23 ഫെബ്രുവരി 2010

ദോഷൈകദൃക്ക്

ഒരു പോത്തിന്റെ തൊലി, ഉരിച്ചു വെച്ചിരിയ്ക്കുന്നു - കമ്പിളിപ്പുതപ്പ്‌ മടക്കി വെച്ചതു പോലെയുണ്ട്‌. വീടിനടുത്തുള്ള രണ്ട്‌ ക്ഷേത്രങ്ങളിൽ പൂരമാണ്‌, അതും അടുത്തടുത്ത ദിവസങ്ങളിൽ. പൂരം പ്രമാണിച്ച്‌ പോത്തിനെ സ്‌നേഹിയ്ക്കുന്നവരുടെ വൻ തിരക്കാണ്‌, അടുത്തുള്ള അറവുശാലയിൽ. ഇന്നലെ വരെ പോത്തിന്റെ സ്വന്തമായിരുന്ന തല, കടയുടെ മുൻപിൽ, തൊലിയുരിച്ച്‌ കൊമ്പിന്റെ താങ്ങിൽ, ചുമരിനോടു ചാരി വെച്ചിരിയ്ക്കുന്നു - അതും "തല തിരിച്ച്‌".

"പോത്തിറച്ചി ഇവിടെ ലഭിയ്ക്കും" എന്നെഴുതി വെയ്ക്കുന്നതിനേക്കാൾ ഫലപ്രാപ്തി ഈ സമ്പ്രദായത്തിനാവും..
"ഇതു കാലഹരണപ്പെട്ട ബോർഡ്‌ ആണോ?", "ഇന്നു ശരിയ്ക്കും പോത്തിറച്ചി കിട്ടുമോ?"എന്നൊക്കെ ആശങ്കകളുള്ള സംശയാലുക്കളായ ഉപഭോക്താക്കളുടെ സംശയം ദൂരീകരിയ്ക്കത്തക്കതാണ്‌ ഈ "തലപ്രയോഗം".

ഇന്നലെ വരെ പോത്തിന്റെ താങ്ങായിരുന്ന കാലുകൾ, ഇരുമ്പ്‌ കൊളുത്തിൽ തൂങ്ങിക്കിടന്നാടി. രക്തത്തിന്റെയും, ചുടുമാംസത്തിന്റെയും, വൻകുടലിന്റെയും ഗന്ധം, കാറ്റ്‌ അതു വഴി പോയവരോടൊക്കെ പറഞ്ഞു. പോത്തിന്റെ ആത്മാവ്‌ ഒരവസരം കാത്ത്‌ നിഗൂഢമായ സുഷുപ്തിയിൽ മുഴുകി.

സമയം ഏതാണ്ട്‌ നട്ടുച്ച - ചുറ്റുവട്ടത്തെ പ്രധാന ക്ലബ്ബിന്റെ വകയായി രണ്ടു പടു കൂറ്റൻ ഉച്ചഭാഷിണികൾ സ്ഥാപിച്ചിരിയ്ക്കുന്നു, ഏതാണ്ട്‌ വീടിനു മുൻവശത്തായി. ഞാൻ ഒരുരുള ചോറ്‌, അമ്മയുണ്ടാക്കിയ അവിയലും കൂട്ടിക്കുഴച്ച്‌ വായിലിട്ട്‌ ചവച്ചു. അപ്പോൾ ചെവിടടയ്ക്കുന്ന ശബ്ദത്തിൽ ഉച്ചഭാഷിണിയിലൂടെ ആദ്യത്തെ പാട്ട്‌ തല തുളച്ച്‌ അകത്തു കയറി.

കൗസല്യാ സുപ്രജാ രാമ.. 

"നട്ടുച്ച്യ്ക്കും സുപ്രഭാതമോ!" (ആത്മഗതം)

എന്തു തുടങ്ങുമ്പോഴും ഈശ്വരചിന്തയിൽ തുടങ്ങണമെന്ന്‌ ചിട്ടയുള്ള വല്ല പ്രവർത്തകനും ആവും ഭക്തിഗാനത്തിൽ തുടങ്ങിക്കളയാമെന്നു വെച്ചതു. അല്ലെങ്കിൽ രാവും, പകലും എല്ലാം ആപേക്ഷികവും വെറും മായയും ആണെന്നറിഞ്ഞ വല്ല താത്ത്വികനും ആയിരിയ്ക്കണം..

