഒരു പ്രചോദനമാകാനും ഉതകട്ടെ ഈ കുറിപ്പ്‌..

യോയോയുടെ ശാരീരികമായ തലങ്ങളില്‍ നിന്നു തുടങ്ങാം.
1) തലമുടി - ടൗണിലുള്ള ടിവി വെച്ച ഹെയര്‍ ഡ്രസ്സിംഗ് സെന്ററില്‍ നിന്നു ഇഷ്ടമുള്ള ഡിസൈന്‍ തിരഞ്ഞെടുക്കാം.. ടിവി സര്‍‌വ്വസാധാരണമാകുന്നതു കൊണ്ട്‌ rate അന്വേഷിക്കുന്നതാവും കൂടുതല്‍ നന്നാവുക. എത്രത്തോളം പ്രാകൃതമാകുന്നുവോ അത്രയും നന്ന്‌. കണ്ടാല്‍ എല്ലാവരും "ഒന്നു" നോക്കണം. ഒരു പ്രാവിശ്യത്തില്‍ കൂടുതല്‍ നോക്കുന്നുണ്ടെങ്കില്‍ കാര്യമായി എന്തോ കുഴപ്പം സംഭവിച്ചിട്ടുണ്ടെന്നു വേണം കരുതാന്‍. ബ്രില്‍ ക്രീം വാങ്ങാന്‍ പറ്റുന്നവര്‍ അതു കോരിത്തേക്കുക അല്ലാത്തവര്‍ പച്ചവെളിച്ചെണ്ണ പൊത്തുക.
പുതിയ പുതിയ hair style കൊണ്ടു വരാന്‍ നിരീക്ഷണപാടവം പോഷിപ്പിച്ചേ മതിയാവൂ. M-TV, V-Channel, SS Music ഇതിലൊക്കെ വരുന്ന hip-hop ഗാനരംഗങ്ങള്‍ ശ്രദ്ധിച്ചുകൊണ്ടേയിരിക്കുക. പുത്തന്‍ "യോയോ" തരംഗങ്ങളുമായി എപ്പോഴും updated ആയിരിക്കുക.

2) മീശയും യോയോയും ഒരേ തൂവല്‍‌പക്ഷികള്‍ അല്ല. മീശയെ സ്നേഹിക്കുന്നവര്‍ക്ക്‌ യോയോ എന്നും വെല്ലുവിളി ആണെന്നു പറയാതെ വയ്യ. മീശ ഒന്നുകില്‍ trim ചെയ്യുക, അല്ലെങ്കില്‍ പൂര്‍ണ്ണമായും കളയുക. കട്ടി മീശയും വെച്ചുകൊണ്ട്‌ യോയോ lookല്‍ നടന്നാല്‍, യോയോ ദൈവങ്ങള്‍ ശപിയ്ക്കും. പിന്നെ ഒരു തിരിച്ചുവരവും ശാപമോക്ഷവും ഒക്കെ, സമയം കുറേ പിടിയ്ക്കും..

3) താടി - ബുള്‍ഗാന്‍, ഫ്രഞ്ച് എന്നീ പഴഞ്ചന്‍ styleല്‍ നിന്നു മാറി ക്രിയാത്മകമായ കൊത്തുപണികള്‍ ഉള്ള പുതു ശൈലിയിലേക്ക് വരണം. നേരത്തെ മുടിയുടെ കാര്യത്തില്‍ പറഞ്ഞ - "ഒന്നു" നോക്കണം എന്ന കാര്യം ഏറെക്കുറെ എല്ലാ "യോയോ" രീതികള്‍ക്കും ഉപയുക്തമാണ്‌.

4) കണ്ണാടി - അഥവാ glasses - "അയ്യേ.. ഇതിവനു ചേര്വോ.." എന്നു ആരും ചോദിക്കുന്ന തരത്തിലാവണം തിരഞ്ഞെടുക്കേണ്ടത്‌.. ഇതില്ലെങ്കിലും "യോയോ" ആകാം എന്നുള്ളതു കൊണ്ട് കണ്ണാടിയെ കുറിച്ചാലോചിച്ച്‌ കൂടുതല്‍ തല പുണ്ണാക്കേണ്ട കാര്യമില്ല.

5) തൊപ്പി - ഏതെങ്കിലും ഒരു തൊപ്പി, എന്തു രീതിയിലുള്ളതായാലും തൊപ്പിയായാല്‍ മതി. തൊപ്പി ഉണ്ടായേ തീരൂ..

6) ഷര്‍ട്ട് ഇറക്കം കുറഞ്ഞത്‌ പകുതി ഇന്‍സൈഡ് - അഥവാ പകുതി ഔട്ട്സൈഡ് ചെയ്യുക. യാതൊരു കാരണവശാലും മുഴുവനായി ഇന്‍സൈഡോ ഔട്ട്സൈഡോ ചെയ്യാന്‍ പാടില്ല. മുന്‍‌വശത്തെ പകുതിയോടൊപ്പം പുറകുവശം ലേശം ഇന്‍ ചെയ്യാം. എന്തായാലും കാണുന്നവര്‍ക്ക്‌ ഇന്‍സൈഡ് ആണോ ഔട്ട്സൈഡ് ആണോ എന്നു ആശയക്കുഴപ്പം ഉണ്ടാകാന്‍ പോന്നതാവണം. അത്രയും ശ്രദ്ധിയ്ക്കണം.
രണ്ട് layer ആവശ്യമുള്ളവര്‍ക്ക്‌ അകത്ത്‌ teeshirt ഉം, പുറത്ത്‌ കറുപ്പ്‌ ജാക്കറ്റും ധരിയ്ക്കാം. തണുപ്പുള്ള നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ്‌ ഈ വേഷം അഭികാമ്യം.

7) ഇനി പാന്റ് രണ്ടു പ്രധാന വിഭാഗങ്ങളില്‍ നിന്നും അഭിരുചിയ്ക്കനുസരിച്ച് യഥേഷ്ടം തിരഞ്ഞെടുക്കാം.
a) കാര്‍ഗോസ് - അകത്ത്‌ അത്രക്ക്‌ കേമമായ brand ഇല്ലാത്തവര്‍ക്കും, മാന്യതയുടെ അതിര്‍‌വരമ്പുകള്‍ക്കകത്ത് കഴിയുന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന വളരെ ഉപയോഗപ്രദമായ ഇനം പാന്റാണിത്‌. ചറപറാ പോക്കറ്റുക്കളും, വലിയ കാലും, ഞാന്നു കിടക്കുന്ന കൊളുത്തും ആകെ ഒരു ആനച്ചന്തം ആണിവന്‌. ഇത്തിരി മെലിഞ്ഞവര്‍ക്ക് കേറി ഒന്നു മിനുങ്ങാന്‍ പറ്റുന്ന ഇനവും ഇവന്‍ തന്നെ. ഒരു ഇരുപതു കൂട്ടം സാമാനങ്ങള്‍ ഇവന്റെ പോക്കറ്റുകളില്‍ വെച്ച് അനായാസേന കൊണ്ടു പോകാം എന്ന ഒരു നേട്ടം കൂടി ഉണ്ട്‌ ഈ ചുള്ളന്‍ പാന്റിന്‌..
b) ലോ വെയ്സ്റ്റ് - അകത്ത്‌ കേമമായ brand ഉണ്ടെങ്കില്‍ മാത്രം - അതിന്റെ വിശേഷം നാട്ടുകാരെ അറിയിക്കാനും, മാന്യതയുടെ അതിര്‍‌വരമ്പുകളില്‍ "ആണോ" "അല്ലയോ" എന്നു നാട്ടുകാരെ ഇരുത്തി ചിന്തിപ്പിക്കാനും പോന്ന പോക്കിരി jeans ആണിവന്‍. മിഡി പോലെ താഴോട്ടിറക്കി, അകത്തെ ബ്രാന്‍ഡ് പ്രദര്‍ശിപ്പിച്ചു നടക്കാന്‍ പാകത്തിനേ ഇവനെ ധരിക്കാന്‍ പറ്റൂ. നാട്ടുകാരുടെ പ്രാര്‍ത്ഥനയാണോ അതോ ലോവെയിസ്റ്റിന്റെ design ആണോ ഇത്‌ ഊരിപോകാത്തതിനുള്ള കാരണം എന്ന് വ്യക്തമായി അറിവില്ല. എന്തായാലും - ഉരിഞ്ഞു ഉരിഞ്ഞില്ല, അകത്തും brand, പുറത്തും brand എന്നതൊക്കെയാണ്‌ ലോവെയിസ്റ്റ് സിദ്ധാന്തങ്ങള്‍.

8) ഫോര്‍മല്‍ ആണെന്ന് ഒരു കുഞ്ഞിനു പോലും സംശയം തോന്നാത്ത രീതിയിലുള്ള പാദരക്ഷകള്‍ വേണം തിരഞ്ഞെടുക്കാന്‍. പാദരക്ഷകള്‍ എന്നു പറയുമ്പോള്‍ ഷൂ എന്നു വേണം കരുതാന്‍. Adidas, Nike, Wu, Reebok, Woodland ഇങ്ങനെ അങ്ങോട്ട് പോകാം, അല്ലെങ്കില്‍ ഇത്തിരി തന്റേടവും, സാമര്‍ത്ഥ്യമുള്ളവര്‍ക്കായി "കമ്പിനി" സാധനങ്ങള്‍ വേറേയുണ്ട് - Adibas, Nikke, Woo, Reehok, Woodlands അങ്ങനേം പോകാം. എന്തായാലും ഷൂ ഇല്ലാതെ "യോയോ" ആവുന്നതിനെ കുറിച്ചു സ്വപ്നം കാണുകയേ വേണ്ട..

9) വാച്ച് - ഭാരം കൂടും തോറും "യോ" കൂടിക്കൊണ്ടേ ഇരിക്കും. ഇടത്തരം ഭാരം കൊണ്ട്‌ തൃപ്തിപ്പെടുന്നവര്‍ യോയോ-സാക്ഷാത്കാരം കിട്ടാതെ വെറും "യോ" ആയി ഗതി കിട്ടാതെ അലഞ്ഞു നടന്ന്‌, "യ്യോ" ആയി അവസാനിച്ച ചരിത്രവും ഉണ്ട്‌. മറ്റെല്ലാ വേഷവിധാനങ്ങളെയും പോലെ, "ഗഫൂര്‍ ക ദോസ്തിന്റെ" കടയില്‍ നിന്നും വാങ്ങാന്‍ പറ്റുന്ന ഇനം ഇതിലും ഉണ്ട്‌ - സമയം അല്ല പ്രധാനം സ്റ്റൈല്‍ ആണ്‌..

10) വള(ഒറ്റ കയ്യില്‍ മാത്രം - സ്റ്റീലിന്റെ), കടുക്കന്‍ (ഒറ്റ കാതില്‍ മാത്രം സ്റ്റീലിന്റെ), മാല(ചങ്ങല പോലുള്ളത്‌ - ഒരു കഴുത്ത്‌ മാത്രം ഉള്ളതു കൊണ്ടും, അര മാലയ്ക്ക്‌ നിലനില്പ്പില്ലാത്തതു കൊണ്ടും ഒരു മാല പൂര്‍ണ്ണമായും ധരിയ്ക്കാം).

11) Headphone/Earphone - നിര്‍ബന്ധമായും ധരിച്ചിരിക്കണം. പാട്ടുപെട്ടി ഇല്ലെങ്കിലും, earphone നിര്‍ബന്ധമായും ചെവിയിലുള്ള തുളകളില്‍ തിരുകണം, പാട്ടിന്റെ താളത്തില്‍ ഇടയ്ക്ക്‌ തല ആട്ടണം. പ്രത്യേകം ശ്രദ്ധിയ്ക്കുക - HipHop, Rock, Pop അല്ലാതെ വേറെ ഒരു genre പാട്ടുകള്‍ ഇതിനകത്തു നിന്നും കേട്ടാല്‍, അതില്‍‌പരം ഒരു നാണക്കേട്‌ ഒരു "യോയോ"ക്ക്‌ സംഭവിക്കാനില്ല. ഭക്തിഗാനവും കേട്ടു പോകുന്ന "യോയോ"വെ ആര്‍ക്കെങ്കിലും ഉള്‍ക്കൊള്ളാന്‍ പറ്റുമോ?

