19 ജൂലൈ 2013

പൊടിമോന്‍

ധൃതിയോടെയുള്ള ഒരു കാൽ വെപ്പിൽ ബാലൻസ് തെറ്റി ചെരുപ്പിൽ നിന്ന് റോഡിലേക്ക് തെറിച്ച്' വീഴുകയായിരുന്നു.. ചുട്ടുപൊള്ളുന്ന വെയിൽ. വെളുത്ത നിറമുള്ള പൊടിപടലങ്ങൾ അവിടം മുഴുവൻ ഒഴുകി നടക്കുന്നുണ്ട്..

ചെമന്ന പൊടി അങ്കലാപ്പോടെ നാലുപാടും നോക്കി, പതുക്കെ ചുട്ടു പൊള്ളുന്ന റോഡില്‍ നിന്നും ഉയര്‍ന്നു പൊങ്ങാന്‍ ശ്രമിച്ചു. അതുവഴി വന്ന വെളുത്ത നിറമുള്ള ഒരു സിമന്റ് പൊടി ചെമന്ന പൊടിയെക്കണ്ട്  പരിചയപ്പെടാനെന്നോണം തിരക്കി - "ഇവിടെയൊന്നും മുമ്പ് കണ്ടിട്ടില്ലല്ലോ..?",
ഗുരുത്വാകർഷണത്തോട് പൊരുതിക്കൊണ്ട്  ചെമന്ന പൊടി പറഞ്ഞു, "അങ്ങ് കോഴിക്കോടിനടുത്തുന്നാ.."
"ഓഹോ..! പല സ്ഥലത്തുന്നും ഉള്ള ആൾക്കാരായി ഇപ്പോൾ ഇവിടെ.. കോഴിക്കോട് എവിടെയാ?", സിമന്റ് പൊടി പരിചയഭാവത്തോടെ വീണ്ടും തിരക്കി.

ചെമന്ന പൊടി  തുടർന്നു - "മണ്ണിനടിയിൽ ആയിരുന്നു കാലാകാലങ്ങളായി. വലിയ ഒരു ഉറക്കം - ഓർക്കാൻ കഴിയാത്ത അത്രേം നേരം. ഏതോ കുടിവെള്ള പദ്ധതിയ്ക്ക് വേണ്ടി മണ്ണെടുത്തപ്പോഴാണ് ആദ്യമായി പുറം ലോകം കണ്ടത്. എന്തെല്ലാം ലോകങ്ങൾ ആണ് പുറത്ത്! പല സ്ഥലത്തും കഴിഞ്ഞു കൂടി. ഇരു ദിശകളിലേക്കും പാഞ്ഞുകൊണ്ടിരിക്കുന്ന വാഹനങ്ങൾ, അപകടം ഒളിഞ്ഞിരിക്കുന്ന ശരീരങ്ങളും വസ്ത്രങ്ങളും..."

വെളുത്ത പൊടിയെ നിരീക്ഷിച്ചുകൊണ്ട്  ചെമന്ന പൊടി തുടർന്നു - "മഴ പെയ്യുന്നത് വരെ പൂർണ്ണ  സ്വാതന്ത്ര്യം ആണ് എന്നാണ് അവിടെയുള്ളവർ പറഞ്ഞു കേട്ടിട്ടുള്ളത്. വെള്ളം തൊട്ടാൽ പിന്നെ ചളിയായി പരിണമിച്ച്  കുറച്ചു കാലം കഴിയണം.. വെയില്‍ ഉദിച്ച് വരണ്ടുണങ്ങുന്നത് വരെ റോഡിലോ വഴിയിലോ അങ്ങനെ കിടക്കണം..  പെട്ടെന്നൊരു ദിവസം ഏതെങ്കിലും ഒരു ബസ്സോ ലോറിയോ ചീറി പാഞ്ഞ് വരുമ്പോഴായിരിക്കും വീണ്ടും ഉണരുക..

ഇലകളും, മരങ്ങളും ആയിരുന്നു എല്ലാവര്‍ക്കും നോട്ടം. അതുകൊണ്ടു തന്നെ അവിടെ കയറിപ്പറ്റാന്‍ നല്ല തിക്കും തിരക്കുമാണ്‌.... കയറിപ്പറ്റിയാല്‍ പിന്നെ അടുത്ത മഴ വരുന്നത് വരെ വേറെ ഇടം തേടേണ്ട. പലപ്പോഴും ചില ഇലകളുടെ അടുത്ത് വരെ എത്തിയിട്ടും ഒട്ടി നില്ക്കാൻ ഇടമില്ലാതെ തിരിച്ചു പോന്നിട്ടുണ്ട്.", ചെമന്ന പൊടി ഓർത്തെടുത്തു.

"നെറം വേറെയാണെങ്കിലും നമ്മളൊക്കെ ചാർച്ചക്കാരാണല്ലോ", സിമന്റ് പൊടി അല്പം ചേര്‍ന്നു നിന്നു.. എന്നിട്ട് ആകാംക്ഷയോടെ ചോദിച്ചു - "ഇത്രേം ദൂരത്ത്‌ നിന്ന് ഇവിടെ എങ്ങനെ എത്തിപ്പെട്ടു ?"