ഭാഗ്യം.. നാലു വരി കഴിഞ്ഞപ്പോൾ ഭക്തിഗാനം നിന്നു..
പിന്നീട്‌...
"കോഴീ പുന്നാരപ്പൂങ്കോഴീ.." എന്നും
"അസലേ കോസലേ രാസാമണീ" എന്നും
"വിളിച്ചാ വേലി ചാടി വരും" എന്നുമൊക്കെ കേട്ടു.

തലയോട്ടിയ്ക്കകത്ത്‌ ഉറങ്ങിപ്പോയ ഭ്രാന്തിന്റെ തരംഗങ്ങൾ ത്രസിച്ചു..

"പുലി വരുകിത്‌ പുലി വരുകിത്‌.." (ഉച്ചഭാഷിണി)
ഞാൻ വാതിലും ജനലുകളും ഭദ്രമായി അടച്ചു. ഒരു സമാധാനത്തിനായി കർട്ടനും ഇട്ടു.
"പുലി വരുകിത്‌ പുലി വരുകിത്‌" (ഉച്ചഭാഷിണി)
- ഞാൻ തോൽവി സമ്മതിച്ച്‌ പിൻവാങ്ങി  

തിങ്കളാഴ്ച്ച ഉത്സവത്തിനു നിൽക്കുന്നില്ല എന്നു പറഞ്ഞതിൽ ചേട്ടന്‌ ചെറിയ ഒരു പരിഭവം ഉണ്ടായിരുന്നു..
"നിന്നാ ശരിയാവില്ല... പണിയുണ്ട്‌..", ഞാൻ തട്ടി വിട്ടു.
"എന്നാ ശരി, നമുക്ക്‌ ഇന്ന്‌ 3 മണിയ്ക്ക്‌ മറ്റേ അമ്പലത്തിൽ പൂരം കാണാൻ പോകാം" ചേട്ടൻ പറഞ്ഞു.

3 മണിയായപ്പോൾ ഞാനും ചേട്ടനും അമ്പലത്തിനടുത്തേയ്ക്കു നടന്നു. ദേശീയപാതയിലൂടെയാണ്‌ ഘോഷയാത്രകൾ വരിക. മണി മൂന്നായെങ്കിലും വറുത്തെടുക്കാൻ പോന്ന വെയിലുണ്ട്‌. ടാറിട്ട റോഡിൽ തിങ്ങി നിറഞ്ഞുകൊണ്ട്‌ കുറേ ആനകൾ - ചെരുപ്പിടാത്ത പത്തൊമ്പത്‌ ആനകൾ, പൊരിവെയിലത്ത്‌ അടി വെച്ച്‌ നടന്നു വരുന്നു. അകമ്പടിയായി ശിങ്കാരിമേളവും, കാവടിയും. ശിങ്കാരിമേളം കേട്ടാൽ കേറി തുള്ളാൻ തോന്നും! കാലിൽ ചങ്ങല ഇല്ലായിരുന്നെങ്കിൽ, പത്തൊമ്പത്‌ ആനകളും ഇറങ്ങി തുള്ളീയേനെ. അതായിരുന്നു അവസ്ഥ. ശിങ്കാരിമേളത്തിന്റെ ലഹരിയിൽ, പുരുഷപ്രജകൾ സ്വയം മറന്നാടി. ഹാഫും, ഫുള്ളും, ലാർജും മിക്കവരുടെയും ആട്ടത്തിനു മാറ്റു കൂട്ടി. ചങ്ങലയ്ക്കിട്ട ആനകളും, ചങ്ങലയ്ക്കിടാത്ത സ്ത്രീകളും തുള്ളാതെ ഒതുങ്ങി നിന്നു.

വൊളണ്ടിയർമാർ പൊരി വെയിലത്തും ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നുണ്ടായിരുന്നു. ദേശീയപാതയിലൂടെ പോകേണ്ട വാഹനങ്ങളെ കട്ട്‌ റോഡിലേയ്ക്കാനയിക്കുക, വഴങ്ങാത്ത ഡ്രൈവർമാരെ അൽപസ്വൽപം നൂതനമായ ഭാഷയിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുക - ഇതൊക്കെ. ശിങ്കാരിമേളത്തിന്റെ ചടുലമായ വേഗങ്ങളിൽ വൊളണ്ടിയർമാരും ഇടയ്ക്കൊക്കെ സ്വയം മറന്നു തുള്ളി. ഇനി ഈ റോഡിലൂടെ അങ്ങേയറ്റത്തുള്ള ക്ഷേത്രം വരെ പോകണമെന്നും, എന്നിട്ട്‌ തിരിച്ചിവിടെ തന്നെ വരണമെന്നുമൊക്കെ ഈ ആനകൾ ചിന്തിച്ചിട്ടു പോലുമുണ്ടാവില്ല. പക്ഷെ അതായിരുന്നു സത്യം.