12) മുഖവ്യായാമം - അനുഭവത്തില്‍ നിന്നും ലഭിയ്ക്കുന്ന ഫലപ്രാപ്തി അഭിനയത്തിലൂടെ അപ്രാപ്ര്യമാണെങ്കിലും - സാമ്പത്തികമായ ഭദ്രത കൂടി പരിഗണിയ്ക്കുന്ന ഒരു യോയോ തൊഴുത്തിലും, അറവുശാലകളിലും ദിവസേന അല്പം സമയം ചെലവഴിയ്ക്കുന്നത് നന്നായിരിക്കും. പോത്ത്‌, എരുമ, പശു, ആട്‌ തുടങ്ങിയ മൃഗങ്ങളുടെ ഭോജനരീതിയും, ശൈലിയും പൂര്‍ണ്ണമായി ഉള്‍ക്കൊള്ളണം. ഇനി സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവര്‍ക്ക് bigbabol, boomer തുടങ്ങി orbit, Happy dent പോലുള്ള "ഒട്ടിപ്പോ" മിഠായികള്‍ സ്വാഭാവികമായി ചവച്ചു കൊണ്ടിരിയ്ക്കാം.. ഈ ചവയ്ക്കല്‍ അത്യന്താപേക്ഷിതമാണ്‌.. coolness ന്റെ ചിഹ്നമാണ്‌ ഈ ചവയ്ക്കല്‍. ചുറ്റും എന്തു മാരകമായ സംഭവങ്ങള്‍ നടന്നാലും, ചവച്ചു കൊണ്ട് എല്ലാം നേരിടണം..

സാധാരണക്കാരനായ "യോയോ" ആയാല്‍ മതിയെങ്കില്‍ ഇത്രയും കൊണ്ട്‌ അവസാനിപ്പിക്കാം. ഇത്തിരി കടുത്ത "യോയോ" ആവണമെങ്കില്‍, ശരീരത്തില്‍ ആസകലം തുളകളിട്ടു അവിടെയൊക്കെ സ്റ്റീല്‍ കൊളുത്തുകള്‍ ഞാത്തിയിട്ടു നടക്കാം.

ഇത്രയുമായപ്പോള്‍ ഭൗതികമായ വശങ്ങള്‍ ഏറെക്കുറേ പൂര്‍ത്തിയായെന്നു പറയാം. പക്ഷെ "യോയോ" അടുക്കും തോറും ആഴം കൂടി വരുന്ന സാഗരം ആണ്‌, ഒരു മിടുക്കന്‍ യോയോ ഭാഷാപരവും വാചികവുമായ ആയ ചില പ്രയോഗങ്ങള്‍ കൂടി സ്വായത്തമാക്കേണ്ടതുണ്ട്‌.
അടിസ്ഥാനപരമായുള്ള നിയമം - വാക്യങ്ങള്‍ വെട്ടി ചുരുക്കുക എന്നതു തന്നെ ആണ്‌. പിന്നെ അല്പം രൂപാന്തരങ്ങളും, കേള്‍‌വിക്കാരെ കോരിത്തരിപ്പിക്കുന്ന - ഇവന്‍ കൊള്ളാലോ - എന്നു തോന്നിപ്പിക്കുന്ന പ്രയോഗങ്ങളും..

ഒരു യോയോ മനുഷ്യന്‍ എഴുതുമ്പോള്‍ ഒരൊ വാക്കിലും യോയോ ശൈലി തുളുമ്പി നില്‍ക്കണം. വാക്കുകളിലെ അക്ഷരങ്ങള്‍ വെട്ടിച്ചുരുക്കുന്നതോടൊപ്പം താഴെ പറഞ്ഞതു പോലുള്ള ചില പരിണാമങ്ങളും അത്യന്താപേക്ഷിതമാണ്‌:-
1) my = ma (ഉദാ: my pen മറന്നേക്കൂ ഇനി മുതല്‍ ma pen)
2) s = z (s ന്റെ ഉപയോഗം പരമാവധി കുറയ്ക്കുക, z ന്റെ ഉപയോഗം പരമാവധി കൂട്ടുക. ഉദാ: becoz, wazz up, itz)
3) Yes = Yep, Yeah, Yo അല്ലെങ്കില്‍ Yup
4) OK = K
5) No = Nope (കോപ്പ്‌ ഇടയ്ക്കു പ്രയോഗിച്ചേ മതിയാവൂ)
6) want to = wanna
7) going to = gonna
8) ഡാ ചെക്കാ = Hi dude, Hey dude
9) girls = gals
10) then = den
11) there = der
12) the = d
13) are = r
14) I am = am
15) to = 2

ഇനി സന്ദര്‍ഭോചിതമായി ഉപയോഗിയ്ക്കാന്‍ പറ്റുന്ന ചില വാക്കുകളും, ശബ്ദങ്ങളും:-
1) ഒരു ഗ്യാപ് കിട്ടുമ്പോള്‍ cool എന്നു പറയണം, എത്ര hot ആണെങ്കിലും.
2) അബദ്ധം പറ്റുമ്പോള്‍, oops എന്നും, Oh! എന്നും.. പിന്നെ സ്വന്തമായി ചില പരീക്ഷണശബ്ദങ്ങള്‍ - ഓവര്‍ ആക്കാതെ പ്രയോഗിയ്ക്കുകയും ആവാം..
3) ആശ്ചര്യപ്പെടുമ്പോള്‍, WOW, OMG, Ah, Oh, huh, uh.. എന്നും.
4) നിര്‍‌വികാരത കാണിയ്ക്കാന്‍ mm, hmm എന്നൊക്കെ ഇടയ്ക്കു പറയണം.
5) അതൃപ്തി കാണിക്കാനായി, what the hell (WTH) ഉം ഇത്തിരി കടുത്ത പ്രയോഗമായ WTF ഉം പ്രയോഗിയ്ക്കാം.

എല്ലാ പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും ഒരു account, ചേതന്‍ ഭഗതിന്റെ പുസ്തകങ്ങളോട്‌ തീക്ഷ്ണമായ ഒരു ആരാധന(5 point someone, 3 mistakes of my life ഇതു രണ്ടും വായിച്ചിട്ടൂണ്ടെന്ന് എല്ലാവരും അറിയണം). ഇതൊക്കെ ഒരു discussion ഉണ്ടാകുമ്പോള്‍ മറ്റ്‌ "യോയോ"കളുടെ ഇടയില്‍ പിടിച്ചു നില്‍ക്കാന്‍ ഗുണം ചെയ്യും..
ഫോട്ടോയ്ക്ക്‌ പോസ് ചെയ്യുമ്പോള്‍ "യോയോ" അടയാളം നിര്‍ബന്ധമായും കാണിയ്ക്കണം - ചൂണ്ടാണി വിരലും നടുവിരലും ചേര്‍ത്ത്‌ ഒരു വശത്തേയ്ക്കും, മോതിരവിരലും ചെരുവിരലും ചേര്‍ത്ത് മറുവശത്തേയ്ക്കും V ആകൃതിയില്‍ പിടിച്ച്‌ നില്‍ക്കുന്നതാണ്‌ അന്തരാഷ്ട്ര അംഗീകാരം ഉള്ള "യോയോ" അടയാളം.

വെറുതെ നില്‍ക്കുമ്പോള്‍, ഇടതുകയ്യിന്റെ പെരുവിരല്‍ പാന്റിന്റെ ഇടതു പോക്കറ്റിലും, വലതുകയ്യിന്റെ പെരുവിരല്‍ പാന്റിന്റെ വലതു പോക്കറ്റിലും താഴ്ത്തി, ചുമലുകള്‍ നന്നായി മുകളിലേക്കു stretch ചെയ്ത ശേഷം, ഇടത്തോട്ടും വലത്തോട്ടും, അരയ്ക്കു മുകള്‍ഭാഗം പതുക്കെ ചലിപ്പിച്ചു കൊണ്ടിരിയ്ക്കാം. ഇടയ്ക്കു ചുമലുകള്‍ താഴ്ത്തി വിശ്രമിയ്ക്കാം; ഒരു ഇടവേളയ്ക്കു ശേഷം ഇതു വീണ്ടും ആവര്‍ത്തിയ്ക്കാം.

ആദ്യകാലങ്ങളില്‍ മറ്റുള്ളവര്‍ക്ക് "യോയോ" മനുഷ്യനെ സ്വീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാവും. "എടാ ബെടക്കേ, എന്താണ്ടാ അന്റെ കയുത്തില്‌ ഇയ്യ് ചങ്ങല ഞാത്തി നടക്കണത്‌.." എന്നു പറഞ്ഞ ആളുകള്‍ തന്നെ, പിന്നീട്‌, "ഓനോ.. ഓനാളൊരു യോയോ ല്ലേ മോനേ" എന്നു പറയും. അന്നാണ്‌ യഥാര്‍ത്ഥത്തില്‍ ഒരു "യോയോ" വിന്റെ ജനനം.

19 നവംബർ 2010

പുത്തന്‍ വശീകരണകലകള്‍

സമയം നട്ടുച്ച. ചുട്ടു പഴുത്ത നാഷനല്‍ ഹൈവേ. വൈറ്റില ജങ്ക്ഷന്‍. സ്വയം "ഡ്രൈഫ്രൈ" ആയിപ്പോകുന്നതിനു മുമ്പ്‌ ഏറ്റവും മുന്നിലുള്ള ചുവപ്പു ബസ്സില്‍ കയറിപ്പറ്റണമെന്ന് മാത്രമാണ്‌ ഇപ്പോള്‍ എന്റെ ചിന്ത. അതു കൊണ്ടു തന്നെ, അതേ ബസ്സിനെ ലക്ഷ്യമാക്കി വേഗത്തില്‍ നടന്നിരുന്ന, പ്രാരാബ്ധക്കാരനായ ചേട്ടനെയും, ഭാര്യയേയും, മിഠായി തിന്ന പല്ലുകളുള്ള ചെക്കനെയും, തള്ളിമാറ്റി ഇടയില്‍ക്കൂടി ഞാന്‍ ബസ്സിനെ ലക്ഷ്യമാക്കി കുതിച്ചു.. ക്ലീനര്‍ ചേട്ടന്‍ ബസ്സിനു താഴെ ഇറങ്ങി നിന്നു ഡബിള്‍ ബെല്‍ മുഴക്കിയപ്പോള്‍, ഞാന്‍ ഞെട്ടി..

"പണ്ടാരക്കാലാ പോവല്ലേ.. ഈയുള്ളവനേം കൂടി കേറ്റീട്ടു പോടാ.." (ഗദ്ഗദം)


പ്രതീക്ഷിച്ച പോലെ ഒരിറ്റു ദയ - അതെനിക്കു കിട്ടി.. പട്ടിയെപ്പോലെ കിതച്ചു കൊണ്ട്‌ ഞാന്‍ കഷ്ടിച്ചു കയറിപ്പറ്റി.
"താങ്ക്‌യൂ ചേട്ടാ", എന്നു പറഞ്ഞില്ല, പക്ഷെ ഒന്നു തിരക്കിട്ട്‌ ചിരിച്ചു, അതീവ ബഹുമാനത്തോടെ..
"ഹോ.. ഞാന്‍ കേറി.. ഇനി വിട്ടോ..", എന്നു മാത്രമായിരുന്നു ചിരിയുടെ അര്‍ത്ഥം. "
ആ പ്രാരാബ്ധച്ചേട്ടന്‍ ഓടിപ്പിടച്ചെത്തുമ്പോഴേക്കും ഒരു നേരമാകും..വാ നമുക്കു പോവാന്നേ...", എന്ന അര്‍ത്ഥത്തില്‍ ഞാന്‍ നോക്കി. പക്ഷേ ക്ലീനര്‍ ചേട്ടന്‌ കണ്ട മൈന്‍ഡ് ഇല്ല.