"ഒരു സന്ധ്യയ്ക്ക് അപ്രതീക്ഷിതമായി ആ വഴി വന്ന ഒരാളുടെ ചെരുപ്പില്‍ പറ്റിപ്പിടിച്ചുപോയി. എന്തോ വാഹനമാണെന്നാണ്‌ ആദ്യം കരുതിയത്, ചെരുപ്പാണെന്ന് പിന്നീടാണ്‌ മനസ്സിലായത്. കൂടെയുണ്ടായിരുന്നവരെല്ലാം സഹതപിച്ചു -  ഏറിയാല്‍ അഞ്ചോ പത്തോ മണിക്കൂർ അതു കഴിഞ്ഞാല്‍ വെള്ളത്തില്‍ കലരേണ്ടി വരും.
"വെള്ളം തട്ടുമ്പോള്‍ പേടിക്കാനൊന്നുമില്ല", എന്ന് അനുഭവസ്ഥരും, "ഒരുറക്കം പോലെയാ തോന്നുക" എന്ന് കേട്ടറിവു മാത്രം ഉണ്ടായിരുന്നവരും പോകുന്ന വഴിക്ക് ആശ്വസിപ്പിച്ചു.

ആകെ ആശയക്കുഴപ്പത്തിലായിരുന്നു പിന്നീടുള്ള മണിക്കൂറുകൾ. പക്ഷെ ദിവസം, ഒന്നും രണ്ടും മൂന്നും എന്നല്ല.. ആഴ്ചകള്‍ തന്നെ കഴിഞ്ഞു! വെള്ളം കാണുന്നില്ല! ചെരുപ്പ് വെള്ളം തൊടുവിക്കാത്ത ഒരുത്തനായിരുന്നെന്ന് കുറേ കഴിഞ്ഞപ്പോഴാണ്‌ മനസ്സിലായത്.. അങ്ങനെ ദാ ഇവിടം വരെ ആ ചെരുപ്പിന്റെ കൂടെ എത്തി..", ചെമന്ന പൊടി ദീര്‍ഘനിശ്വാസത്തോടെ മുഴുമിപ്പിച്ചു.
പിന്നീട് എന്തോ വിട്ടു പൊയിട്ടെന്ന പോലെ കൂട്ടിച്ചേർത്തു - "ചില മനുഷ്യന്മാരുണ്ട് ഞങ്ങളെ കാണുന്നത് തന്നെ ചരുര്‍ത്ഥിയാണ്‌.......... , അവർ മൂക്കും വായും പൊത്തി കാവി നിറമായ  മരങ്ങളെ അവജ്ഞയോടെ നോക്കുന്നത് കാണാം... അവരുടെ ഭാവം കണ്ടാൽ തോന്നും ആ സിഗരറ്റ് മണക്കുന്ന ശ്വാസകോശങ്ങളിൽ കേറാൻ ഞങ്ങൾ തക്കം പാർത്തിരിക്കുകയാണെന്ന്.!

സിമന്റ് പൊടിയും ചെമന്ന പൊടിയും എന്തോ കേട്ടിട്ടെന്ന പോലെ കാതോര്‍ത്തു. ഒരു വലിയ കാറ്റടിക്കുന്ന ശബ്ദം.. അത്  കൂടുതല്‍ ശക്തമായിക്കൊണ്ടിരുന്നു. ചെമന്നപൊടി സിമന്റുപൊടിയെ മുറുക്കെപ്പിടിച്ചു. ശക്തിയായി കാറ്റ് വീശിയടിച്ചപ്പോള്‍ രണ്ടുപേരും ഉയര്‍ന്നുപൊങ്ങി. ഒരു നൂറായിരം സിമന്റ്പൊടികള്‍ വേറെയും. ആ പ്രദേശമാകെ വെളുത്ത പൊടിപടലം കൊണ്ട് മൂടി..

അല്പ നേരം കൂടി കഴിഞ്ഞപ്പോള്‍ രണ്ടു പേരും ഒരു ചില്ലില്‍ ഇരിയ്ക്കുകയായിരുന്നു.. ചെമന്നപൊടി സിമന്റുപൊടിയെ വിടാതെ പിടിച്ചിട്ടുണ്ട്. ചില്ല് മുഴുവനും ഇത്തിരിപ്പോന്ന സിമന്റ്പൊടികള്‍ പറ്റിച്ചേര്‍ന്ന് ഏതാണ്ട് വെളുത്ത നിറമായിരിയ്ക്കുന്നു. എതിര്‍ദിശയില്‍ ശക്തമായി കാറ്റടിയ്ക്കുന്നുണ്ട്. ചെമന്നപൊടി സിമന്റ്പൊടിയോട് ആശങ്കയോടെ ചോദിച്ചു - "ശരിക്കും ഇതേതാ സ്ഥലം?"
"ഇത് ..", സിമന്റ് പൊടി പറഞ്ഞു തുടങ്ങുമ്പോഴേക്കും ചെമന്നപൊടി എന്തോ മനസ്സിലാക്കിയിട്ടെന്നോണം പറഞ്ഞു - "ദേ കണ്ടോ.. ഞാന്‍ നേരത്തെ പറഞ്ഞില്ലേ ഇലകളിലെ കാവി നിറം കാണുമ്പോഴുള്ള ചില മനുഷ്യന്മാരുടെ അവജ്ഞയെപ്പറ്റി.. ഏതാണ്ട് ഇതിനകത്തിരിക്കുന്നവന്റെ അതേ ഭാവമാണത്.. സിമന്റ് പൊടി ആ ഭാവത്തെ കൌതുകത്തോടെ  നോക്കി നിന്നു..."

ചില്ലിനപ്പുറം കണ്ട ആളുടെ കൈകൾ, അവജ്ഞയോടെ, വെള്ളത്തോടൊപ്പം വൈപ്പർബ്ലെയ്ടിനെ ഇരു വശങ്ങളിലേക്കും വേഗത്തിൽ  പായിച്ചു.. നൂറു കോടി സിമന്റ് പൊടികൾ ഉറക്കത്തിലേക്ക് വീണു, ഒപ്പം ഒരു ചെമന്ന പൊടിയും..