"എടോ ആനേ.. നീ ഭയങ്കര സംഭവമാണ്‌.. നിനക്കെന്തൊക്കെ ചെയ്യാൻ പറ്റുമെന്നറിയുമോ..?", എന്നൊക്കെ ഈ ആനയെ ആരു പറഞ്ഞു മനസ്സിലാക്കും? ഛെ! ഇങ്ങനെ ഒരു പോത്തൻ ആന..

"ങാ.. ഇനി 7 മണിയ്ക്കു വെടിക്‌കെട്ട്‌ കാണാൻ വരാം", ചേട്ടൻ പറഞ്ഞു.
"വെടിക്കെട്ട്‌ കണ്ടിട്ടു തന്നെ കാര്യം", ഞാൻ കണക്കു കൂട്ടി.

വീട്ടിലെത്തി, വൈകുന്നേരം 6 മണിയായപ്പോൾ വീണ്ടും സുപ്രഭാതം ഉച്ചഭാഷിണിയിലൂടെ ഒരു 10 നിമിഷം കേട്ടു.
"ഉം..ഭക്തിയ്ക്കുള്ള സമയമായി", ഞാനോർത്തു. അര മണിക്കൂർ ഭക്തിസാന്ദ്രമായ അന്തരീക്ഷം.
അതു കഴിഞ്ഞ്‌ വീണ്ടും...
"പുലി വരുകിത്‌.. പുലി വരുകിത്‌.. വേട്ടൈക്കാരൻ... വേട്ടൈക്കാരൻ.."

വെടിക്കെട്ട്‌ തുടങ്ങിയപ്പോൾ ഏഴരയായി. ആനകൾ ദൗത്യം പൂർത്തിയാക്കി അടുത്ത ലക്ഷ്യസ്ഥാനത്തേയ്ക്ക്‌ പോയിക്കഴിഞ്ഞു. റോഡിനോട്‌ ഓരം ചേർന്ന ഒരു പറമ്പിൽ വെച്ചാണ്‌ വെടിക്കെട്ട്‌. വെടിക്കെട്ടിന്‌ തീ കൊടുത്തപ്പോൾ റോഡ്‌ മുഴുവൻ ആളുകളെക്കൊണ്ടു നിറഞ്ഞു. സാദാ അമിട്ടു മുതൽ ഗർഭംകലക്കി വരെ മത്സരിച്ചു പൊട്ടി. അവസാനം ആയപ്പോഴേയ്ക്കും ഞാൻ രണ്ടു ചെവിയും പൊത്തി. റോഡ്‌ ബ്ലോക്കായി. അടുത്ത്‌ ഒരു പെട്ടി ഓട്ടോറിക്ഷയിൽ പത്തുപന്ത്രണ്ട്‌ ആടുകൾ ബന്ധനസ്ഥരായി നിൽക്കുന്നു. അന്തം വിട്ട്‌ നോക്കി നിൽക്കുകയാണ്‌ ആടുകൾ.

"അയ്യോ! ബോംബ്‌ സ്ഫോടനം..."
"തീർന്നു.. എല്ലാം തീർന്നു..."
എന്നൊക്കെയാവണം അവർ ചിന്തിച്ചിട്ടുണ്ടാവുക..

ആടിന്റെ ചെവി പൊത്താൻ ആരുമില്ല.
വെടിക്കെട്ട്‌ കഴിഞ്ഞു.. സ്ഫോടനപരമ്പര കഴിഞ്ഞ്‌ അഭയാർത്ഥികളെ കൊണ്ട്‌ പോയ പോലെ ആടുകളെ നിറച്ച ആ വണ്ടി പതുക്കെ പതുക്കെ കടന്നു പോയി.

വീട്ടിലെത്തി ഒന്നു തല ചായ്ച്ചപ്പോൾ, ഉച്ചഭാഷിണി എന്നോടു വിളിച്ചു കൂവി..

"ബീറ്റ്‌ ഇറ്റ്‌.. ജസ്റ്റ്‌ ബീറ്റ്‌ ഇറ്റ്‌.."
ആനയും, പോത്തും, ആടും, ഞാനും ഒരേ സ്വരത്തിൽ ഏറ്റു പാടി,
"ബീറ്റ്‌ ഇറ്റ്‌.. ജസ്റ്റ്‌ ബീറ്റ്‌ ഇറ്റ്‌.."