ഞാന്‍ അടുത്തു കണ്ട സീറ്റില്‍ ഇരിപ്പൂറപ്പിച്ച്‌, ബാക്കിയുണ്ടായിരുന്ന കിതപ്പ്‌ കിതച്ചു തീര്‍ത്തുകൊണ്ടിരുന്നു.
"എന്റമ്മോ.. എന്തൊരു ചൂടാത്‌.."

"വേഗം വാടീ.. വണ്ടിയിപ്പൊ എടുക്കും..", പുറത്തൊരു ബഹളം.
"ഓ.. പ്രാരാബ്ധക്കാരന്‍ ചേട്ടന്‍..", ഞാന്‍ മനസ്സില്‍ കണക്കു കൂട്ടി, "ഛെ.. വെയിലും കൊണ്ട്‌ ഓടിയതു മിച്ചം.."

"പോവല്ലേ.. ഒരാളു കൂടി കേറാനുണ്ട്‌.. ഒന്നു വേഗം വാടീ..", പ്രാരാബ്ധക്കാരന്‍ ചേട്ടന്‍ സ്റ്റെപ്പിനടുത്ത് നിന്നു മുറവിളികൂട്ടി, "ബെല്ലടിക്കല്ലേ.. ബെല്ലടിക്കല്ലേ.. ദാ എത്തിപ്പോയി... വേം വാ.. വേം വാ.. ഹോ.. ഇവളെക്കൊണ്ട്‌.."

ചേച്ചി, മിഠായി തിന്ന പല്ലുകളുള്ള ചെക്കനേം തൂക്കി ഓടിക്കേറിയപ്പോ, പ്രാരാബ്ധക്കാരന്‍ ചേട്ടന്‍ പറഞ്ഞു - "ങാ.. ഓക്കെ.."
ക്ലീനര്‍ ചേട്ടന്‍ അതു കേട്ടതായി ഭാവിച്ചില്ല.. മണിയടിച്ചു കൊണ്ടേ ഇരുന്നു.. ദൂരെ ആരോ ഓടിപ്പിടച്ചു വരുന്നുണ്ടാവും..
പ്രാരാബ്ധക്കാരന്‍ ചേട്ടന്‍ എന്റെയടുത്ത്‌ ഇരിപ്പുറപ്പിച്ചു.
"എന്തൊരു വെപ്രാളമായിരുന്നെടാ.. കണ്ടോ, ഞങ്ങളൊക്കെ കേറീട്ട്‌ നീയൊക്കെ വീട്ടീ പോയാ മതിയെടാ..", എന്ന അര്‍ത്ഥത്തില്‍ എന്നെ നോക്കി ഒന്നു ചിരിച്ചു

മിനിട്ടുകള്‍ ഒന്ന് - രണ്ട് - മൂന്ന്‌ - നാല്‌.. ഇങ്ങനെ കടന്നു പോയി..

മണിയടി മാത്രം നില്‍ക്കാതെ തുടരുന്നു..

അപ്പോള്‍ പുറകില്‍ നിന്നും ഒരു അപ്പാപ്പന്‍, "നിങ്ങ മണിയടിച്ചിരിക്കാണ്ട്‌ ഒന്നു പോടാ അപ്പാ.. കൊറ നേരായല്ല തൊടങ്ങീട്ട്.. ചൂടെടുത്തിട്ട് മനുഷ്യന് നിക്കക്കള്ളിയില്ല, അതിന്റെടക്കാ അവന്റെ ഒരു കലാപരിപാടി.. എടുക്കെടാ വണ്ടി.."

അപ്പോഴാണ്‌ ഈ മണിയടിയുടെ ഗുട്ടന്‍സ് എനിക്കു പിടികിട്ടിയത്.. ഭയങ്കര തെരക്കുള്ള ആള്‍ക്കാരെ അത്ര പെട്ടെന്നൊന്നും പുറപ്പെടാത്ത പാട്ട ബസ്സില്‍ കേറ്റാന്‍ വേണ്ടിയുള്ള ഗൂഢതന്ത്രം.. "ഇതില്‌ വേണ്ട അടുത്തതില്‌ പോകാം" എന്നു വിചാരിച്ചു നില്‍ക്കുന്നവരെയും, "എനിക്ക്‌ ഒരു മണിക്കു മുമ്പ് അങ്ങെത്താനുള്ളതാ" എന്നു വിചാരിച്ചു നില്‍ക്കുന്നവരെയും, "ഈശ്വരാ.. ഈ ചൂടീന്നെങ്ങനേങ്കിലും രക്ഷപ്പെട്ടാ മതി" എന്നു വിചാരിച്ചു നില്‍ക്കുന്നവരെയും - എല്ലാം ഒരു പോലെ കഴുതകളാക്കുന്ന പുതിയ വശീകരണ മന്ത്രമായിരുന്നു ഈ മണിയടി..

"ഈശ്വരാ എന്തൊരു കൊടും ചതി..", ഞാന്‍ ജനാലയ്ക്കകത്തു കൂടി തല പുറകോട്ടിട്ടു നോക്കി.. ദൂരെ പെട്ടീം തൂക്കി ഒരു പ്രായമായ ആള്‍ ഓടി വരുന്നു.. മണിയടിയ്ക്കുമ്പോള്‍ ഇടയ്ക്കിടയ്ക്ക്‌ ആ വഞ്ചകന്‍ - "പോവല്ലേ പോവല്ലേ.. ഒരാളു കൂടി കേറിക്കോട്ടേ.." എന്നൊക്കെ ഡ്രൈവറോട്‌ പുലമ്പിക്കൊണ്ടിരുന്നു..

ഓടിക്കൊണ്ടിരിക്കുന്നയാള്‍ - "എന്റെ ക്ലീനര്‍ മോനേ, ഞാന്‍ ദാ എത്തിപ്പോയി.. ദാ ഇപ്പ പോകാം.." എന്ന ഭാവത്തോടെ കൃതജ്ഞത തുളുമ്പുന്ന ചിരിയോടെ ഓടിക്കേറുന്നു. "നിന്റെ ഈ കൃതജ്ഞത ഞാനറിയുന്നു. പക്ഷെ, ഞാന്‍ നിന്നില്‍ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല.. ദീന ദയാലുവായ ഈ ഞാന്‍ എന്റെ ഈ നിഷ്കാമകര്‍മ്മം കൊണ്ട്‌, ഈ ദയാവായ്പ് മറ്റുള്ളവരിലേക്കു പരമാവധി ചൊരിയട്ടെ.." അങ്ങനെ അനുഭവിക്കാന്‍ റെഡിയായി നില്‍ക്കുന്ന നിഷ്ക്കളങ്കന്മാരെ തിരഞ്ഞുകൊണ്ടീരിക്കുകയാണ്‌ ദയാശീലന്‍..

പ്രാരാബ്ധക്കാരന്‍ ചേട്ടനും, ഭാര്യയും, മിഠായി തിന്ന പല്ലുകളുള്ള ചെക്കനും, അപ്പാപ്പനും, പിന്നെ ഇതു പോലെ ഓടിക്കേറിയ സകലരും, ഓടിക്കേറി അന്തം വിട്ടു നില്‍ക്കുന്ന പുതിയ അതിഥിയെ അകത്തേക്ക് സ്വാഗതം ചെയ്തു.. "വാ.. വാ.. കേറിയിരിക്ക്.."

10 നവംബർ 2010

സര്‍പ്രൈസ് സമ്മാനം

എന്തിനാ ഇപ്പൊ ഇങ്ങനെ ഒരു എടപാട്‌ എന്നു ചോദിച്ചാല്‍, ഒന്നിനും അല്ല.. "ചുമ്മാ" :)
കണ്ടാല്‍ ഒന്നു ഞെട്ടണം.. സന്തോഷം തോന്നണം.. പിന്നെ സൗഹൃദം പൂത്തുലഞ്ഞ്‌ അങ്ങോട്ട് സംഭവം ആകണം! ഇങ്ങനെ ചെറിയ ചെറിയ ഉദ്ദേശങ്ങളേ എനിക്കുണ്ടായിരുന്നുള്ളൂ..

ഒരു ആത്മസുഹൃത്ത്‌ പുതിയ സ്ഥലത്തേക്ക്‌ മാറിപ്പോവുകയാണ്‌, പുതുമയുള്ള എന്തെങ്കിലും വാങ്ങി കൊടുക്കണം.. എന്തെങ്കിലും ഒന്നും പോരാ.. സംഗതി variety ആയിരിക്കണം.. കണ്ടാല്‍ ഒന്നു ഞെട്ടണം..
"എന്റെ പ്രിയ സുഹൃത്തേ, നിനക്കു എന്താ ഇപ്പോ തരുക..", ഞാന്‍ തല പുകഞ്ഞാലോചിച്ചു..

പെട്ടെന്നു പണ്ട്‌ ജോസ് പറഞ്ഞ കാര്യം ഓര്‍മ്മ വന്നു. കാര്യം ജോസ് തല തിരിഞ്ഞവന്‍ ആണെങ്കിലും എടയ്ക്കൊക്കെ വളരെ innovative ആയിട്ടുള്ള ideas പറയാറുണ്ട്‌.. അധികം ആരും ചിന്തിക്കാത്ത മേഖലകളില്‍ കടന്നു ചെന്നു variety കാര്യങ്ങള്‍ ആലോചിക്കാന്‍ അവന്‌ ഒരു തരം "പ്രാകൃതമായ" വാസന ഉണ്ട്‌.
"ഫിഷ് ബൗള്‍ - അതിനകത്ത്‌ ഒരു ഫൈറ്റര്‍.. ദേ ദിങ്ങനെ.. ദിങ്ങനെ..", അതായിരുന്നു ജോസ് പണ്ടു പറഞ്ഞ ഐഡിയ
ആഹാ..! എന്തു നല്ല സമ്മാനം..

ഞാന്‍ മനസ്സില്‍ സങ്കല്പിച്ചു നോക്കി.. സുഹൃത്ത്‌ പൊതി തുറന്നു നോക്കുന്നു, അത്ഭുതം കൊണ്ട്‌ കണ്ണുകള്‍ തള്ളുന്നു.. ഞാന്‍ "അതെ i mean it" ഭാവത്തോടെ പുഞ്ചിരിക്കുന്നു..
don't say a word, my dear friend ഓ.. അതു കൊള്ളം ! കിടിലം.. സൗഹൃദം പൂത്തുലയും.. ഒറപ്പാ..

"എടാ സുഹൃത്തേ നിനക്ക്‌ ഞാന്‍ ഫിഷ്‍ബൗള്‍ വാങ്ങി തരുമെടാ... ഫിഷ്‍ബൗള്‍..", ഞാന്‍ മനസ്സില്‍ തീരുമാനിച്ചുറപ്പിച്ചു - വച്ചു പിടിച്ചു സഫ പെറ്റ് സെന്ററിലേക്ക്‌.

അവിടെ മുലകുടി മാറാത്ത പോമറേനിയന്‍ പട്ടി മുതല്‍ താറാവ്‌, കോഴി, തത്ത, പൂച്ച, മീന്‍ എന്നു വേണ്ട വളര്‍ത്താന്‍ കൂട്ടാക്കുന്ന സകല ജീവികളും ഉണ്ട്‌.
കുറേ സംഭവങ്ങള്‍ ഒന്നിച്ചു കാണുമ്പോള്‍ എനിക്കു സ്വതവേ ശീലമായ "തൊള്ള തുറന്നു പോകല്‍" സ്വാഭാവികമായും അവിടെ വച്ചും അനുഭവപ്പെട്ടു..
ജോസിനെ കടത്തി വെട്ടുന്ന പല plans ഉം എന്റെ മനസ്സില്‍ ഓടിയെത്തി..
"ഒരു പോമറേനിയന്‍ ആയാലോ.. അല്ലെങ്കി വേണ്ട ഒരു പ്രാവ്‌.. ഛെ വേണ്ട കാഷ്ഠിച്ചു വൃത്തികേടാക്കും.. ഒരു മുയലായാലോ.. ഉം.. അത് ശരിയാവൂലാ.."
ഞാന്‍ വീട്ടിലേക്ക്‌ ആണ്‌ പോകുന്നതു എന്നുള്ളതു കൊണ്ടും, 3 മണിക്കൂര്‍ ബസ്സില്‍ യാത്ര ചെയ്യണം എന്നുള്ളതു കൊണ്ടും, fish bowl ഇല്‍ തന്നെ ഉറച്ചു നില്‍ക്കാന്‍ അവസാനം തീരുമാനിക്കുകയായിരുന്നു..

മീശ അങ്ങോട്ട് ഘനത്തില്‍ വെക്കാത്തതു കൊണ്ട്‌ സ്വതവേ കടയില്‍ ചെന്നാലൊന്നും ബൂര്‍ഷ്വാസികളായ കടക്കാര്‍ ഇങ്ങോട്ട് വന്ന്‌ "സാര്‍ എന്താണ്‌ വേണ്ടത്‌" എന്നു ചോദിക്കാറില്ല.
അങ്ങനെ കയ്പേറിയ ചില അനുഭവങ്ങള്‍ ഉള്ളതു കൊണ്ട്‌ അധികം നിന്നു പരുങ്ങാതെ ഞാന്‍ അങ്ങോട്ട്‌ കേറി ചോദിച്ചു..
"ചേട്ടാ ഫിഷ്‍ബൗള്‍ ഉണ്ടോ ഫിഷ്‍ബൗള്‍..? പെട്ടെന്ന്‌ പൊട്ടാത്തത്‌ വേണം..അങ്ങനെ എളുപ്പമൊന്നും ചാവാത്ത, പ്രതികൂല സാഹചര്യങ്ങളോട്‌ മല്ലടിച്ചു ജീവിക്കുന്ന ഒരു മീനും വേണം.."
"ഇങ്ങള്‌ ഫൈറ്ററെ കോണ്ടോയിക്കോളീ.. അല്ലെങ്കില്‍ ഗൗരാമി.."
"ഫൈറ്റര്‍ മതി ഫൈറ്റര്‍ മതി" - ജോസ്‌ പറഞ്ഞ കാര്യം ഓര്‍മ്മ വന്നു..
"ഉം, പിന്നെ.. കുറച്ചു സ്റ്റോണ്‍സും വേണം.."
അവിടെ പ്രദര്‍ശിപ്പിച്ചിരുന്ന സ്റ്റോണ്‍സ് ഒക്കെ ഞാന്‍ ആദ്യമേ കണ്ടിരുന്നു.. പളുങ്കു പോലുള്ളത്‌, ചുവപ്പു കളറില്‍ ഉള്ളത്‌, തെളക്കം ഉള്ളത്‌, വല്ലാണ്ടങ്ങോട്ട്‌ തെളങ്ങാത്തത്‌.. അങ്ങനെ പല തരം..
"എത്തറ പൈശയ്ക്ക് വേണം..?", അയാള്‍ ദേ ഇപ്പോ പൊതിഞ്ഞു തരാം എന്ന ഭാവത്തോടു കൂടി ചോദിച്ചു.
"അത്‌..", ഞാനൊന്നു പരുങ്ങി.
"സ്റ്റോണ്‍സിനൊക്കെ ഇപ്പൊ എന്താ വെല?", ഞാന്‍ ചോദിച്ചു.
"പോടാ കഴുവേറീ ഇപ്പോ എന്താ വെലാന്നോ.. പണ്ടതിന്റെ വെല എന്തായിരുന്നെന്നു നിനക്കറിയുമായിരുന്നോടാ?" എന്ന് ചിന്തിക്കാനുള്ള ഇടവേളയ്ക്കു ശേഷം അയാള്‍ തുടര്‍ന്നു..
"അതിപ്പോ പല വെലേന്റത്‌ണ്ട്‌.."
തിളങ്ങുന്ന ടൈപ്പിനെ ചൂണ്ടി ഞാന്‍ ചോദിച്ചു, "ഇതിനെന്താ വെല?"
"അത്‌ കൂടിയ ടൈപ്പ് ആണ്‌ മോനെ..", അയാള്‍ പറഞ്ഞു.
"നാറ്റിച്ചു.. ഛെ.. ഞാനെന്നാടോ നിങ്ങടെ മോനായത്‌ .. മനുഷ്യന്റെ മാനം കെടുത്താനായി ഓരോരുത്തര്‌ എറങ്ങിക്കോളും.. പ്രായം ഇത്തിരി ഉണ്ടെടോ.. മോനാണത്രെ മോന്‍..", ഞാന്‍ കട്ടയ്ക്ക്‌ serious ആയ ശേഷം ആവര്‍ത്തിച്ചു, "ഉം... എത്ര രൂപയാ?"
"കിലോന്‌ 300 രൂപ"
"എന്തായാലും basically ഇതു സ്റ്റോണ്‍ തന്നെ അല്ലേ...", ഞാന്‍ ഓര്‍ത്തു..
"ചേട്ടാ അത്രയ്ക്കങ്ങോട്ട്‌ തെളക്കം വേണ്ട..", ഞാന്‍ മന്ദഹസിച്ചു..
ആ ചിരിയില്‍ അയാള്‍ എന്നെ ആസകലം അങ്ങോട്ട്‌ മനസ്സിലാക്കിക്കളഞ്ഞു.. എനിക്കു പറ്റിയ റെയ്ഞ്ച് അയാള്‍ അരക്കിലോ പൊതിഞ്ഞു തന്നു.. "അരക്കിലോ" ഞാന്‍ പറഞ്ഞില്ല, പക്ഷെ, എനിക്കത്രയും മതിയായിരുന്നെന്നു അയാള്‍ മനസ്സിലാക്കി. "തന്നതില്ല പരനുള്ളു കാട്ടുവാന്‍ ഒന്നുമേ നരനുപായമീശ്വരന്‍" എന്നൊക്കെ പറയുന്നത്‌ വെറുതെയാണെന്നേ..

ഇത്തിരി വെള്ളത്തില്‍ ഫൈറ്ററിനെ വേറൊരാള്‍ അവിടെ റെഡിയാക്കി വെച്ചിട്ടുണ്ടായിരുന്നു..
"കുറച്ചധികം സമയം യാത്ര ചെയ്യാനുള്ളതാണേ..", ഞാന്‍ സംശയത്തോടെ നോക്കിയപ്പോള്‍ അയാള്‍ ചോദിച്ചു.. "എത്ര മണിക്കൂര്‍?"
ശരിക്കും ഉള്ള രണ്ടു ദിവസവും, പിന്നെ എന്റെ വക ഒരൊറപ്പിനായി ഒരു ദിവസവും ചേര്‍ത്തു ഞാന്‍ പറഞ്ഞു, "3 ദിവസം"
അയാള്‍ കവര്‍ തുറന്നു ഓക്സിജന്‍ പമ്പ്‌ അകത്തേക്കിട്ട ശേഷം രണ്ടടി അങ്ങോട്ടടിച്ചു,
"ഇനി ഇതു 6 ദിവസം വേണെങ്കിലും ഇങ്ങനെ കെടന്നോളും.."
സ്ഥിരം പല്ലവിയായ "ഡിസ്കൗണ്ട്‌ ഒന്നുമില്ലേ ചേട്ടാ"യും, "മാക്സിമം അഡ്ജസ്റ്റ് ചെയ്തിട്ടാണ്‌ പറഞ്ഞേ" യും കഴിഞ്ഞ്, പൈസ കൊടുത്ത്‌, ഞാന്‍ സ്റ്റാന്‍ഡിലേക്ക്‌ നടന്നു..

സംഗതി ഒക്കെക്കൂടി മടിയില്‍ വെച്ചു കോഴിക്കോട് നിന്നും ഒറ്റ ഇരിപ്പിനു തൃശൂരെത്തി.. ഒരു കണക്കിന്‌ ഞാന്‍ തട്ടാതെയും മുട്ടാതെയും സംഭവം വീട്ടിലെത്തിച്ചു..
എനിക്ക്‌ എന്നെ കുറിച്ച്‌ സ്വയം അഭിമാനം തോന്നി.. ഹോ.. ഞാന്‍ ഇതു വളരെ വ്യത്യസ്തമാക്കിക്കളഞ്ഞല്ലോ.. ജോസ്‌ വിചാരിച്ച പോലെ അല്ല, "ഐഡിയാസ്" ഉള്ളോനാ..

പൊതിയഴിച്ചു നോക്കി, ഭാഗ്യം! പൊട്ടിയിട്ടില്ല.. ഭാഗ്യം! മീന്‍ ജീവനോടെയുണ്ട്..
"എന്താടാത്‌..", ചേച്ചി അടുക്കളയില്‍ നിന്ന്‌ ഓടി വന്നു, പിന്നാലെ അമ്മയും...
"മീനാണമ്മേ മീന്‍.." ഞാന്‍ വ്യക്തമാക്കി, "അതേയ്‌, ഞാനൊരു ഫ്രണ്ടിനു gift കൊടുക്കാന്‍ വേണ്ടി വാങ്ങിയതാ..."
"നിന്നു കാഴ്ച കാണാതെ നീ പോയി തേങ്ങ ചെരുക് പെണ്ണേ" എന്നു ചേച്ചിയോട്‌ പറഞ്ഞ്‌ അമ്മ അടുക്കളയിലേക്ക് പോയി, ഞാന്‍ ബാക്കി planning ആലോചിച്ച് മുറിയിലേക്കും..

നാളെയാണ്‌ സുഹൃത്ത്‌ യാത്രയാവുന്നത്‌ (അവന്‍ തന്നെ.. എന്താ സംശയം ഉണ്ടോ?)

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചു സംഭവം കൈമാറാം എന്നാണ്‌ എന്റെ plan. വരുന്ന ട്രെയിന്‍ ഏതാണെന്ന് മനസ്സിലാക്കണം, പുറപ്പെടുന്ന സമയവും..
surprise factor ഒട്ടും ചോര്‍ന്നു പോകാത്ത രീതിയില്‍ ഞാന്‍ അതു ചെയ്തു.. ദാ ഇങ്ങനെ..

"ഹലോ.."
"ഡാ.. നീ നാളെ ഏതു ട്രെയിനിനാ പോകുന്നേ?"
"ജനശദാബ്ദി..എന്താടാ..?"
"ഏയ് ഒന്നുല്ല, പിന്നെ സാധനങ്ങളൊക്കെ പാക്ക് ചെയ്‌തോ?"
"ങാ.. കുറച്ചു കൂടിയുണ്ട്‌"
"എന്നാ ശരിയെടാ.. പിന്നെ കാണാം"
"ങാ പിന്നെ.. നാളെയെപ്പഴാ പൊറപ്പെടുന്നെ?"
"ട്രെയിന്‍ 10 മണിക്കാ.."
"ഓ.. ശരിയെടാ എന്നാല്‌.."
"ബൈ.. ഗുഡ് നൈറ്റ്."

രാവിലെ സ്റ്റോണ്സ് കഴുകി കവറില്‍ വേറെയിട്ടു.. മീനിന്റെ കവര്‍ സുരക്ഷിതമായി അതിനു മുകളില്‍ വെച്ചു.. ശുദ്ധമായ ജലം 2 ലിറ്റര്‍ കുപ്പിയില്‍ പാക്ക് ചെയ്തെടുത്തു. ഉച്ചയാവാറായപ്പോള്‍ പൊതി കവറിലാക്കി, ബസ്സ് സ്റ്റോപ്പിലേക്ക്‌ നടന്നു. ചെറിയ ഒരു ഒതുക്കമില്ലായ്മയും, അസൗകര്യവും ഇല്ലേ..? ഇല്ലെന്ന്‌ മനസ്സിലുറപ്പിച്ച്‌ ഞാന്‍ നടന്നു.

ദൂരം കുറച്ചേ ഉള്ളൂവെങ്കിലും തൃശൂര്‍ റെയില്‍‌വേ സ്റ്റേഷന്‍ വരെ എത്തിപ്പെടാന്‍ ഇത്തിരി പാടാണ്‌.. റോഡ് മോശമാണ്‌..
ഇടയ്ക്കെപ്പഴോ ബസ് ഒരു കുഴി ചാടിയപ്പോ ജോസിനെ പ്രാകിയോ എന്നും സംശയം ഉണ്ട്‌, "അവന്റെ ഒരു ഒടുക്കത്തെ ഐഡിയ.."

പെട്ടെന്നാണ്‌ അങ്ങനെ ഒരു വശം ചിന്തിച്ചത്‌.. ഇനിയിപ്പോ അവന്റെ reaction എന്തായിരിക്കും..? വെളുക്കാന്‍ തേച്ചത് പാണ്ടാകുമോ പടച്ചോനേ...
ഏയ്.. അവനങ്ങനെ വല്ലതും പറയുമോ..
ഉം.. അവന്റെ ഒരു സൊഭാവം വെച്ച് അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല...

സൗഹൃദം പൂത്തുലയുന്നതിന്റെ ചിന്തകളൊക്കെ എവടെയോ പോയി.. എങ്ങനെയെങ്കിലും തെറി കേള്‍ക്കാതെ അവനെ ഇതു പിടിപ്പിക്കണം എന്നു മാത്രമായി പിന്നെ ചിന്ത..

പ്ളാറ്റ്ഫോം ടിക്കറ്റെടുത്ത്‌ ഗ്രാനയിറ്റ് ഇട്ട ഇരിപ്പിടത്തില്‍ ഞാന്‍ ഇരുന്നു.. പൊതിക്കെട്ട്‌ അടുത്തു തന്നെ വെച്ചു, ഞാന്‍ അതിനെ വിശദമായൊന്നു നിരീക്ഷിച്ചു...
"കൂതറ പാക്കിംഗ് - ഒരു മാതിരി മാര്‍ക്കറ്റീന്നു കുമ്മായം പാക്ക് ചെയ്തെടുത്ത പോലുണ്ട്‌ ..
പിടിച്ചാല്‍ ഒതുങ്ങാത്തത്രയും വീതി..
പൊട്ടുന്ന സാധനം..
മീനിനെ ഇടാന്‍ ശുദ്ധജലം പാക്ക് ചെയ്ത രണ്ടു ലിറ്ററിന്റെ കുപ്പി ഒതുങ്ങാതെ തല പൊക്കി നോക്കുന്നു.."
ആകെ മൊത്തം ഒരു വശപ്പിശകാണല്ലോ..

ടൗണില്‍ ഉന്നത വിദ്യാഭ്യാസം നടത്തുന്ന മോനെ കാണാന്‍, കാലന്‍ കുടയും, ഉണ്ണിയപ്പവും, അച്ചാര്‍ ഭരണിയുമായി നേരെ കോളേജിലേക്കു കേറി ചെല്ലുന്ന നാട്ടിന്‍പുറത്തുകാരന്‍ നാണപ്പന്‍ ചേട്ടന്റെ ഒരു feel.

ഇനിയിപ്പോ ഒരേ ഒരു കാര്യമേ ചെയ്യാനുള്ളൂ..
surprise factor പൊളിക്കുക, അത്രയും കുറച്ചു തെറി കേട്ടാല്‍ മതിയാകും.. രണ്ടും കല്പിച്ച്‌ വേഗം ഫോണ്‍ ഡയല്‍ ചെയ്തു..

ഹലോ.. എടാ, ഞാനാ..
ആഹാ നീയോ.. എന്താടാ?
ഞാന്‍ ഇപ്പോ റെയില്‍‌വേ സ്റ്റേഷനിലാടാ..
എന്താ പരിപാടി? എങ്ങോട്ടാ പോകുന്നേ?
എടാ.. ഞാന്‍...
ഞാന്‍ നിനക്കൊരു സാധനം തരാന്‍ വന്നതാ..
സാധനോ.....? എന്തു സാധനം?
എടാ, നീ ഒന്നും പറയണ്ടാ, പ്ലീസ്‌!
എന്തു പറയാന്‍......? എന്തു സാധനം.............? കാര്യം പറയെടാ.........
എടാ പറ്റിപ്പോയി... നീ എന്തായാലും അതു വാങ്ങണം..
സത്യം പറയെടാ...... എന്തു പാരയും കൊണ്ടാ നിന്റെ വരവ്‌?
എടാ... ഒരു ചെറിയ ഫിഷ്‌ബൗള്‍ ആണ്‌..
ഹെന്ത്‌...............?
ഡാ ഫിഷ്‌ബൗള്‌...
അയ്യോ... നിനക്കെന്തിന്റെ ........ ഹോ... എത്ര ലഗേജ് ഉണ്ടെന്നറയുവോ..?
ഡാ നീ ഒന്നും പറയണ്ട സ്റ്റേഷനീന്നു കാണാം, അങ്ങനെ പറഞ്ഞ്‌ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.

"ഹൗ കുഡ് ഐ വാക് ഇന്റു ദി റൂം ഓണ്‍ ദി ഫസ്റ്റ് ഡേ വിത് ദി ഫിഷ്" എന്നും, "ആര്‍ യൂ മേഡ്" എന്നും "ഡാ യൂ ടെയ്ക് ഇറ്റ് ടു യുവര്‍ ഹോം.. ഇറ്റ് വില്‍ ബി നൈസ്"  എന്നുമൊക്കെ  അവന്‍ sms അയച്ചു കൊണ്ടിരുന്നു..

രണ്ടാമത്തെ അടവായ സെന്റിമെന്റ്സ് work out ചെയ്യാനായി പിന്നീട്‌ എന്റെ ശ്രമം..
"ഡാ, എന്നാ പിന്നെ ഞാന്‍ തിരിച്ചു വീട്ടിലേക്കു പോവാം.."
"അയ്യോ പോവണ്ട പ്ലീസ്" , എന്നു അവന്‍ പറയുമെന്നോര്‍ത്തപ്പോ തോന്നിയ ചിരി തുടങ്ങുമ്പോഴേക്കും അടുത്ത മെസ്സേജ് വന്നു..
"ശരിയെടാ.. എന്നാ പിന്നെ നീയങ്ങോട്ട്‌...."

"എടാ മള്‍ബറീ നിന്നെ ഇന്നു ഇതു പിടിപ്പിച്ചിട്ടു തന്നെ കാര്യം..", ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു.

ട്രെയിന്‍ നിര്‍ത്തുമ്പോഴേക്കും അവന്‍ ചാടിയിറങ്ങി.. ഞാന്‍ ഒരു നല്ല മന്ദഹാസം പാസാക്കി..
എന്നെ ആസകലം പിടിച്ചു കുലുക്കിക്കൊണ്ടവന്‍ പറഞ്ഞു,
ഡാ.. നിനക്കിതെന്തിന്റെ കേടാ..! കുന്നു പോലെ ലഗേജ് ഉണ്ട്‌.. അതിന്റെ എടയ്ക്കാ അവന്റെ ഒരു മീന്‍...
നോക്കട്ടെ.. അവന്‍ പൊതിയ്ക്കകത്ത്‌ നിരീക്ഷണം തുടങ്ങി..
ഇതെന്താ... വെള്ളോം കോണ്ടു വന്നിട്ടുണ്ടോ? എന്റെ കയ്യിലുണ്ട്‌..
ഡാ.. ഇതു മീനിന്റെ വെള്ളാ..
മീനിന്റെ വെള്ളോ..??
മീനിനെ ഇടാനുള്ള വെള്ളം.. അവിടെ ഒക്കെ ക്ലോറിനേറ്റഡ് ആയിരിക്കും.. എന്തായാലും കാശു മുടക്കി വാങ്ങി.. എന്നാ പിന്നെ വെറുതെ ക്ലോറിന്‍ കൊടുത്തു കൊല്ലണോ..?
ങേ..!! ഹോ...!
ദെന്താത്‌.... ങേ... കല്ലോ... ... .. ???
ഡാ.. അതു കല്ലല്ലടാ സ്റ്റോണ്‍സാ.
സ്റ്റോണ്‍സ്‌..!! നിന്നെ..... ഞാന്‍...!!
അതു അക്വേറിയത്തിലിടുന്ന സ്റ്റോണ്‍സാഡാ..
ഇതാണോടാ $#%# നിന്റെ ചെറിയ ബൗള്‍.. ദാ പോരാത്തതിന്‌ കല്ലും.. ഹോ..!! കല്ലും കെട്ടീപ്പേറി പോവാനോ..?

ഞാന്‍ വണ്ടിക്കകത്തേക്കു നോക്കി വേഗം വിഷയം മാറ്റി..
"ഡാ, റിസര്‍‌വ്‌ ചെയ്തു വന്നതു കൊണ്ട് സീറ്റ് ഒക്കെ ഉണ്ടല്ലേ...?"
"റിസര്‍‌വ് ചെയ്താല്‍ സാധാരണ സീറ്റുണ്ടാവും, പക്ഷെ അതല്ലല്ലോ ഇപ്പഴത്തെ വിഷയം..."
വണ്ടി പുറപ്പെടാനുള്ള ഹോണ്‍ മുഴക്കിയപ്പോ, അവന്‍ പ്രതീക്ഷയോടെ ചോദിച്ചു...
"എടാ, ഇതു നീ വീട്ടിലേക്ക് തന്നെ കൊണ്ടു പോയിക്കോടാ.. നീ വീട്ടില്‌ വെച്ചോ... നല്ല രസമായിരിക്കും.."
"തിരിച്ചു കൊണ്ടു പോകുന്നതിലും നല്ലത്‌ ഉപേക്ഷിക്കുന്നതാണ്‌, ചേച്ചിയെങ്ങാനും അറിഞ്ഞാല്‍ നാണക്കേട്‌.. അയ്യേ..", ഓര്‍ത്തപ്പോള്‍ തൊലി ഉരിഞ്ഞു പോയി.

അയ്യോ.. അതു ശരിയാവൂല.. നീ ഇതു പിടിച്ചേ പറ്റൂ..
നീ കേറ്‌, വണ്ടി ദേ എടുത്തു... ഞാന്‍ സാധനം എടുത്ത്‌ വേഗം വണ്ടിയില്‍ വെച്ചു....
"ശരിയെടാ എന്നാല്‌...", തിരക്കിട്ട ഒരു മന്ദഹാസത്തോടെ അങ്ങനെ ഒരു ഡയലോഗ് ഫിറ്റ് ചെയ്ത ശേഷം, ആ ഭാഗത്തേക്കു തിരിഞ്ഞു നോക്കാതെ, ഞാന്‍ സ്പീഡില്‍ നടന്നു..
ഇടംകണ്ണിട്ടു ഒന്നു നോക്കിയപ്പോള്‍, compartment നകത്തു നിന്നും തുറിച്ചു നോക്കുന്ന രണ്ടു കണ്ണുകള്‍..
സൗഹൃദം "പൂത്തുലയുന്നതിനു" മുമ്പ്‌ ഞാന്‍ ഓടി രക്ഷപ്പെട്ടു..

23 ഒക്‌ടോബർ 2010

അയ്യപ്പാ പ്ലീസ്..

വെള്ളിയാഴ്ച രാത്രി കിടക്കുമ്പോള്‍ ഒരു ഉള്‍‌വിളി.. ഇന്നു അലാറം വെയ്ക്കണ്ട, നാളെ ശനിയാഴ്ചയാണ്‌.. "തന്നാലെ എണീയ്ക്കട്ടെ.."
സാവകാശം ഓഫീസില്‍ പോകാം.. (ഫ്ലെക്സിബിള്‍ ടൈമിങ് എന്നു പറഞ്ഞ ഒരു കുന്ത്രാസുണ്ട്‌, നാളെ അതു പ്രയോഗിച്ചു കളയാം.. 11 മണിക്കെങ്ങാനും കേറാം..)

അങ്ങനെ വളരെ സമാധാനപരമായി, ഞാന്‍ ഉറക്കം wait ചെയ്തു കിടന്നു..
എല്ലാരും വീഴുന്നതു പോലെ ഞാനും.. അറിയാതെ.. പതുക്കെ ഉറക്കത്തിലേക്കു വ ഴു തി വീ ണു.. നല്ല "ഒറക്കം"..

പക്ഷെ അത്‌ അധിക നേരം നീണ്ടു നിന്നില്ല...

പുറത്ത്‌ എന്തൊക്കെയോ കോലാഹലം കേട്ട്‌ ഞാന്‍ ഞെട്ടിയുണര്‍ന്നു.. ചെവി തുളച്ചു കയറുന്ന ഒച്ചയില്‍ ഫക്തിഗാനം ആര്‍ത്തലയ്ക്കുന്നു.. നിലയ്ക്കാതെ...
(ഒച്ച കൂടുമ്പോള്‍ എല്ലാ ഭക്തി ഗാനങ്ങളും ഫക്തി ഗാനങ്ങളാകും, അതൊറപ്പാ..)

  ഇങ്ങനെ..


♬♬ പള്ളിക്കെട്ട് ശബരിമലയ്ക്ക്‌ കല്ലും മുള്ളും കാല്‌ക്ക്‌ മെത്തൈ.. ♬♬
♬♬ സ്വാമിയേ അയ്യപ്പോ അയ്യപ്പോ സ്വാമിയേ ♬♬

ഹെന്ത്‌.. ഹോ.. അമ്മോ.. ഹോ.. അയ്യോ.. ഹോ.. ശൊ... അയ്യപ്പാ.. പ്ലീസ്..
(ഇത്‌ നിസ്സഹായയായ നായികയുടെ അടുത്തേക്ക്‌ വില്ലനായ പാളയം അയ്യപ്പന്‍ നടന്നടുക്കുമ്പോള്‍ കേള്‍ക്കുന്ന വിലാപമല്ല...
ഒരൊന്നൊന്നര ഒറക്കത്തീന്ന്‌ പെട്ടെന്ന്‌ എഴുന്നേല്‍ക്കേണ്ടി വരുമ്പോള്‍ കേള്‍ക്കുന്ന ഒരു ജീവന്റെ അങ്കലാപ്പാണിത്‌... )

വീട്ടിനടുത്തുള്ള അയ്യപ്പ ക്ഷേത്രം - അതു അയ്യപ്പന്റേതാണെന്നും, ഉപദേവതകളും, ദേവന്മാരും ആയി വേറേ പലരും അവിടെ പ്രതിഷ്ഠയായിട്ടൂണ്ടെന്നും നാട്ടിലുള്ള 75 ശതമാനം (അമ്പല)വിശ്വാസികള്‍ക്കും അറിയാം.. ആര്‍ക്കെങ്കിലും ആ ഒരു കാര്യത്തില്‍ സംശയം ഉള്ളതായി തോന്നിട്ടേയില്ല.. പക്ഷെ.. എന്റെ പൊന്നയ്യപ്പാ.. എന്തിനാ നേരം പുലരാന്‍ നേരത്ത്‌ ഇങ്ങനെ ഒരു പരീക്ഷണം..? ആരുടെ താല്പര്യത്തിലാണീശ്വരാ ഈ പ്രഭാതഘോഷം? വൃശ്ചികമാസം പോലും ആയില്ലല്ലോ..

പകലന്തിയോളം പണിയെടുത്ത് (ചുമ്മാ കെടക്കട്ടെ), സൂര്യന്‍ 45 ഡിഗ്രി ആകുന്നതു വരെ കിടന്നുറങ്ങുന്ന പാവപ്പെട്ട സാധാരണക്കാരന്റെ ഉറക്കം കെടുത്തേണ്ട വല്ല കാര്യവും ഉണ്ടോ?

അല്ല ഇതൊക്കെ നിന്നോട്‌ പറഞ്ഞിട്ട്‌ വല്ല കാര്യവും ഉണ്ടോ? ഉണ്ടോ? സമാധാനം പറ..

ആരാണാവോ ഈശ്വരാ ഈ അലമ്പ്‌ പരിപാടി തുടങ്ങിയത്‌?

പല്ല് തേയ്ക്കാന്‍ തുടങ്ങുമ്പോളുള്ള ആലസ്യം പാട്ടിന്റെ ചടുലതയില്‍ മാറി.. പാട്ടിന്റെ താളത്തില്‍ ബ്രഷ് വായ്ക്കകത്ത്‌ നൃത്തം വെച്ചു..

നേരം വൈകിയതു കൊണ്ടുള്ള ഫ്ലെക്സിബിള്‍ ടൈമിങ്ങൊന്നും വേണ്ടി വന്നില്ല.. വളരെ നേരത്തെ തന്നെ ഓഫീസിലേക്കു തിരിച്ചു.. നേരത്തെ എന്നു പറഞ്ഞാല്‍ ഒരു ആറര മണി സമയത്ത്‌..

പുറത്തിറങ്ങിയപ്പോള്‍, സാധാരണ മുഖം തറയില്‍ വെച്ച്‌ കണ്ണുകള്‍ പാതിയടച്ച്‌ ഉറങ്ങാറുണ്ടായിരുന്ന ബിസ്കറ്റ് കളര്‍ നായയും കൂട്ടാളികളും എന്റെ അതേ അവസ്ഥയില്‍.. "എന്തുവാടേ ഇത്‌...!" എന്ന ഭാവത്തില്‍ പുച്ഛത്തോടെ എന്നെ നോക്കുന്നുണ്ടായിരുന്നു..

20 സെപ്റ്റംബർ 2010

സ്നേക് ഇന്‍ ദി ബുഷ്‌

മുണ്ട് മടക്കിക്കുത്തി കോലായിലൂടെ ഉലാത്തുമ്പോള്‍ മൊബൈല്‍ഫോണ്‍ അകത്തു നിന്നും ചിലച്ചു..
ഓടി ചെന്നു നോക്കുമ്പോ... ആരാ...

നമ്മടെ "Miss. XXX calling..."

ആകെ ഒന്നു കണ്ണോടിച്ച ശേഷം ആ "സുനാപ്പി" എടുത്ത്‌ ധൃതിയില്‍ പറമ്പിലേക്ക്‌ നടന്നു..
"സുനാപ്പി" ചെവിയോട്‌ ചേര്‍ത്തപ്പോള്‍ അറിയാതെ ഇംഗ്ലീഷ് വന്നു.. ചില്ലറ ഇംഗ്ലീഷ് ഒന്നും അല്ല - നല്ല "വള വളാന്ന്‌...."
(അപ്പുറത്തു സംസാരിക്കുന്നതു ആരാന്നാ വിചാരം?) :*) :-)

സകല മല്ലു ദൈവങ്ങളെയും മനസ്സില്‍ ധ്യനിച്ച്‌ വളരെ സ്വാഭാവികമായി, "കുറച്ചു കാച്ചങ്ങോട്ടു കാച്ചി.."

പെറ്റമ്മ കേട്ടാല്‍ കോള്‍മയിര്‍ കൊള്ളും - "ഹോ.. എന്റെ മോന്‍!!!! യെവന്‍ വെവരം വെച്ചു.. ഇത്രേ....ങ്ങോട്ട്‌ സംഭവായിപ്പോയത്‌ ഞാനറിഞ്ഞില്ലല്ലാ... ഛെ.. നാലാളുള്ളപ്പോ ഇവനിങ്ങനെ ഒന്നു സംസാരിച്ചു കാണാനെന്താ ഒരു വഴി.."

"ഹേയ്.. ഹവ് ആര്‍ യൂ ഡൂയിങ് യാര്‍?
  ..... .... ....
ഓ യാ.. ഉം..
യെപ് യെപ്..
ഡാ.. ആര്‍ യൂ ജോക്കിംഗ് ഓര്‍ സംതിങ്?
ഐ കാണ്‍ട് ബിലീവ് ഇറ്റ് യാര്‍..
ഹേ.. കമോണ്‍...
ഉം.. ഐ നോ ദാറ്റ്..
യൂ സ്റ്റുപ്പിഡ്.. നോട്ടി.."

അടുത്ത അടി താഴെ വെച്ചതും.. ... ...
വരിയ്ക്കപ്ലാവിന്റെ ഇടയില്‍ നിന്ന്.... ഒരു കരിമൂര്‍ഖന്‍!!!!! മുന്നില്‍ ചാടി കാലുകളെ - "തൊട്ടു തൊട്ടില്ല" - എന്ന നിലയില്‍, കിടന്നു പുളഞ്ഞു..

"ഊയിന്റമ്മോ........... പാമ്പ്....... പാമ്പ്‌......."

ആത്മാവിന്റെ ഉള്ളറകളില്‍ നിന്നും "തറവാടിത്തം" ഉള്ള നല്ല ഒന്നാന്തരം മുലപ്പാല്‍ ഭാഷ അനര്‍ഗ്ഗളനിര്‍ഗ്ഗളം പ്രവഹിച്ചു...

"ഇന്റമ്മോ.....", മുണ്ടിന്റെ സകല ഭാഗങ്ങളും പിടിച്ചു പൊക്കി.. ചീറി വിളിച്ചു കൊണ്ട്‌ ചാടി..

ഫോണ്‍ തെറിച്ച്‌ നേരെ ഗോപാലേട്ടന്റെ "കണ്ട"ത്തിലേക്ക്‌ ചെന്നു വീണു..

"എന്താടാ.. അവടെ ഒരു ബഹളം..?" (അകത്തു നിന്നും അമ്മേം പെങ്ങളും ഓടി വന്നു)

"സുനാപ്പി" തപ്പിപ്പിടിച്ചെടുത്തപ്പോള്‍ ഉള്ളില്‍ നിന്ന്‌ വീണ്ടും മല്ലു ഭാഷ "ഹേയ്.. ഡാ.. വാട് ഹേപ്പന്‍ഡ്.. വൈ ടൂ മച് നോയ്സ് ദേര്‍.. സംതിങ് റോങ്..?"..

"അത്‌ പിന്നേ.."
(കിതച്ചു കൊണ്ട്.. മറന്നു പോയ മല്ലു ലാംഗ്വേജ്‌ തലച്ചോറില്‍ നിന്നും വീണ്ടും ഡീക്കോഡ്‌ ചെയ്തെടുത്തു..)

"ഡാ.. ഏ സ്നേക് ഇന്‍ ദി ബുഷ്‌.."

09 സെപ്റ്റംബർ 2010

പുസ്തക സുഹൃത്തുക്കള്‍

"പുസ്തകങ്ങള്‍ നമ്മുടെ ഉറ്റ ചങ്ങാതിമാരെ പോലെ ആണ്"
പണ്ടു ഉപന്യാസ രചനയ്ക്ക് മന:പ്പാഠം ആക്കുമ്പോള്‍ അതു ഒട്ടും ഉള്‍ക്കൊണ്ടിരുന്നില്ല.
"എന്ത് വിവരക്കേടാണ് ഇവര്‍ ഈ എഴുതി പിടിപ്പിച്ചിരിക്കുന്നത്? പുസ്തകങ്ങള്‍ ചങ്ങാതിമാരെ പോലെ ആണത്രേ!" എന്നൊക്കെ ഓര്‍ത്തിരുന്നു.

പുസ്തകങ്ങള്‍ വായിക്കുന്നത് തന്നെ വളരെ അപൂര്‍വമായിരുന്നു അന്നൊക്കെ.
പക്ഷെ ഇന്നങ്ങനെ അല്ല, കാണുന്നതൊക്കെ വായിച്ചു കൂട്ടില്ലെങ്കിലും..
ചവച്ചു ചവച്ചു മധുരം കാണുന്ന ഒരു ചങ്ങാതി ആയി മാറിയിരിക്കുന്നു അവന്‍.

ചില താളുകള്‍ മറയ്ക്കുമ്പോള്‍
ഞാന്‍ പറയും - "ഉം. അതെ അതെ ഞാന്‍ അത് അറിയുന്നുണ്ട്,
എനിക്കറിയാന്‍ കഴിഞ്ഞില്ലെങ്കിലും വിശ്വാസമാണ് നിന്നെ", അവനും അതറിയും.

ധൃതി പിടിയ്ക്കുന്നതും ഓടിച്ചു വായിക്കുന്നതും അവനിഷ്ടമല്ല
"നീ ആരെ ബോധിപ്പിക്കാന്‍ വേണ്ടി ആണീ പാട് പെടുന്നത്?", അവന്‍ ചോദിയ്ക്കും..
"ഉം.. അതില്‍ കാര്യമായി വല്ലതും ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല!"
അതൃപ്തി അറിയിച്ച ശേഷം വീണ്ടും വായന..
അങ്ങനെ പോകും ദിവസങ്ങള്‍..
ദിവസങ്ങള്‍ മാത്രം പഴക്കമുള്ള സൌഹൃദം..

ഇടയ്ക്ക് വെച്ചു പറച്ചില്‍ നിര്‍ത്തിയവരും ഉണ്ട് ഇക്കൂട്ടത്തില്‍!
പറയുന്നത് എനിക്ക് മനസ്സിലാകണ്ടേ?
കുറെ കേട്ടിരിക്കും.. പിന്നെ ഞാന്‍ ആ ഭാഗത്തേക്കെ പോകില്ല..
അവരൊക്കെ പൊടിയും, പിന്നെ  പാറി വന്ന മുടിയും മാറാലയും കൊണ്ട്
ശ്വാസം മുട്ടുമ്പോള്‍ എന്നെ ശപിയ്ക്കുന്നുണ്ടാവും.

ചിലര്‍ പറയുന്നത് പ്രാര്‍ത്ഥനയോടെ കേട്ടിരിക്കാനാവും തോന്നുക.
ഒന്നും അങ്ങോട്ട്‌ ചോദിക്കാന്‍ തോന്നില്ല..
എന്നെ കൈ പിടിച്ചുയര്ത്തുന്നവര്‍..

പറഞ്ഞ് തീര്‍ന്നാല്‍ പിന്നെ എല്ലാവരെയും അപ്പാടെ മറന്നു പോകാറാണ് പതിവ്..
ആരും പരിഭവം പറയില്ല!
കുറച്ചു ദിവസങ്ങള്‍ മാത്രം നീണ്ടു നില്‍ക്കുന്ന സൗഹൃദം!
എന്റെ ഇഷ്ടം അറിഞ്ഞു വീണ്ടും വീണ്ടും പുതിയ കാര്യങ്ങളുമായി വരുന്നവരും ഉണ്ട്  ഇക്കൂട്ടത്തില്‍..

പറഞ്ഞ് തീരുമ്പോള്‍  ഒരാളെ അല്പം അറിഞ്ഞു കഴിഞ്ഞ സുഖം ചിലപ്പോള്‍..
ചിലപ്പോള്‍ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോയ പോലെയും..

23 ഓഗസ്റ്റ് 2010

പ്രതീക്ഷ

ഒരു സ്വപ്നം കണ്ട്‌ ഞെട്ടിയുണരുന്ന
ലാഘവത്തോടെ എഴുന്നേല്‍ക്കണം..
ഇതു സ്വപ്നം തന്നെ..
അല്ലെങ്കില്‍ ഭ്രമമാണോ?

ഇതു മറ്റൊരു നിദ്രയാവും..
ഇവിടെ നടക്കുന്നതൊക്കെ സ്വപ്നങ്ങളും..

ഒരു സ്വപ്നത്തില്‍ നിന്നുണര്‍ന്നത്‌ മറ്റൊരു നിദ്രയിലേയ്ക്ക്‌..!

നേരം വെളുക്കും എന്നും..
എഴുന്നേല്‍ക്കും എന്നും..
പ്രതീക്ഷയുണ്ട്‌..

21 ജൂൺ 2010

എന്റെ സുഹൃത്തിന്റെ വീട്ടില്‍

എന്റെ സുഹൃത്തിന്റെ വീട്ടില്‍...
പശു ഉണ്ട്‌, തൊഴുത്തുണ്ട്‌,  നായയുണ്ട്‌, കോഴിയുണ്ട്‌
നിറഞ്ഞു നില്‍ക്കുന്ന പച്ചപ്പ് ഉണ്ട്‌...
പുതുമയുടെ കടന്നു കയറ്റമുണ്ട്‌,
പഴമയുടെ ധാരാളിത്തവുമുണ്ട്‌..

പൊടി പിടിച്ച ഒരു തൂക്കുവിളക്കുണ്ട്‌...
മരത്തിന്റെ ഗന്ധമുള്ള കോണിയുണ്ട്‌...
കോണിയില്‍ ഇരുട്ടിന്റെ സുഖകരമായ നിഗൂഢതയുണ്ട്‌...

പിന്നെ..  ഞാന്‍ കിടന്ന മുറിയില്‍
കാറ്റിനു പഴമയുടെ ലഹരിയുണ്ട്‌
ശ്വാസത്തിനു വിശ്രമത്തിന്റെ ലാഘവം ഉണ്ട്‌..

കിളിവാതിലില്‍ പറഞ്ഞു തീര്‍ന്ന
നൂറു ബോള്‍പേനകളുടെ ശേഖരം ഉണ്ട്‌..

കട്ടില്‍ വിട്ടു തന്ന എന്റെ സുഹൃത്തുണ്ട്‌...
വാക്കുകള്‍ കാതോര്‍ത്തു ഞാനും ഉണ്ട്‌...

10 ജൂൺ 2010

വെജിറ്റബിള്‍ ബിരിയാണി

(വെജിറ്റബിള്‍ ബിരിയാണി കഴിക്കാന്‍ പെട്ടെന്നൊരു മോഹം.. നേരെ കയറി അടുത്തു കണ്ട ഒരു ഹോട്ടലിലേക്ക്‌..)

ചേട്ടാ, ‌വെജിറ്റബിള്‍ ബിരിയാണി ഉണ്ടോ?

(അല്പ സമയം ചിന്തിച്ച ശേഷം... എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച പോലെ അയാള്‍.)

ങാ.. ഉണ്ട്‌... (മന്ദസ്മിതം)

(അല്പ സമയം കഴിഞ്ഞ്, അയാള്‍ അതീവ ബഹുമാനത്തോടെ ഒരു പ്‌ളേറ്റ് വെജിറ്റബിള്‍ ബിരിയാണി എന്റെ മുന്നില്‍ കൊണ്ടു വന്നു വെച്ചു...)

ഉല്‍‌സാഹത്തോടെ ഞാന്‍ ഒരു പിടി പിടിച്ചു നോക്കി.. എന്തോ ഒരു പന്തികേട്‌.. എവിടെയോ എന്തോ ഒരു "സ്പെല്ലിങ് മിസ്‌റ്റേക്"...

ഉം... അതെ... ഇതു അതു തന്നെ...!
അകത്ത്‌ വെജിറ്റബിള്‍ കുറുമ, പുറത്ത്‌ ബിരിയാണി റൈസ്‌...!
ആകെ മൊത്തം നോക്കിയാല്‍ തനി വെജിറ്റബിള്‍ ബിരിയാണി..!!

ആള്‍മാറാട്ടം നടത്തിയ കുറുമയും, ബിരിയാണി റൈസും ഒന്നും അറിയാത്ത പോലെ, പരസ്പരം പുണര്‍ന്നു കൊണ്ടു ഒരു വെജിറ്റബിള്‍ ബിരിയാണിയെപ്പോലെ, ചേര്‍ന്നു കിടന്നു ...

ഇത്ര എളുപ്പത്തില്‍ വെജിറ്റബിള്‍ ബിരിയാണി തട്ടിക്കൂട്ടാം എന്നു എന്നെ പഠിപ്പിച്ച കാക്കനാടുള്ള ആ ഹോട്ടല്‍ ചേട്ടന്‌ എന്റെ
നന്ദി... നന്ദി... നന്ദി...

29 മേയ് 2010

സുഖപ്രസവം

(സുഹൃത്ത് അച്ഛനായ വാര്‍ത്ത കേട്ട് ഞാന്‍ ഓടി ചെന്നു)

നല്ല ഒരു ചോരക്കുഞ്ഞ്..
അതിന്റെ നനുനനുത്ത കാലുകളില്‍ തടവിക്കൊണ്ട്  ഒരു പുഞ്ചിരിയോടെ ഞാന്‍ ചോദിച്ചു:
ഓഹോ.. എന്നിട്ട് സുഖപ്രസവം ആയിരുന്നോ?

സുഹൃത്തിന്റെ ഭാര്യ ഒരു ഞെട്ടലോടെ, ഒരു ചെറിയ ഇടവേളക്കു ശേഷം:
ഉം.. ഒരു "പ്രസവം" ആയിരുന്നു..

(ഒരിക്കലെങ്കിലും പ്രസവിച്ചവര്‍ക്ക് "സുഖപ്രസവം" അനുചിതമായ പ്രയോഗം തന്നെ!!)

23 ഫെബ്രുവരി 2010

ദോഷൈകദൃക്ക്

ഒരു പോത്തിന്റെ തൊലി, ഉരിച്ചു വെച്ചിരിയ്ക്കുന്നു - കമ്പിളിപ്പുതപ്പ്‌ മടക്കി വെച്ചതു പോലെയുണ്ട്‌. വീടിനടുത്തുള്ള രണ്ട്‌ ക്ഷേത്രങ്ങളിൽ പൂരമാണ്‌, അതും അടുത്തടുത്ത ദിവസങ്ങളിൽ. പൂരം പ്രമാണിച്ച്‌ പോത്തിനെ സ്‌നേഹിയ്ക്കുന്നവരുടെ വൻ തിരക്കാണ്‌, അടുത്തുള്ള അറവുശാലയിൽ. ഇന്നലെ വരെ പോത്തിന്റെ സ്വന്തമായിരുന്ന തല, കടയുടെ മുൻപിൽ, തൊലിയുരിച്ച്‌ കൊമ്പിന്റെ താങ്ങിൽ, ചുമരിനോടു ചാരി വെച്ചിരിയ്ക്കുന്നു - അതും "തല തിരിച്ച്‌".

"പോത്തിറച്ചി ഇവിടെ ലഭിയ്ക്കും" എന്നെഴുതി വെയ്ക്കുന്നതിനേക്കാൾ ഫലപ്രാപ്തി ഈ സമ്പ്രദായത്തിനാവും..
"ഇതു കാലഹരണപ്പെട്ട ബോർഡ്‌ ആണോ?", "ഇന്നു ശരിയ്ക്കും പോത്തിറച്ചി കിട്ടുമോ?"എന്നൊക്കെ ആശങ്കകളുള്ള സംശയാലുക്കളായ ഉപഭോക്താക്കളുടെ സംശയം ദൂരീകരിയ്ക്കത്തക്കതാണ്‌ ഈ "തലപ്രയോഗം".

ഇന്നലെ വരെ പോത്തിന്റെ താങ്ങായിരുന്ന കാലുകൾ, ഇരുമ്പ്‌ കൊളുത്തിൽ തൂങ്ങിക്കിടന്നാടി. രക്തത്തിന്റെയും, ചുടുമാംസത്തിന്റെയും, വൻകുടലിന്റെയും ഗന്ധം, കാറ്റ്‌ അതു വഴി പോയവരോടൊക്കെ പറഞ്ഞു. പോത്തിന്റെ ആത്മാവ്‌ ഒരവസരം കാത്ത്‌ നിഗൂഢമായ സുഷുപ്തിയിൽ മുഴുകി.

സമയം ഏതാണ്ട്‌ നട്ടുച്ച - ചുറ്റുവട്ടത്തെ പ്രധാന ക്ലബ്ബിന്റെ വകയായി രണ്ടു പടു കൂറ്റൻ ഉച്ചഭാഷിണികൾ സ്ഥാപിച്ചിരിയ്ക്കുന്നു, ഏതാണ്ട്‌ വീടിനു മുൻവശത്തായി. ഞാൻ ഒരുരുള ചോറ്‌, അമ്മയുണ്ടാക്കിയ അവിയലും കൂട്ടിക്കുഴച്ച്‌ വായിലിട്ട്‌ ചവച്ചു. അപ്പോൾ ചെവിടടയ്ക്കുന്ന ശബ്ദത്തിൽ ഉച്ചഭാഷിണിയിലൂടെ ആദ്യത്തെ പാട്ട്‌ തല തുളച്ച്‌ അകത്തു കയറി.

കൗസല്യാ സുപ്രജാ രാമ.. 

"നട്ടുച്ച്യ്ക്കും സുപ്രഭാതമോ!" (ആത്മഗതം)

എന്തു തുടങ്ങുമ്പോഴും ഈശ്വരചിന്തയിൽ തുടങ്ങണമെന്ന്‌ ചിട്ടയുള്ള വല്ല പ്രവർത്തകനും ആവും ഭക്തിഗാനത്തിൽ തുടങ്ങിക്കളയാമെന്നു വെച്ചതു. അല്ലെങ്കിൽ രാവും, പകലും എല്ലാം ആപേക്ഷികവും വെറും മായയും ആണെന്നറിഞ്ഞ വല്ല താത്ത്വികനും ആയിരിയ്ക്കണം..

ഭാഗ്യം.. നാലു വരി കഴിഞ്ഞപ്പോൾ ഭക്തിഗാനം നിന്നു..
പിന്നീട്‌...
"കോഴീ പുന്നാരപ്പൂങ്കോഴീ.." എന്നും
"അസലേ കോസലേ രാസാമണീ" എന്നും
"വിളിച്ചാ വേലി ചാടി വരും" എന്നുമൊക്കെ കേട്ടു.

തലയോട്ടിയ്ക്കകത്ത്‌ ഉറങ്ങിപ്പോയ ഭ്രാന്തിന്റെ തരംഗങ്ങൾ ത്രസിച്ചു..

"പുലി വരുകിത്‌ പുലി വരുകിത്‌.." (ഉച്ചഭാഷിണി)
ഞാൻ വാതിലും ജനലുകളും ഭദ്രമായി അടച്ചു. ഒരു സമാധാനത്തിനായി കർട്ടനും ഇട്ടു.
"പുലി വരുകിത്‌ പുലി വരുകിത്‌" (ഉച്ചഭാഷിണി)
- ഞാൻ തോൽവി സമ്മതിച്ച്‌ പിൻവാങ്ങി  

തിങ്കളാഴ്ച്ച ഉത്സവത്തിനു നിൽക്കുന്നില്ല എന്നു പറഞ്ഞതിൽ ചേട്ടന്‌ ചെറിയ ഒരു പരിഭവം ഉണ്ടായിരുന്നു..
"നിന്നാ ശരിയാവില്ല... പണിയുണ്ട്‌..", ഞാൻ തട്ടി വിട്ടു.
"എന്നാ ശരി, നമുക്ക്‌ ഇന്ന്‌ 3 മണിയ്ക്ക്‌ മറ്റേ അമ്പലത്തിൽ പൂരം കാണാൻ പോകാം" ചേട്ടൻ പറഞ്ഞു.

3 മണിയായപ്പോൾ ഞാനും ചേട്ടനും അമ്പലത്തിനടുത്തേയ്ക്കു നടന്നു. ദേശീയപാതയിലൂടെയാണ്‌ ഘോഷയാത്രകൾ വരിക. മണി മൂന്നായെങ്കിലും വറുത്തെടുക്കാൻ പോന്ന വെയിലുണ്ട്‌. ടാറിട്ട റോഡിൽ തിങ്ങി നിറഞ്ഞുകൊണ്ട്‌ കുറേ ആനകൾ - ചെരുപ്പിടാത്ത പത്തൊമ്പത്‌ ആനകൾ, പൊരിവെയിലത്ത്‌ അടി വെച്ച്‌ നടന്നു വരുന്നു. അകമ്പടിയായി ശിങ്കാരിമേളവും, കാവടിയും. ശിങ്കാരിമേളം കേട്ടാൽ കേറി തുള്ളാൻ തോന്നും! കാലിൽ ചങ്ങല ഇല്ലായിരുന്നെങ്കിൽ, പത്തൊമ്പത്‌ ആനകളും ഇറങ്ങി തുള്ളീയേനെ. അതായിരുന്നു അവസ്ഥ. ശിങ്കാരിമേളത്തിന്റെ ലഹരിയിൽ, പുരുഷപ്രജകൾ സ്വയം മറന്നാടി. ഹാഫും, ഫുള്ളും, ലാർജും മിക്കവരുടെയും ആട്ടത്തിനു മാറ്റു കൂട്ടി. ചങ്ങലയ്ക്കിട്ട ആനകളും, ചങ്ങലയ്ക്കിടാത്ത സ്ത്രീകളും തുള്ളാതെ ഒതുങ്ങി നിന്നു.

വൊളണ്ടിയർമാർ പൊരി വെയിലത്തും ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നുണ്ടായിരുന്നു. ദേശീയപാതയിലൂടെ പോകേണ്ട വാഹനങ്ങളെ കട്ട്‌ റോഡിലേയ്ക്കാനയിക്കുക, വഴങ്ങാത്ത ഡ്രൈവർമാരെ അൽപസ്വൽപം നൂതനമായ ഭാഷയിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുക - ഇതൊക്കെ. ശിങ്കാരിമേളത്തിന്റെ ചടുലമായ വേഗങ്ങളിൽ വൊളണ്ടിയർമാരും ഇടയ്ക്കൊക്കെ സ്വയം മറന്നു തുള്ളി. ഇനി ഈ റോഡിലൂടെ അങ്ങേയറ്റത്തുള്ള ക്ഷേത്രം വരെ പോകണമെന്നും, എന്നിട്ട്‌ തിരിച്ചിവിടെ തന്നെ വരണമെന്നുമൊക്കെ ഈ ആനകൾ ചിന്തിച്ചിട്ടു പോലുമുണ്ടാവില്ല. പക്ഷെ അതായിരുന്നു സത്യം.

"എടോ ആനേ.. നീ ഭയങ്കര സംഭവമാണ്‌.. നിനക്കെന്തൊക്കെ ചെയ്യാൻ പറ്റുമെന്നറിയുമോ..?", എന്നൊക്കെ ഈ ആനയെ ആരു പറഞ്ഞു മനസ്സിലാക്കും? ഛെ! ഇങ്ങനെ ഒരു പോത്തൻ ആന..

"ങാ.. ഇനി 7 മണിയ്ക്കു വെടിക്‌കെട്ട്‌ കാണാൻ വരാം", ചേട്ടൻ പറഞ്ഞു.
"വെടിക്കെട്ട്‌ കണ്ടിട്ടു തന്നെ കാര്യം", ഞാൻ കണക്കു കൂട്ടി.

വീട്ടിലെത്തി, വൈകുന്നേരം 6 മണിയായപ്പോൾ വീണ്ടും സുപ്രഭാതം ഉച്ചഭാഷിണിയിലൂടെ ഒരു 10 നിമിഷം കേട്ടു.
"ഉം..ഭക്തിയ്ക്കുള്ള സമയമായി", ഞാനോർത്തു. അര മണിക്കൂർ ഭക്തിസാന്ദ്രമായ അന്തരീക്ഷം.
അതു കഴിഞ്ഞ്‌ വീണ്ടും...
"പുലി വരുകിത്‌.. പുലി വരുകിത്‌.. വേട്ടൈക്കാരൻ... വേട്ടൈക്കാരൻ.."

വെടിക്കെട്ട്‌ തുടങ്ങിയപ്പോൾ ഏഴരയായി. ആനകൾ ദൗത്യം പൂർത്തിയാക്കി അടുത്ത ലക്ഷ്യസ്ഥാനത്തേയ്ക്ക്‌ പോയിക്കഴിഞ്ഞു. റോഡിനോട്‌ ഓരം ചേർന്ന ഒരു പറമ്പിൽ വെച്ചാണ്‌ വെടിക്കെട്ട്‌. വെടിക്കെട്ടിന്‌ തീ കൊടുത്തപ്പോൾ റോഡ്‌ മുഴുവൻ ആളുകളെക്കൊണ്ടു നിറഞ്ഞു. സാദാ അമിട്ടു മുതൽ ഗർഭംകലക്കി വരെ മത്സരിച്ചു പൊട്ടി. അവസാനം ആയപ്പോഴേയ്ക്കും ഞാൻ രണ്ടു ചെവിയും പൊത്തി. റോഡ്‌ ബ്ലോക്കായി. അടുത്ത്‌ ഒരു പെട്ടി ഓട്ടോറിക്ഷയിൽ പത്തുപന്ത്രണ്ട്‌ ആടുകൾ ബന്ധനസ്ഥരായി നിൽക്കുന്നു. അന്തം വിട്ട്‌ നോക്കി നിൽക്കുകയാണ്‌ ആടുകൾ.

"അയ്യോ! ബോംബ്‌ സ്ഫോടനം..."
"തീർന്നു.. എല്ലാം തീർന്നു..."
എന്നൊക്കെയാവണം അവർ ചിന്തിച്ചിട്ടുണ്ടാവുക..

ആടിന്റെ ചെവി പൊത്താൻ ആരുമില്ല.
വെടിക്കെട്ട്‌ കഴിഞ്ഞു.. സ്ഫോടനപരമ്പര കഴിഞ്ഞ്‌ അഭയാർത്ഥികളെ കൊണ്ട്‌ പോയ പോലെ ആടുകളെ നിറച്ച ആ വണ്ടി പതുക്കെ പതുക്കെ കടന്നു പോയി.

വീട്ടിലെത്തി ഒന്നു തല ചായ്ച്ചപ്പോൾ, ഉച്ചഭാഷിണി എന്നോടു വിളിച്ചു കൂവി..

"ബീറ്റ്‌ ഇറ്റ്‌.. ജസ്റ്റ്‌ ബീറ്റ്‌ ഇറ്റ്‌.."
ആനയും, പോത്തും, ആടും, ഞാനും ഒരേ സ്വരത്തിൽ ഏറ്റു പാടി,
"ബീറ്റ്‌ ഇറ്റ്‌.. ജസ്റ്റ്‌ ബീറ്റ്‌ ഇറ്റ്‌.."